മെസ്സിയുടെ വരവിൽ തട്ടിപ്പ്: ഉചിത അന്വേഷണം ഉടൻ; മുൻ സർക്കാറിന് ഒഴിഞ്ഞുമാറാനാകില്ലെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം: ഇതിഹാസ ഫുട്ബാൾ താരം ലയണൽ മെസ്സി ഉൾപ്പെടെ അർജന്‍റീന ടീമിനെ കേരളത്തിൽ കൊണ്ടുവരാനെന്ന പേരിൽ നടത്തിയ തട്ടിപ്പിൽ കടുത്ത നടപടികളുമായി മുന്നോട്ടുപോകാൻ സംസ്ഥാന സർക്കാർ. പൊതു ഖജനാവിനോ പൊതുജനത്തിനോ നഷ്ടമുണ്ടായിട്ടില്ലെന്ന പ്രതിപക്ഷ നേതാവിന്റെയും സ്പോൺസർമാരുടെയും നിലപാട് മുഖവിലക്കെടുക്കാതെ, ജി.എസ്.ടി വെട്ടിപ്പ് അടക്കം കണ്ടെത്തിയിട്ടുണ്ടെന്നും കായിക വകുപ്പിന്റെ റിപ്പോർട്ട് ഗൗരവതരമാണെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ തന്നെ പ്രഖ്യാപിച്ചതോടെ, ‘മെസ്സി വരവ്’ വെറും വിവാദത്തിനപ്പുറം പോകുമെന്നുറപ്പായിരിക്കുകയാണ്. ആവശ്യം വന്നാൽ കേന്ദ്ര ഏജൻസികളുടെ സഹകരണംവരെ തേടുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയും ഏറെ ഗൗരവമുള്ളതാണ്.

ഉത്തരവാദിത്തത്തിൽനിന്ന് മുൻ സർക്കാറിന് ഒഴിഞ്ഞുമാറാനാകില്ലെന്നും ഉചിതമായ അന്വേഷണം ഉടൻ ഉണ്ടാകുമെന്നുമാണ് വ്യാഴാഴ്ച മുഖ്യമന്ത്രി മാധ്യമങ്ങളോട് വിശദീകരിച്ചത്. ഏതുതരം അന്വേഷണം വേണമെന്നതിൽ അടുത്ത ദിവസം തീരുമാനത്തിലെത്തും. സർക്കാറിനുണ്ടായ നഷ്ടം തിരിച്ചുപിടിക്കാൻ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അർജന്‍റീന ഫുട്ബാൾ അസോസിയേഷനുമായി കരാറുണ്ടാക്കാൻ സ്വകാര്യ കമ്പനിക്ക് സർക്കാർ അനുമതി നൽകിയതിന്‍റെ നടപടിക്രമം എന്തായിരുന്നുവെന്നും താൽപര്യപത്രം ക്ഷണിച്ചാണോ അനുമതി നൽകിയതെന്നതുൾപ്പെടെയുള്ള കാര്യങ്ങളും അന്വേഷണപരിധിയിൽ വരുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.

കേന്ദ്ര ഏജൻസികൾക്ക് റഫർ ചെയ്യേണ്ടിവന്നേക്കാം

മെസ്സിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ സർക്കാറിന്റെ കാലത്ത് നടന്ന ഇടപാടുകളിൽ ജി.എസ്.ടി വെട്ടിപ്പ് നടന്നുവെന്നും എഫ്.സി.ആർ.എ നിയമത്തിന്‍റെ ലംഘനം ഉൾപ്പെടെ കാണുന്ന ഘട്ടത്തിൽ അത്തരം നടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വി.ഡി സതീശൻ. സർക്കാർ ശേഖരിച്ച വിവരങ്ങൾ പ്രകാരം ഗുരുതര ക്രമക്കേട് നടന്നിട്ടുണ്ട്.

വെട്ടിപ്പ് കണ്ടുപിടിച്ച് കഴിഞ്ഞ സർക്കാറിന്റെ കാലത്ത് തന്നെ നോട്ടീസ് നൽകിയെങ്കിലും പിന്നീട് ഏഴ് മാസത്തോളം നടപടികൾ മരവിപ്പിക്കപ്പെട്ട സാഹചര്യമായിരുന്നു. ഇതുൾപ്പെടെയുള്ള കാര്യങ്ങൾ പരിശോധിച്ച് സർക്കാറിന് നഷ്ടപ്പെട്ട തുക ഈടാക്കാൻ നടപടി സ്വീകരിക്കും. കള്ളപ്പണം വെളുപ്പിക്കൽ ഉൾപ്പെടെ ആരോപണങ്ങൾ പരിശോധിച്ച് ഉചിത നടപടി സ്വീകരിക്കും-മുഖ്യമന്ത്രി പറഞ്ഞു.

സ്പോൺസർ എത്ര ഫണ്ട് നൽകി, ഫണ്ടിന്‍റെ ഉറവിടം എന്താണ് തുടങ്ങിയ കാര്യങ്ങൾ അറിയേണ്ടതുണ്ട്. പ്രാഥമികമായി സംസ്ഥാന ഏജൻസികൾ അന്വേഷിച്ച് കേന്ദ്ര ഏജൻസികൾ അന്വേഷിക്കേണ്ട ഘട്ടത്തിൽ അവർക്ക് റഫർ ചെയ്യേണ്ടിവരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Tags:    
News Summary - Messi's fraud: Proper investigation is needed immediately -VD Satheesan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.