അയ്യപ്പ സംഗമം: സർക്കാർ പിന്നോട്ടില്ല; നിലപാട് കടുപ്പിച്ച് പ്രതിപക്ഷവും

തിരുവനന്തപുരം: പമ്പാതീരത്ത് നടത്താൻ നിശ്ചയിച്ച അയ്യപ്പ സംഗമത്തിനെതിരെ വിവിധ കോണുകളിൽനിന്ന് എതിർപ്പുയരുമ്പോഴും സർക്കാർ പിന്നോട്ടില്ല. പരിപാടികളുമായി മുന്നോട്ടുപോകാനുള്ള ഒരുക്കങ്ങളിലാണ് തിരുവിതാംകൂർ ദേവസ്വം ബോർഡും സർക്കാറും.

അയ്യപ്പസംഗമത്തിൽ രാഷ്ട്രീയം കലർത്തേണ്ട കാര്യമില്ലെന്ന നിലപാടിലാണ് സർക്കാർ. ദേവസ്വം ബോർഡാണ് പരിപാടി സംഘടിപ്പിക്കുന്നതെങ്കിലും സംഘാടനത്തിൽ മന്ത്രി വി.എൻ. വാസവൻ മുന്നിൽതന്നെയുണ്ട്. സംഗമവുമായി ബന്ധപ്പെട്ട പ്രധാന യോഗം മന്ത്രിയുടെ സാന്നിധ്യത്തിലാണ് ചേർന്നത്. ചെന്നൈയിലെത്തി തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനെ പരിപാടിയിലേക്ക് ക്ഷണിച്ചതും മന്ത്രി വാസവനായിരുന്നു. എന്നാൽ സ്റ്റാലിൻ എത്താനാവില്ലെന്ന് അറിയിച്ചു.

ശബരിമല യുവതീ പ്രവേശനത്തെ അനുകൂലിച്ച് സുപ്രീംകോടതിയിൽ നൽകിയ സത്യവാങ്മൂലം പിൻവലിക്കാതെ അയ്യപ്പസംഗമം നടത്തുന്നതിനെ ചോദ്യം ചെയ്ത് യു.ഡി.എഫും ബി.ജെ.പിയും നിലകൊള്ളുന്നത് സർക്കാറിനെ സമ്മർദ്ദത്തിലാക്കുന്നു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ വ്യാഴാഴ്ചയും അയ്യപ്പസംഗമ വിഷയത്തിൽ സർക്കാറിനെതിരെ ആഞ്ഞടിച്ചു. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പുള്ള സർക്കാറിന്‍റെ അയ്യപ്പ ഭക്തി അദ്ഭുതപ്പെടുത്തുന്നതാണെന്ന് അഭിപ്രായപ്പെട്ട സതീശൻ നാമജപ ഘോഷയാത്ര നടത്തിയവർക്കെതിരെ കേസെടുത്തതും ചൂണ്ടിക്കാട്ടുന്നു. സുപ്രീം കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ ഉള്‍പ്പെടെ ഉറച്ചു നില്‍ക്കുന്നുണ്ടോ? കേസുകള്‍ പിന്‍വലിക്കാന്‍ തയാറുണ്ടോ? എന്തുകൊണ്ട് ഇത്രയും കാലം ശബരിമലയില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തിയില്ല? എന്നീ ചോദ്യങ്ങളും പ്രതിപക്ഷ നേതാവ് ഉയർത്തി. അയ്യപ്പസംഗമം നടത്താൻ തീരുമാനിച്ചതുമുതൽ ഇതിനെതിരെ പ്രചാരണം നടത്തുന്ന ബി.ജെ.പി, തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് ഹിന്ദുവോട്ട് ലക്ഷ്യമിട്ടുള്ള സർക്കാറിന്‍റെ തന്ത്രങ്ങൾ തുറന്നുകാട്ടുമെന്ന നിലപാടിലാണ്.

അയ്യപ്പസംഗമം രാഷ്ട്രീയ നാടകം - ചെന്നിത്തല

തിരുവനന്തപുരം: അയ്യപ്പസംഗമം തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള രാഷ്ട്രീയ നാടകമാണെന്ന് കോൺഗ്രസ് പ്രവർത്തക സമിതിയംഗം രമേശ് ചെന്നിത്തല. ശബരിമല വിഷയത്തിൽ ആചാരലംഘനം നടത്തിയതിന് മുഖ്യമന്ത്രി വിശ്വാസികളോട് മാപ്പു പറയണം. ഉമ്മൻ ചാണ്ടി സർക്കാർ നൽകിയ സത്യവാങ്മൂലം തിരുത്തിയാണ് പിണറായി സർക്കാർ യുവതി പ്രവേശനത്തിന് വഴിയൊരുക്കിയത്.

ഇതിലൂടെ മുഖ്യമന്ത്രി വിശ്വാസികളുടെ വികാരത്തെ വ്രണപ്പെടുത്തുകയും ശബരിമലയെ കലാപ കലുഷിതമാക്കുകയും ചെയ്തു. ശബരിമലയിൽ സ്ത്രീകളെ നിർബന്ധിച്ച് കയറ്റണമെന്ന് വാശിപിടിച്ചത് മുഖ്യമന്ത്രിയാണ്. യു.ഡി.എഫ് സർക്കാരാണ് ശബരിമലയിൽ ഏറ്റവും കൂടുതൽ വികസന പ്രവർത്തനങ്ങൾ നടത്തിയത്. ഭക്തജനങ്ങളെ കബളിപ്പിക്കാനും വഞ്ചിക്കാനുമുള്ള ഈ ശ്രമം തിരിച്ചറിയപ്പെടുമെന്നും ചെന്നിത്തല പറഞ്ഞു.

Tags:    
News Summary - Ayyappa Sangamam: Government not backing down; Opposition also toughens stance

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.