എം.വി. ഗോവിന്ദൻ
തിരുവനന്തപുരം: വന്ദേമാതരം മുഴുവൻ പാടേണ്ടതില്ലെന്ന് പറയാൻ മുഖ്യമന്ത്രി വി.ഡി. സതീശനു കഴിയുന്നില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. മുഖ്യമന്ത്രി ആർ.എസ്.എസ് നയങ്ങൾക്ക് പൂർണമായി കീഴടങ്ങി. സംഘ്പരിവാറുകാരുടെ നിലപാട് അതേപടി നടപ്പാക്കുന്ന സമീപനമാണ് മുഖ്യമന്ത്രി സ്വീകരിക്കുന്നത്.
വന്ദേമാതരത്തിന്‍റെ ആദ്യ ഈരടികൾ മാത്രം പാടിയാൽ മതിയെന്നാണ് ദേശീയ പ്രസ്ഥാന കാലം മുതൽ കോൺഗ്രസ് നിലപാട്. അതുപോലും പറയാൻ വി.ഡി. സതീശനും സർക്കാറും തയാറാവുന്നില്ലെന്നും എം.വി. ഗോവിന്ദൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു. വന്ദേമാതരം മുഴുവൻ പാടിയില്ലെങ്കിൽ മൂന്നുവർഷം വരെ ശിക്ഷ ലഭിക്കുമെന്നാണ് മുഖ്യമന്ത്രി വാർത്തസമ്മേളനത്തിൽ പറഞ്ഞത്. അത് തെറ്റാണ്. വന്ദേമാതരം ചൊല്ലുമ്പോൾ തടസ്സപ്പെടുത്തുകയോ മറ്റു പ്രശ്നങ്ങൾ സൃഷ്ടിക്കുകയോ ചെയ്യരുതെന്നാണ് നിയമം പറയുന്നത്. ആർ.എസ്.എസിനെപ്പോലെ നിയമത്തെ തെറ്റായി വ്യാഖ്യാനിച്ച് ഭീഷണിപ്പെടുത്തുകയാണ് മുഖ്യമന്ത്രി.
കേന്ദ്രത്തിൽ നിന്നുവന്ന ഉത്തരവ് തിരുത്തുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് സസ്പെൻസിട്ടിരിക്കുകയാണ്. ചീഫ് സെക്രട്ടറി ഉത്തരവ് താഴെത്തട്ടിലേക്കു കൈമാറി എന്നു പറഞ്ഞൊഴിയുന്നത് തെറ്റായ കീഴ്വഴക്കമാണ്. കേന്ദ്ര സർക്കാറിൽനിന്ന് എഫ്.സി.ആർ.എ, ഏക സിവിൽ കോഡ്, ദേശീയ പൗരത്വ രജിസ്റ്റർ തുടങ്ങിയ വിഷയങ്ങളിൽ നിർദേശങ്ങൾ വരുമ്പോഴും മുഖ്യമന്ത്രി ഈ നിലപാട് സ്വീകരിക്കുമോ എന്നും എം.വി. ഗോവിന്ദൻ ചോദിച്ചു.
തിരുവനന്തപുരം: പി.എം.എ.വൈ അർബൻ കരാർ കേന്ദ്രനിർദേശം അതേപടി പാലിച്ച് ഒപ്പിടാനുള്ള തീരുമാനവും ആർ.എസ്.എസിനുമുന്നിൽ സാഷ്ടാംഗം വീണതിന്‍റെ തെളിവാണെന്ന് എം.വി ഗാവിന്ദൻ പറഞ്ഞു. വീടുകൾക്ക് ചാപ്പ കുത്തുന്നതിനെ എൽ.ഡി.എഫ് അംഗീകരിക്കുന്നില്ല.
എൽ.ഡി.എഫ് പദ്ധതിയിൽനിന്ന് വിട്ടുനിന്നിരുന്നു. വീട് ഓരോരുത്തരുടെയും അഭിമാനമാണ്. അതിനെ കേന്ദ്ര സർക്കാറിന്‍റെയും പ്രധാനമന്ത്രിയുടെയും ഔദാര്യമായി അടയാളപ്പെടുത്താനാണ് മുഖ്യമന്ത്രി അംഗീകാരം നൽകിയതെന്ന് എം.വി. ഗോവിന്ദൻ പറഞ്ഞു.
തിരുവനന്തപുരം: കാസർകോട്ട് എം.ഡി.എം.എ കേസിൽ അറസ്റ്റിലായ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ മുഹമ്മദ് ഹുസൈനുമായി അടുപ്പമില്ലെന്ന മുഖ്യമന്ത്രിയുടെ വാദം കളവാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു. പെരുമ്പാവൂരിൽ നവകേരള സദസ്സിൽ പൊലീസ് മർദനമേറ്റ ശേഷമാണ് താൻ ആദ്യമായി വിളിച്ചതെന്നും മൂന്നോ നാലോ തവണ മാത്രമേ കണ്ടിട്ടുള്ളൂ എന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്.
മുമ്പും ശേഷവും മുഖ്യമന്ത്രിക്കൊപ്പം വീട്ടിലും ഓഫിസിലും പിറന്നാൾ ദിനത്തിലും അടക്കം എടുത്ത 18ലധികം ചിത്രങ്ങൾ മുഹമ്മദ് ഹുസൈന്‍റെ ഫേസ്ബുക്ക് അക്കൗണ്ടിലുണ്ടെന്നു ചൂണ്ടിക്കാട്ടിയ എം.വി. ഗോവിന്ദൻ മാധ്യമപ്രവർത്തകർക്കു മുന്നിൽ പ്രദർശിപ്പിക്കുകയും ചെയ്തു. അഞ്ചുവർഷമായി സോഷ്യൽ മീഡിയ ടീം അംഗമായ ഇയാൾ ഏഴു ജില്ലകളിലെ എം.ഡി.എം.എ മൊത്തക്കച്ചവടക്കാരനാണെന്നും ഗോവിന്ദൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.