കേരളത്തിലെ ഭരണകക്ഷി മുമ്പ് ഒരു കമ്യൂണിസ്റ്റ് പാർട്ടിയായിരുന്നുവെന്നും ആരൊക്കെയോ അതിനെ ആ പേരുള്ള ഹിന്ദുത്വ പാർട്ടിയാക്കി മാറ്റിയെന്ന് തോന്നുന്നുവെന്നും എഴുത്തുകാരനും സാമൂഹിക നിരീക്ഷകനുമായ ഡോ. ആസാദ്. വർഗീയ ധ്രുവീകരണം എന്തെന്ന് മനസ്സിലാക്കാൻ കാസർകോടും മലപ്പുറത്തും ജയിച്ചവരുടെ പേര് നോക്കിയാൽ മതിയെന്ന മന്ത്രി സജി ചെറിയാന്റെ വിദ്വേഷ പരാമർശത്തിനെതിരായ ഫേസ്ബുക് പ്രതികരണത്തിലാണ് ഡോ. ആസാദ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.
ഇമ്പിച്ചിബാവയോ സെയ്താലിക്കുട്ടിയോ പാലോളി മുഹമ്മദ് കുട്ടിയോ ഉമ്മർ മാഷോ പി.കെ. സൈനബയോ മലപ്പുറത്തെ ഇങ്ങനെ കണ്ടതായി കേട്ടിട്ടില്ലെന്ന് ഡോ. ആസാദ് ചൂണ്ടിക്കാട്ടി. അവരുടെ പേരുകൾ എങ്ങനെ വായിക്കണമെന്ന്, അവരിൽ എന്തു കാണണമെന്ന് പഠിപ്പിക്കുകയാണിപ്പോൾ സജി ചെറിയാൻ. ‘പേരു കണ്ടാലറിയാം സജി ചെറിയാന്. വേഷം കണ്ടാലറിയാം സംഘപരിവാറിന്. രണ്ടു കാഴ്ച്ചയും മലപ്പുറത്തും കാസർകോടും ചെന്നു തിരിയും. ഹോ! വർഗീയത. മാരകം, മാരകം’- അദ്ദേഹം നിശിത വിമർശനം ചൊരിഞ്ഞു.
സജി ചെറിയാൻ എവിടെയാണ് ചാരി നിൽക്കുന്നതെന്ന് വ്യക്തമാണെന്നും ഇത് ആർ.എസ്.എസിന്റെയും ജാതിഹിന്ദുത്വത്തിന്റെയും ഭാഷയാണെന്നും ആസാദ് പറഞ്ഞു. വെള്ളാപ്പള്ളിയെ പിന്തുണച്ച് പിണറായി തുറന്ന വഴിയിൽ തോരണം തൂക്കി ആളെ ക്ഷണിക്കുകയാണ് സജി ചെറിയാൻ.
ഇനി ഒരു നിമിഷംപോലും സജി ചെറിയാൻ മന്ത്രിയായി ഇരുന്നുകൂടാത്തതാണെന്നും ഡോ. ആസാദ് പറഞ്ഞു. ആ മന്ത്രിയെ വിലക്കേണ്ടവർ അതിലും വലിയ ഹിന്ദുത്വ വർഗീയ കാർഡ് ഇറക്കുമ്പോൾ ആർ എന്തു ചെയ്യാൻ! മുമ്പ് ഭരണകക്ഷി ഒരു കമ്യൂണിസ്റ്റ് പാർട്ടിയായിരുന്നു. ആരൊക്കെയോ അതിനെ ആ പേരുള്ള ഹിന്ദുത്വ പാർട്ടിയാക്കി മാറ്റിയെന്ന് തോന്നുന്നു. കഷ്ടംതന്നെ’- അദ്ദേഹം കുറിച്ചു
ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം
പേരു കണ്ടാലറിയാം സജി ചെറിയാന്. വേഷം കണ്ടാലറിയാം സംഘപരിവാറിന്. രണ്ടു കാഴ്ച്ചയും മലപ്പുറത്തും കാസർകോടും ചെന്നു തിരിയും. ഹോ! വർഗീയത. മാരകം, മാരകം.
സജി ചെറിയാന്റെ പാർട്ടിയുടെ മുൻ നേതാക്കളൊന്നും ഈ സൂത്രം പഠിച്ചിരുന്നില്ല. അവർ പേരുകളെ മതേതരമാക്കുന്ന ദർശനത്തിന്റെ പ്രകാശമാണ് പ്രസരിപ്പിച്ചത്. അതിനാൽ ഇമ്പിച്ചിബാവയോ സെയ്താലിക്കുട്ടിയോ പാലോളി മുഹമ്മദ് കുട്ടിയോ ഉമ്മർ മാഷോ പി കെ സൈനബയോ മലപ്പുറത്തെ ഇങ്ങനെ കണ്ടതായി കേട്ടിട്ടില്ല. അവരുടെ പേരുകൾ എങ്ങനെ വായിക്കണമെന്ന്, അവരിൽ എന്തു കാണണമെന്ന് പഠിപ്പിക്കുകയാണ് സജി ചെറിയാൻ.
ഇത് ആർ എസ് എസ്സിന്റെ ഭാഷയാവണം. ജാതിഹിന്ദുത്വത്തിന്റെ ഭാഷയാവണം. സജി ചെറിയാൻ എവിടെയാണ് ചാരി നിൽക്കുന്നതെന്ന് വ്യക്തം. വെള്ളാപ്പള്ളിയെ പിന്തുണച്ച് പിണറായി തുറന്ന വഴിയിൽ തോരണം തൂക്കി ആളെ ക്ഷണിക്കുകയാണ് സജി ചെറിയാൻ. വരുവിൻ, വന്നു ചേരുവിൻ, ഹിന്ദുത്വ പാർട്ടിയിൽ അണിനിരക്കുവിൻ!
പേരുകൊണ്ട് മതത്തെ അറിയുന്നവർ മതത്തിന് അർഹതപ്പെട്ട പ്രാതിനിധ്യമാണോ എല്ലായിടത്തും നൽകുന്നത്? പാർട്ടിഘടകങ്ങൾ മുതൽ ജനാധിപത്യ സംവിധാനങ്ങൾ വരെ അങ്ങനെയാണോ അവർ നിശ്ചയിക്കുന്നത്? അവിടെയൊക്കെ പേരു നോക്കി വർഗീയത കാണാമെന്നാണോ സജി ചെറിയോൻ പറയുന്നത്? അതോ സംഘികളും കൃസംഘികളും ഒഴികെ എല്ലാവരും വർഗീയവാദികൾ എന്നാവുമോ വ്യംഗ്യം?
ഇനി ഒരു നിമിഷംപോലും മന്ത്രിയായി ഇരുന്നുകൂടാത്തതാണ്. ആ മന്ത്രിയെ വിലക്കേണ്ടവർ അതിലും വലിയ ഹിന്ദുത്വ വർഗീയ കാർഡ് ഇറക്കുമ്പോൾ ആർ എന്തു ചെയ്യാൻ! മുമ്പ് ഭരണകക്ഷി ഒരു കമ്യൂണിസ്റ്റ് പാർട്ടിയായിരുന്നു. ആരൊക്കെയോ അതിനെ ആ പേരുള്ള ഹിന്ദുത്വ പാർട്ടിയാക്കി മാറ്റിയെന്ന് തോന്നുന്നു. കഷ്ടംതന്നെ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.