തിരുവനന്തപുരം: പതിനായിരക്കണക്കിന് കർഷകരെ കടക്കെണിയിലാക്കി സംസ്ഥാനത്തെ നെല്ല് സംഭരണം വീണ്ടും പ്രതിസന്ധിയിൽ. 73,062 കര്‍ഷകരാണ് കടക്കെണിയിലായത്. നെല്ല് സംഭരിച്ച ഇനത്തിൽ 785 കോടി രൂപയാണ് സപ്ലൈകോ കർഷകർക്ക് നൽകാനുള്ളത്. സപ്ലൈകോ പണം നല്‍കാത്തതിനാൽ കര്‍ഷകര്‍ക്ക് ബാങ്കുകള്‍ പാഡി രസീത് ഷീറ്റ് (പി.ആര്‍.എസ്) വായ്പ നിഷേധിച്ചതാണ് പ്രതിസന്ധിയായത്.
നെല്ല് സംഭരിച്ച സപ്ലൈകോ കർഷകർക്ക് നൽകുന്നത് പി.ആർ.എസ് ആണ്. പാഡി രസീത് ഷീറ്റുമായി ബാങ്കുകളിലെത്തുന്ന കര്‍ഷകന് ബാങ്കുകള്‍ വായ്പ അനുവദിക്കും. ഈ സീസണില്‍ എസ്.ബി.ഐ, കനറ ബാങ്കുകളുടെ കൺസോർഷ്യവുമായാണ് സപ്ലൈകോ കരാര്‍ ഒപ്പുവെച്ചത് . പരമാവധി 450 കോടി രൂപ പി.ആർ.എസ് വായ്‌പയായി നൽകാനായിരുന്നു കരാർ. ഈ പരിധി കഴിഞ്ഞാൽ വായ്‌പ നൽകുന്നത് നിർത്തും.
കരാർ പ്രകാരമുള്ള വായ്പപരിധി കഴിഞ്ഞിട്ടും സപ്ലൈകോ പണം തിരിച്ചടക്കാതായതോടെ മാർച്ച് 18 മുതല്‍ കര്‍ഷകര്‍ക്ക് വായ്‌പ നൽകുന്നത് ബാങ്കുകള്‍ നിർത്തി. ഇതോടെ നെല്ല് കൈമാറി ആഴ്ചകൾ പിന്നിട്ടിട്ടും കർഷകർക്ക് പണം ലഭിക്കാത്ത സാഹചര്യമായി.
ഇതോടെ ബാങ്കുകളില്‍നിന്നും സ്വകാര്യ വ്യക്തികളില്‍നിന്നും ഉൾപ്പെടെ കടം വാങ്ങി വാങ്ങി കൃഷിയിറക്കിയ ആയിരക്കണക്കിന് കര്‍ഷക കുടുംബങ്ങളാണ് പ്രതിസന്ധിയിലായത്.
പാലക്കാട് ജില്ലയില്‍ മാത്രം 443 കോടി രൂപ വിതരണം ചെയ്യാനുണ്ട്. ആലപ്പുഴയിൽ 13,731 കർഷകർക്ക് 173.36 കോടി നൽകാനുണ്ട്. തൃശൂര്‍, കോട്ടയം, മലപ്പുറം ജില്ലകളിലെ കർഷകരും പണം ലഭിക്കാതെ പ്രയാസത്തിലാണ്. പാലക്കാട് ജില്ലയിൽ ഒട്ടേറെ കർഷകർക്ക് സംഭരണ സ്ലിപ്പുകൾ പോലും ലഭിച്ചിട്ടില്ല. ഇതുസംബന്ധിച്ച് മുഖ്യമന്ത്രിക്കും സപ്ലൈകോ ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർക്കും കര്‍ഷകര്‍ പരാതി നല്‍കിയെങ്കിലും ഫണ്ട് ക്ഷാമമുണ്ടെന്നും തുക വകയിരുത്തുന്നമുറക്ക് നൽകാമെന്നുമുള്ള മറുപടിയാണ് ലഭിക്കുന്നത്. പുതിയ സർക്കാർ വന്നശേഷം ഇതുസംബന്ധിച്ച തീരുമാനമെടുക്കുംവരെ കടക്കെണിയിലായ കർഷകർ കാത്തിരിക്കണമെന്ന് ചുരുക്കം.
ഇതിനിടെ കേന്ദ്രസർക്കാർ നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് 200 കോടി നൽകിയിട്ടുണ്ടെന്നും ഇത് വൈകാതെ നൽകാനാകുമെന്നും സപ്ലൈകോ അധികൃതർ പറയുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.