'എസ്.എസ്.എൽ.സിക്ക് 600 ൽ 490 മാർക്ക് വാങ്ങി ജയിച്ചപ്പോഴും, പ്രീ-ഡിഗ്രിക്ക് ഫസ്റ്റ് ക്ലാസ് വാങ്ങിയപ്പോഴും മൂന്നാം റാങ്ക് വാങ്ങി ജോലിക്ക് ചേർന്നപ്പോഴും അച്ഛന്‍റെ കെയർഓഫിൽ കിട്ടിയ നേട്ടങ്ങളാണെന്ന് പറഞ്ഞവരുണ്ട്'

തിരുവനന്തപുരം: രാഷ്ട്രീയ നേതാവിന്‍റെ മകനായി ജനിച്ചതുകൊണ്ടുള്ള നേട്ടങ്ങളെക്കാൾ കൂടുതൽ കോട്ടങ്ങളാണ് തനിക്കുണ്ടായിട്ടുള്ളതെന്ന് ഗവ. സെക്രട്ടറിയും കെ.എസ്.ഇ.ബി സി.എം.ഡിയുമായ ബിജു പ്രഭാകർ. 35 വർഷത്തെ സേവനത്തിനുശേഷം ഇന്ന് വിരമിക്കാനിരിക്കെ, ഫേസ്ബുക്ക് കുറിപ്പിലാണ് തുറന്നുപറച്ചിൽ. മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന തച്ചടി പ്രഭാകരന്‍റെ മകനാണ് ബിജു.

എസ്.എസ്.എൽ.സിക്ക് 600 ൽ 490 മാർക്ക് വാങ്ങി ജയിച്ചപ്പോഴും, പ്രീ-ഡിഗ്രിക്ക് ഫസ്റ്റ് ക്ലാസ് വാങ്ങി, പിന്നീട് എൻട്രൻസ് പരീക്ഷ എഴുതി എൻജിനീയറിങ്​ കോളജിൽ ചേർന്നപ്പോഴും പഠനം കഴിഞ്ഞ്​ കേന്ദ്ര പൊതുമേഖല സ്ഥാപനത്തിൽ മൂന്നാം റാങ്ക് വാങ്ങി ജോലിക്ക്​ ചേർന്നപ്പോഴുമെല്ലാം എഴുതിയ പരീക്ഷകളിലെ നേട്ടങ്ങൾ പരിഗണിക്കാതെ, അച്ഛന്‍റെ കെയർഓഫിൽ കിട്ടിയ നേട്ടങ്ങളാണ് അതൊക്കെയെന്ന് പറഞ്ഞവർ കുറേയുണ്ടെന്ന് ബിജു പ്രഭാകർ പറയുന്നു.

എൻജിനീയറിങ്​ പരീക്ഷ ഫലം വരുന്നതിനുമുമ്പുതന്നെ നല്ല മാർക്ക് കിട്ടുമെന്ന് പ്രതീക്ഷയുള്ളതിനാലും ആരുടെയും ശിപാർശയില്ലാതെ ജോലിക്കു കയറണമെന്ന ആഗ്രഹമുള്ളതിനാലും കേരളത്തിലെ ചില സ്വകാര്യ കെമിക്കൽ കമ്പനികളിൽ ജോലിക്ക് അപേക്ഷിച്ചിരുന്നു. ഒരു കമ്പനിയിൽ നിന്ന് മാത്രമേ ഇന്റർവ്യൂ കാൾ വന്നുള്ളൂ. ഇന്റർവ്യൂവിന് പോയപ്പോഴാണ് മറ്റാരും ജോലിക്ക് വിളിക്കാതിരുന്നതിന്‍റെ കാരണം മനസ്സിലായത്. ഇന്റർവ്യൂ ചെയ്ത ആൾ ചോദിച്ചത് “ഇത്ര ഉന്നത നേതാവിന്‍റെ മകന് എന്തിനാണ് ജോലി” എന്നാണ്. പിന്നീട്, അന്വേഷിച്ചപ്പോൾ അറിഞ്ഞത് രാഷ്ട്രീയ നേതാവിന്‍റെ മകനെ ജോലിക്കെടുത്താൽ തലവേദനയാകുമെന്ന് അവർക്ക് തോന്നിയതുകൊണ്ടാണ് എടുക്കാതിരുന്നതെന്നാണ്- കുറിപ്പിൽ പറയുന്നു.

ജോലിത്തിരക്ക്​ കാരണം മുടങ്ങിപ്പോയ പിഎച്ച്.ഡി തീർക്കാൻ പറ്റുമോയെന്ന് ഇനി നോക്കണമെന്നും ബിജു തുടരുന്നു. 2004 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനായ ബിജു പ്രഭാകർ ഗതാഗതം, വ്യോമയാനം, റെയിൽവേ, മെട്രോ എന്നീ വകുപ്പുകളുടെ സെക്രട്ടറി​യെന്ന അധികച്ചുമതലയും വഹിച്ചിരുന്നു. വിവിധ വകുപ്പുകളുടെ സെക്രട്ടറി, കെ.എസ്.ആർ.ടി.സി സി.എം.ഡി, കലക്ടർ തുടങ്ങിയ ചുമതലകളും സർവിസ് കാലയളവിൽ നിർവഹിച്ചിട്ടുണ്ട്.

Tags:    
News Summary - Being the son of a political leader has more disadvantages than advantages - Biju Prabhakar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.