തിരുവനന്തപുരം: അയ്യപ്പ സംഗമം ബഹിഷ്കരിക്കില്ലെന്നും അതേസമയം സഹകരിക്കില്ലെന്നുമുള്ള തന്ത്രപരമായ നിലപാടിൽ യു.ഡി.എഫ്. സംഗമത്തിൽ പങ്കെടുക്കേണ്ടതില്ലെന്നാണ് കഴിഞ്ഞ ദിവസം രാത്രി ഓൺലൈനായി ചേർന്ന യു.ഡി.എഫ് യോഗത്തിലെ പൊതുവികാരം. അതേസമയം, പരസ്യ ബഹിഷ്കരണ പ്രഖ്യാപനം ദോഷംചെയ്യുമെന്നതിനാലാണ് സഹകരിക്കില്ലെന്ന നിലപാടിലേക്കെത്തിയത്. യു.ഡി.എഫ് പങ്കാളിത്തത്തെക്കുറിച്ച വാർത്തസമ്മേളനത്തിലെ ചോദ്യത്തിന് ‘അവിടെ നടക്കുന്നത് രാഷ്ട്രീയ സമ്മേളനം ഒന്നുമല്ലല്ലോയെന്നും ചോദ്യം തന്നെ പ്രസക്തമല്ലെ’ന്നുമായിരുന്നു പ്രതിപക്ഷ നേതാവിന്‍റെ പ്രതികരണം. സത്യവാങ്മൂലത്തിന്‍റെ കാര്യത്തിൽ ആദ്യം സി.പി.എം നിലപാട് പറയട്ടെ, എന്നിട്ടാകാം ക്ഷണവും പങ്കാളിത്തവും.
യു.ഡി.എഫ് എല്ലാ കാലത്തും അയ്യപ്പ ഭക്തർക്കും അവരുടെ നിലപാടുകൾക്കൊപ്പവും പരസ്യ നിലപാടെടുത്തവരാണ്. എന്നാൽ, അന്ന് ആചാരലംഘനം നടത്തിയത് ശരിയാണെന്ന് വാദിച്ച് നവോത്ഥാന സമിതി ഉണ്ടാക്കിയവരും മതിൽ തീർത്തവരുമാണ് സി.പി.എമ്മുകാർ. ആകാശം ഇടിഞ്ഞുവീണാലും തീരുമാനത്തിൽ ഉറച്ചുനിൽക്കുമെന്ന് പറഞ്ഞവർക്കാണ് ഒമ്പതാം വർഷത്തിൽ പെട്ടെന്ന് അയ്യപ്പഭക്തിയുണ്ടായത്.
എൻ.എസ്.എസും എസ്.എൻ.ഡി.പിയും സംഗമത്തിന് പിന്തുണ പ്രഖ്യാപിച്ചതിനെക്കുറിച്ച് ആരാഞ്ഞപ്പോൾ ഏത് സാമുദായ സംഘടന പങ്കെടുക്കുന്നതിനും യു.ഡി.എഫിന് എതിർപ്പില്ലെന്നായിരുന്നു സതീശന്‍റ മറുപടി. യു.ഡി.എഫ് ഒരുകാലത്തും ഒരു സമുദായ സംഘടനയുടെയും തീരുമാനത്തെ എതിർക്കാനോ ചോദ്യം ചെയ്യാനോ തയാറായിട്ടില്ല. അവരുടെ സ്വാതന്ത്ര്യത്തെ ബഹുമാനിക്കുന്നു. സർക്കാറിന്റെ കാപട്യം തുറന്നുകാട്ടാനുള്ള ഉത്തരവാദിത്വം പ്രതിപക്ഷത്തിനുണ്ട്.
3000 പേർ കൂടിയിട്ടാണോ ശബരിമല മാസ്റ്റർ പ്ലാൻ ചർച്ചചെയ്യുന്നത്. പൊതുജനങ്ങളെ ഇങ്ങനെ കളിയാക്കരുതെന്നും സതീശൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.