എ.കെ.ജി സെന്‍ററിന് കല്ലെറിയുമെന്ന് ഫേസ്ബുക്ക് പോസ്റ്റിട്ട യുവാവിന് ജാമ്യം

തിരുവനന്തപുരം: എ.കെ.ജി സെന്‍ററിന്​ കല്ലെറിയുമെന്ന് ഫേസ്ബുക്കിൽ പോസ്റ്റിട്ട അന്തിയൂർകോണം സ്വദേശി റിജുവിനെ (32) പൊലീസ് ജാമ്യം നൽകി വിട്ടയച്ചു. സമൂഹമാധ്യമങ്ങളിലൂടെ കലാപത്തിന് ആഹ്വാനം ചെയ്തുവെന്നതടക്കം ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി ശനിയാഴ്ച രാത്രി ഇയാളെ കന്‍റോൺമെന്‍റ്​ പൊലീസ് അറസ്റ്റ് ചെയ്തെങ്കിലും തുടരന്വേഷണത്തിൽ വകുപ്പ് നിലനിൽക്കില്ലെന്ന് കണ്ടതോടെയാണ് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചത്.

രാഹുൽ ഗാന്ധിയുടെ ഓഫിസ് ആക്രമണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ 25നാണ് റിജു ഫേസ്ബുക്കിൽ കുറിപ്പിട്ടത്. ഓഫിസ് ആക്രമിച്ചതിന് തിരിച്ചടിയായി എ.കെ.ജി സെന്‍ററിന്‍റെ ഒരു ജനൽ ഗ്ലാസെങ്കിലും എറിഞ്ഞുപൊട്ടിക്കുമെന്നായിരുന്നു ഭീഷണി. ഇതിനു ശേഷമാണ്​ എ.കെ.ജി സെന്‍ററിന് നേരെ അജ്ഞാതൻ സ്ഫോടകവസ്തുവെറിഞ്ഞത്.

ശനിയാഴ്ച രാവിലെ ഇയാളെ കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്​തെങ്കിലും സ്ഫോടകവസ്തു എറിഞ്ഞ സംഭവത്തിൽ റിജുവിന് പങ്കുള്ളതായി കണ്ടെത്താനായില്ല. തുടർന്നാണ് ഇന്ത്യൻ ശിക്ഷാനിയമത്തിലെ 153എ, കേരള പൊലീസ്‌ നിയമത്തിലെ 120(ഒ) തുടങ്ങിയ വകുപ്പുകൾ ചുമത്തി അറസ്റ്റ് രേഖപ്പെടുത്തിയത്. എന്നാൽ, ഐ.പി.സി 153 എ കേസ്​ നിലനിൽക്കില്ലെന്ന് നിയമോപദേശം ലഭിച്ചതോടെ കേരള പൊലീസ്‌ നിയമത്തിലെ 120(ഒ) മാത്രം ചുമത്തി റിജുവിനെ ഞായറാഴ്ച രാവിലെ വിട്ടയക്കുകയായിരുന്നു

Tags:    
News Summary - Bail for the youth who posted on Facebook that he would throw stones at AKG Centre

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.