കേരള ഹൈകോടതി
കൊച്ചി: സഭാ തർക്കം നിലനിൽക്കുന്ന ആറ് പള്ളികളിൽ മതപരമായ ചടങ്ങുകൾ നടത്താൻ ഓർത്തഡോക്സ് സഭയിലെ വൈദികൾക്ക് പൊലീസ് സംരക്ഷണം നൽകിയ ഹൈകോടതി സിംഗിൾബെഞ്ചിന്‍റെ ഉത്തരവുകൾ ഡിവിഷൻ ബെഞ്ച് റദ്ദാക്കി.
വസ്തുവകകളുടെ ഉടമസ്ഥത കാര്യത്തിൽ സിവിൽ കോടതി തീർപ്പുകളൊന്നും നിലവിലില്ലാത്തത് പരിഗണിച്ചാണ് പൊലീസ് സംരക്ഷണ ഉത്തരവ് റദ്ദാക്കി ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് എ.കെ. പ്രീത എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടത്. പള്ളികളുടെ ഭരണപരമായ കാര്യങ്ങളിൽ കെ.എസ്. വർഗീസ് കേസിലെ സുപ്രീംകോടതി വിധി നിയമപരമായ മാർഗനിർദേശമാണെങ്കിലും വസ്തുവകകളുടെ ഉടമസ്ഥാവകാശം സംബന്ധിച്ച തർക്കങ്ങളിൽ തെളിവുകളുടെ അടിസ്ഥാനത്തിൽ സിവിൽ കോടതി തീർപ്പുണ്ടെങ്കിലേ പൊലീസ് സംരക്ഷണത്തിന് ഉത്തരവിടാനാകൂവെന്ന് ഡിവിഷൻബെഞ്ച് വ്യക്തമാക്കി. പള്ളി സ്വത്തിന്‍റെ അവകാശം സംബന്ധിച്ച് ഓർത്തഡോക്സ്, യാക്കോബായ വിഭാഗങ്ങൾക്ക് സിവിൽ കോടതിയെ സമീപിക്കാമെന്നും വ്യക്തമാക്കി.
കെ.എസ്. വർഗീസ് കേസിലെ സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ, പൊലീസ് സംരക്ഷണം തേടി ഓർത്തഡോക്സ് വിഭാഗം ഹൈകോടതിയെ സമീപിക്കുകയായിരുന്നു. ഇതിലാണ് സംരക്ഷണം നൽകാൻ നിർദേശിച്ച് 2023 ജനുവരി 31ന് സിംഗിൾബെഞ്ച് ഉത്തരവിട്ടത്. തുടർന്ന് എറണാകുളം ഓടക്കാലി, കാക്കൂർ ആട്ടിൻകുന്ന്, പാലക്കാട് ചെറുകുന്നം, എരിക്കിൻചിറ, മംഗലംഡാം, കൊല്ലം മുഖത്തല എന്നീ പള്ളികളുമായി ബന്ധപ്പെട്ട് മറുവിഭാഗം അപ്പീൽ നൽകി. അതേസമയം, സഭ തർക്കത്തിന് പരിഹാരം കാണാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇരുനേതൃത്വങ്ങളുമായി ചർച്ച നടത്തുമെന്ന സർക്കാറിന്‍റെ വിശദീകരണം കോടതി രേഖപ്പെടുത്തി.
സർക്കാറിന്‍റെ ഈ ശ്രമം ഫലപ്രദമാകട്ടെയെന്ന് കോടതി പറഞ്ഞു. നിരന്തര ക്രമസമാധാന പ്രശ്നമുണ്ടാകുന്ന പശ്ചാത്തലത്തിൽ പ്രശ്നപരിഹാരത്തിന് സർക്കാറിന് ഇടപെടാം. ശാശ്വത സമാധാനവും സാമൂഹിക ക്രമവും ഉറപ്പാക്കാൻ അവസാന ആശ്രയമെന്ന നിലയിൽ ഭരണപരമായ നടപടികളും നിയമനിർമാണവും സാധ്യമാണ്. മതപരമായ വിഷയങ്ങളിൽ നിക്ഷ്പക്ഷത പാലിക്കുകയാണ് വേണ്ടതെങ്കിലും പൊതുജനങ്ങളെ ബാധിക്കുന്ന രീതിയിൽ ക്രമസമാധാന പ്രശ്നമായി മാറിയാൽ മധ്യസ്ഥതയിലൂടെ ഇടപെടേണ്ടത് സർക്കാറിന്‍റെ ഉത്തരവാദിത്തമാണെന്നും കോടതി പറഞ്ഞു.
കോട്ടയം: സഭാതർക്കവുമായി ബന്ധപ്പെട്ട ഹൈകോടതി ഡിവിഷൻ ബെഞ്ച് വിധിയിൽ നിയമവിദഗ്ധരുമായി കൂടിയാലോചിച്ച് തുടർ നടപടി കൈക്കൊള്ളുമെന്ന് ഓർത്തഡോക്സ് സഭ. കോടതി മുഖേന നിയമം നടപ്പാകണമെന്ന് മാത്രമാണ് സഭ നിലപാടെന്ന് മാധ്യമവിഭാഗം പ്രസിഡന്റ് ഡോ. യൂഹാനോൻ മാർ ദീയസ്കോറോസ് മെത്രാപ്പോലീത്ത പറഞ്ഞു.
വിഷയം രമ്യമായി പരിഹരിക്കാൻ സർക്കാർ നടത്തുന്ന മധ്യസ്ഥശ്രമങ്ങളെ എക്കാലത്തും സഭ സ്വാഗതം ചെയ്തിട്ടുണ്ട്. പുതിയ സർക്കാറിന്റെ നിലപാടിനോടും അതേ സമീപനം തുടരും. സഭാ കേസിൽ തീർപ്പുകൽപ്പിച്ച 2017 ജൂലൈ മൂന്നിലെ വിധിയുടെ അടിസ്ഥാനത്തിൽ സർക്കാർ നടത്തുന്ന ചർച്ചകളുമായി സഭ സഹകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.