തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമവും ശബരിമല സ്വർണക്കൊള്ള അന്വേഷിക്കുന്ന എസ്.ഐ.ടിയുടെ അന്വേഷണ പരിധിയിലേക്കെന്ന് സൂചന. അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വിവരങ്ങള്‍ അതിലേക്കാണ് വിരൽ ചൂണ്ടുന്നത്. സ്വര്‍ണക്കൊള്ള കേസുമായി ബന്ധപ്പെട്ട് എസ്.ഐ.ടി ഹൈകോടതിയിൽ നൽകിയ റിപ്പോര്‍ട്ടിൽ ആഗോള അയ്യപ്പ സംഗമത്തെക്കുറിച്ച് പരാമര്‍ശമുണ്ട്.
സുപ്രധാനമായ ചില കണ്ടെത്തലുകൾ ഈ റിപ്പോർട്ടിലുണ്ടെന്നാണ് സൂചന. സംഗമവുമായി ബന്ധപ്പെട്ട കണക്കിൽ പൊരുത്തക്കേടുണ്ടെന്ന നിലക്കുള്ള റിപ്പോർട്ടാണ് ഹൈകോടതിക്ക് മുന്നിലുള്ളത്. കൊട്ടിഘോഷിച്ച് നടത്തിയ അയ്യപ്പ സംഗമത്തിന്‍റെ ഉത്തരവാദിത്തത്തിൽ നിന്ന് സർക്കാർ പിന്നാക്കം പോകുകയാണെന്നും വ്യക്തം.
സംഗമത്തിന് നാലുകോടി രൂപ സ്പോൺസർഷിപ് ലഭിച്ചത് അറിയാമെന്നും കൃത്യമായ കണക്ക് പറയേണ്ടത് തിരുവിതാംകൂർ ദേവസ്വം ബോർഡാണെന്നും പറഞ്ഞ് ദേവസ്വം മന്ത്രി ഒഴിഞ്ഞുമാറുകയാണ്. പി.എസ് പ്രശാന്ത് ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റായിരുന്നപ്പോൾ നടന്ന സംഗമമായതിനാൽ നിലവിലെ പ്രസിഡന്‍റ് കെ. ജയകുമാറിനും ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിയാനാകും.
ആഗോള അയ്യപ്പ സംഗമം സംഘടിപ്പിച്ചത് സർക്കാറാണോ ദേവസ്വം ബോർഡാണോ എന്ന കാര്യത്തിൽ വ്യക്തതവരുത്താനും കഴിഞ്ഞിട്ടില്ല. സർക്കാർ പരിപാടിയായാണ് ആദ്യം അവതരിപ്പിക്കപ്പെട്ടതെങ്കിലും വിവാദങ്ങളും ആരോപണങ്ങളുമുണ്ടായപ്പോൾ പരിപാടി ദേവസ്വം ബോർഡിന്‍റെ തലയിലേക്ക് മാറുകയായിരുന്നു.
പമ്പയിൽ നടന്ന സംഗമത്തിന്‍റെ സംഘാടനത്തിൽ ഉൾപ്പെടെ പാളിച്ചകൾ ചൂണ്ടിക്കാട്ടപ്പെട്ടിരുന്നു. അയ്യപ്പ സംഗമം തീരുമാനിച്ച വിവരം ദേവസ്വം ബോർഡ് യോഗത്തിന്‍റെ മിനുട്സിൽ രേഖപ്പെടുത്തിയിട്ടില്ലെന്ന് എസ്.ഐ.ടി റിപ്പോര്‍ട്ടിലുണ്ടെന്നാണ് വിവരം. സംഗമത്തിന്‍റെ ഫണ്ട് വിനിയോഗത്തിൽ അവ്യക്തതയുണ്ടെന്നും റിപ്പോർട്ടിലുണ്ട്.
ആ സാഹചര്യത്തിൽ ഇക്കാര്യങ്ങളിൽ വ്യക്തതവരുത്താനുള്ള ഉത്തരവാദിത്തം പ്രത്യേക അന്വേഷണ സംഘത്തിന് വരും. ഈ വിഷയത്തിലും ഹൈകോടതി ഇടപെടലുണ്ടായാൽ സർക്കാറിനും തിരുവിതാംകൂർ ദേവസ്വം ബോർഡിനും കടുത്ത വെല്ലുവിളിയാകും. അയ്യപ്പ സംഗമത്തിന് എത്ര തുക ചെലവായെന്നതിൽ വ്യക്തതയില്ല. ഇത് ഏഴുകോടിയോളം വരുമെന്ന ഏകദേശ കണക്ക് മാത്രമാണ് ബോർഡിന് മുന്നിലുള്ളത്.
എസ്.ഐ.ടി റിപ്പോർട്ടിൽ ആഗോള അയ്യപ്പ സംഗമം പരാമര്‍ശിച്ച പശ്ചാത്തലത്തിൽ ഇക്കാര്യങ്ങൾ ചർച്ചചെയ്യാൻ യോഗം വിളിക്കാനാണ് ദേവസ്വം ബോര്‍ഡിന്‍റെ തീരുമാനം. കൂടുതൽ സ്പോൺസർഷിപ് കിട്ടുമോയെന്ന ശ്രമം നടത്താനും തീരുമാനമുണ്ട്.
എന്നാൽ കഴിഞ്ഞ പരിപാടിക്ക് എങ്ങനെ സ്പോൺസർഷിപ് കിട്ടുമെന്ന ചോദ്യവും ബാക്കി. ദേവസ്വം ബോർഡുമായി ബന്ധപ്പെട്ട സ്പോൺസർഷിപ് വിവാദം കത്തിനിൽക്കുന്ന സാഹചര്യത്തിൽ സ്പോൺസർമാരെ കണ്ടെത്തുന്നതും ബോർഡിന് വെല്ലുവിളിയാകും.
എന്തായാലും ശബരിമലയുമായി ബന്ധപ്പെട്ട കൂടുതൽ ക്രമക്കേടുകളിലേക്ക് എസ്.ഐ.ടി അന്വേഷണം മാറുന്ന നിലയിലാണ് കാര്യങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.