കോഴിക്കോട്: വർഗീയ വിഷം ചീറ്റുന്നവരെ ഉൾക്കൊള്ളിച്ച് അയപ്പ സംഗമം സംഘടിപ്പിച്ച സർക്കാറിനെയും സി.പി.എമ്മിനെയും രൂക്ഷമായി വിമർശിച്ച് സമസ്ത മുഖപ്രതം 'സുപ്രഭാതം'. കേരളത്തിന്റെ മതേതര മനസിനെ നിരന്തരം മുറിവേല്‍പ്പിക്കുന്ന ചില സമുദായ നേതാക്കളുടെ തോളില്‍ കൈയിട്ടാണ് ആഗോള അയ്യപ്പസംഗമം എന്ന സര്‍ക്കാര്‍ വിലാസം പരിപാടി നടത്തിയതെന്നും ഇത് അപകട കളിയാണെന്നും സുപ്രഭാതം എഡിറ്റോറിയലിൽ ഓർമിപ്പിക്കുന്നു.
വെള്ളാപ്പള്ളി നടേശനെയും യോഗി ആദിത്യനാഥിനെയും സംഗമത്തിലേക്ക് ക്ഷണിച്ചത് ഏതുതരം ഭൗതികവാദമാണെന്ന് എം.വി ഗോവിന്ദൻ നാട്ടുകാർക്ക് പറഞ്ഞുകൊടുക്കണമെന്നും എത്ര വെള്ളപൂശിയാലും പുള്ളിപ്പുലിയുടെ പുള്ളി ഒരുനാള്‍ തെളിഞ്ഞുവരുമെന്നതാണ് കണ്‍മുന്നിലെ യാഥാര്‍ഥ്യമെന്നും കുറ്റപ്പെടുത്തുന്നു.
'അയ്യപ്പസംഗമത്തിലേക്ക് പിണറായി വിജയനൊപ്പം കാറില്‍ എത്തിയതിനെക്കുറിച്ചുള്ള ചോദ്യത്തിന് വെള്ളാപ്പള്ളിയുടെ നാവില്‍നിന്നു വീണതും വിഷം തീണ്ടിയ വാക്കുകള്‍ തന്നെ. ‘മുഖ്യമന്ത്രിക്കൊപ്പം യാത്ര ചെയ്തതില്‍ ആര്‍ക്കാണ് പ്രശ്‌നം, ഞാനെന്താ തീണ്ടല്‍ ജാതിയില്‍ പെട്ടവനാണോ’ എന്ന പരാമര്‍ശം മതവിരുദ്ധത മാത്രമല്ല, കടുത്ത ജാതിവിരുദ്ധത കൂടിയാണ്. ശ്രീനാരായണഗുരുവിന്റെ പേരിലുള്ള സംഘടനയുടെ തലപ്പത്തിരുന്നാണ് വെള്ളാപ്പള്ളി ഈ ജാതിവിരോധം വിളമ്പുന്നതെന്നോര്‍ക്കണം. അയ്യപ്പസംഗമത്തിന് അനുഗ്രഹാശിസ്സുകളുമായെത്തിയ പ്രധാനികളില്‍ എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരുമുണ്ടായിരുന്നല്ലോ. സമദൂരവും ശരിദൂരവുമൊക്കെ കൈയൊഴിഞ്ഞ് ഇടതുചേരിയിലേക്ക് അകലം കുറയ്ക്കാനുള്ള സുകുമാരന്‍ നായരുടെ താല്‍പര്യങ്ങളെ കുറ്റം പറയുന്നില്ല.
ഏത് കക്ഷിക്ക് കൂറുപ്രഖ്യാപിക്കണമെന്നതും ആര്‍ക്കു വോട്ടു ചെയ്യണമെന്നതുമൊക്കെ അതതു സംഘടനകളുടെയും വ്യക്തികളുടെയും അവകാശമാണ്. എന്നാല്‍ ജാതി സംവരണത്തില്‍ ഉള്‍പ്പെടെ മനുഷ്യവിരുദ്ധ, വരേണ്യനിലപാടുകള്‍ മുറുകെപ്പിടിക്കുന്നവരെ കൂടെക്കൂട്ടണോ എന്ന്, മസ്തകത്തില്‍ മതനിരപേക്ഷത തിടമ്പേറ്റിയ ഇടതുകക്ഷികളെങ്കിലും രണ്ടുവട്ടം ആലോചിക്കേണ്ടതാണ്. വിവിധ ജാതികള്‍ തമ്മിലുള്ള സ്പര്‍ധയ്ക്കും വര്‍ഗീയതയ്ക്കും കാരണമാകും എന്നതിനാല്‍ ജാതി സെന്‍സസ് അനുവദിക്കരുതെന്നാണ് എന്‍.എസ്.എസിന്റെയും സുകുമാരന്‍ നായരുടെയും നിലപാട്. ഈ നിലപാടിനോട് തരിമ്പും യോജിപ്പില്ലെന്നാണ് ഇവിടുത്തെ ഇടതുപക്ഷവും യു.ഡി.എഫും നിരന്തരം പറയുന്നത്. ജാതി സെന്‍സസില്‍ ഉള്‍പ്പെടെ ഇവിടുത്തെ പ്രമുഖ രാഷ്ട്രീയ കക്ഷികള്‍ക്ക് വലിയ താല്‍പര്യമില്ലെന്നതാണ് യാഥാര്‍ഥ്യം. അതുകൊണ്ടുതന്നെയാണ് സെൻസസിനെതിരേ സുകുമാരൻ നായർ രംഗത്തെത്തിയപ്പോൾ ഇരു മുന്നണികളുടെയും നട്ടെല്ല് വളഞ്ഞുപോയത്.'-മുഖപത്രത്തിൽ പറയുന്നു.
മതസൗഹാര്‍ദവും സാഹോദര്യവുമൊന്നും കേരളം കടന്നാല്‍ കണികാണാന്‍ കിട്ടില്ലെന്ന് പറയുന്നവർ തമിഴ്‌നാട്ടിലെയും കര്‍ണാടകയിലെയും മുഖ്യമന്ത്രിമാര്‍ കൈക്കൊള്ളുന്ന നെഞ്ചുറപ്പുള്ള നിലപാടുകൾ കാണമെന്നും എഡിറ്റോറിയലിൽ തുറന്നടിക്കുന്നു
'പിണറായി സര്‍ക്കാര്‍ ആഗോള അയ്യപ്പസംഗമം നടത്തിയതിന്റെ തൊട്ടടുത്ത ദിവസമാണ് കര്‍ണാടകയില്‍ ദസറ ആഘോഷങ്ങള്‍ക്കു തുടക്കമായത്. എഴുത്തുകാരിയും ഇന്റര്‍നാഷണല്‍ ബുക്കര്‍ പ്രൈസ് ജേതാവുമായ ബാനു മുഷ്താഖ് ആയിരുന്നു ദസറ മഹോത്സവത്തിന് തിരിതെളിച്ചത്. ഒരു മുസ്‌ലിം വനിത, ദസറ ഉദ്ഘാടനം ചെയ്യുന്നതിനെതിരേ വന്‍ പ്രതിഷേധമാണ് സംഘ്പരിവാര്‍ സംഘടനകള്‍ കര്‍ണാടകയില്‍ നടത്തിയത്. ബാനു മുഷ്താഖിനെ വിലക്കണമെന്നാവശ്യപ്പെട്ട് സുപ്രിംകോടതിവരെ അവര്‍ പോയെങ്കിലും മുഖ്യമന്ത്രി സിദ്ധരാമയ്യ തരിമ്പും കുലുങ്ങിയില്ല.
ഉദ്ഘാടനവേദിയില്‍ കര്‍ണാടകയിലെ കോണ്‍ഗ്രസ് മുഖ്യമന്ത്രി പറഞ്ഞവാക്കുകള്‍ കേരളം കേള്‍ക്കേണ്ടതാണ്: 'ബാനു മുഷ്താഖ് മുസ്‌ലിം സ്ത്രീയായിരിക്കാം. അതിലുപരി അവരൊരു മനുഷ്യനാണ്. നമ്മളൊക്കെ ഉള്‍ക്കൊള്ളുന്ന മനുഷ്യസമൂഹത്തിന്റെ ഭാഗമാണ്. മനുഷ്യര്‍ മനുഷ്യരെ സ്‌നേഹിക്കുകയാണ് വേണ്ടത്, വെറുക്കുകയല്ല'. തമിഴ്‌നാട്ടില്‍ നബിദിന സംഗമത്തില്‍ പങ്കെടുത്തതിന്റെ പടം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതിനു താഴെ മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ കുറിച്ചത് ഇങ്ങനെ: ന്യൂനപക്ഷ സഹോദരങ്ങള്‍ വേട്ടയാടപ്പെടുമ്പോള്‍ കോട്ടകണക്കെ കൂടെ, ദ്രാവിഡമുന്നേറ്റ കഴകമുണ്ടാകും’.- മുഖപ്രസംഗത്തിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.