തിരുവനന്തപുരം: ഫുട്ബാൾ ഇതിഹാസം ലയണൽ മെസ്സിയെയും അർജന്റീന ടീമിനെയും കൊണ്ടുവരുന്നതിന്റെ പേരിൽ സംസ്ഥാനത്ത് നടന്ന ‘കള്ളക്കളി’യിൽ സ്പോൺസർക്ക് വേണ്ടി കഴിഞ്ഞ സർക്കാർ പല തരത്തിലുള്ള ‘രക്ഷാപ്രവർത്തനങ്ങൾ’ നടത്തിയതായുള്ള വിവരങ്ങളും പുറത്ത്. സ്പോൺസറായ ആർ.ബി.സിയിൽനിന്ന് അർജന്റീന ഫുട്ബാൾ അസോസിയേഷൻ (എ.എഫ്.എ) ഈടാക്കിയ നഷ്ടപരിഹാരം ഒഴിവാക്കാൻ എൽ.ഡി.എഫ് സർക്കാർ നയതന്ത്ര ഇടപെടൽ തേടിയതുമായി ബന്ധപ്പെട്ട സുപ്രധാന തെളിവും പുറത്തുവന്നിട്ടുണ്ട്.
അർജന്റീന ടീം കേരളത്തിൽ എത്താത്തത് മൂലം സർക്കാറിന് സാമ്പത്തിക നഷ്ടമുണ്ടായില്ലെന്ന് മുൻ കായികമന്ത്രി വി. അബ്ദുറഹിമാൻ ഉൾപ്പെടെ അവകാശപ്പെടുമ്പോൾ അർജന്റീനയിലെ ഇന്ത്യൻ അംബാസഡർക്ക് സംസ്ഥാന സർക്കാറിന് വേണ്ടി അന്നത്തെ കായിക സെക്രട്ടറി അയച്ച കത്തിൽ പിന്മാറ്റം സർക്കാറിന് സാമ്പത്തിക ബുദ്ധിമുട്ടുണ്ടാക്കുമെന്ന് സമ്മതിക്കുന്നു. സൗഹൃദ മത്സരത്തിൽനിന്നുള്ള അർജന്റീന ടീമിന്റെ പിന്മാറ്റം സർക്കാറിനും സാമ്പത്തികപ്രയാസം ഉണ്ടാക്കുമെന്നാണ് കായിക വകുപ്പ് സെക്രട്ടറി ഈ കത്തിൽ പറയുന്നത്.
അർജന്റീനയിലെ ഇന്ത്യൻ അംബാസഡറുടെ നയപരമായ ഇടപെടലാണ് കായിക സെക്രട്ടറിയുടെ കത്തിൽ ആവശ്യപ്പെട്ടിട്ടുള്ളത്. അതായത് സ്പോൺസർ ഫീസ് അടക്കാൻ വൈകിയതിനു എ.എഫ്.എ ഈടാക്കിയ നഷ്ടപരിഹാരം ഒഴിവാക്കണമെന്നും വിഷയത്തിൽ അംബാസഡർ അടിയന്തരമായി ഇടപെടണമെന്നുമാണ് കത്തിൽ ആവശ്യപ്പെടുന്നത്. സംസ്ഥാനത്തിന്റെ സാമ്പത്തിക താൽപര്യങ്ങൾ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് 2025 ജൂലൈ ഏഴിനാണ് കത്തയച്ചത്.
എ.എഫ്.എക്ക് മാത്രമല്ല, തങ്ങൾക്കും നഷ്ടമുണ്ടെന്ന് സെക്രട്ടറിയുടെ കത്തിൽ ചൂണ്ടിക്കാട്ടുന്നു. അർജന്റീനയുടെ പിന്മാറ്റം സർക്കാറിനും സാമ്പത്തിക പ്രയാസം ഉണ്ടാക്കും. സർക്കാറിന്റെ സൽപ്പേരിനെ ബാധിക്കുമെന്നും ഫണ്ട് ശേഖരണം പ്രതിസന്ധിയാകുമെന്നും കത്തിൽ പറയുന്നു.
അർജന്റീന ടീമിന്റെ വരവ് സർക്കാർ ഉൾപ്പെട്ട ത്രികക്ഷി ഏർപ്പാടാണെന്നും കത്തിൽ വ്യക്തമാക്കുന്നു.
സ്പോൺസറെ സംരക്ഷിക്കാൻ കഴിഞ്ഞ സർക്കാറിന്റെ കാലത്ത് നികുതി വകുപ്പും വഴിവിട്ട നീക്കം നടത്തിയതായ വിവരങ്ങളും പുറത്തുവന്നു. സ്പോൺസറായ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി 126 കോടി രൂപ കൈമാറിയതിന്റെ സേവന നികുതി 22.68 കോടി രൂപ അടച്ചില്ലെന്നു നികുതി വകുപ്പ് കണ്ടെത്തിയത് 2025 ജൂണിലാണ്.
ആഗസ്റ്റ് മുതൽ അയച്ച അഞ്ച് സമൻസുകളും സ്പോൺസർ അവഗണിച്ചെങ്കിലും നടപടിയുണ്ടായില്ല. ആവശ്യപ്പെട്ടപ്പോഴെല്ലാം സമയം നീട്ടിനൽകി. സർക്കാർ കർശനമായി ഇടപെട്ടതിനെത്തുടർന്ന് കഴിഞ്ഞ ജൂലൈ 30ന് നൽകിയ സമൻസിലാണ് ആഗസ്റ്റ് മൂന്നിന് ഹാജരായതെന്നാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.