കൊച്ചി: തൃശൂരിലെ രണ്ട് സഹകരണ ബാങ്കുകളുടെ വായ്പ തട്ടിപ്പ് സംബന്ധിച്ച കേസുകളിലെ അന്വേഷണ പുരോഗതി റിപ്പോർട്ട് തേടി ഹൈകോടതി. സഹകരണ ബാങ്കുമായി ചേർന്ന് റിയൽ എസ്റ്റേറ്റ് മാഫിയ നടത്തിയ വായ്പ തട്ടിപ്പിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെടുന്ന ഹരജികളിലാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്‍റെ ഇടക്കാല ഉത്തരവ്. സ്ഥലം വാങ്ങാനെന്ന പേരിലെത്തിയ റിയൽ എസ്റ്റേറ്റ് മാഫിയ സഹകരണ ബാങ്കുകളുമായി ചേർന്ന് തങ്ങളുടെ പേരിൽ വായ്പയെടുത്ത് മുങ്ങിയെന്നും കോടികളുടെ വായ്പ കുടിശ്ശിക ഈടാക്കാൻ ബാങ്ക് നടപടിയെടുക്കുന്നതായും ചൂണ്ടിക്കാട്ടിയാണ് ഹരജികൾ.
തങ്ങളുടെ അറിവില്ലാതെയും വായ്പക്ക് അപേക്ഷിക്കാതെയും മറ്റാർക്കോ അനുവദിച്ച വായ്പയുടെ കുടിശ്ശിക തങ്ങളുടെ ബാധ്യതയായിരിക്കുകയാണെന്നുകാട്ടി തൃശൂർ കേച്ചേരി സ്വദേശി സത്യൻ, സനൽ, ചിറ്റിലപ്പിള്ളി സ്വദേശി ശാരദ, കുട്ടികൃഷ്ണൻ, ജിതേഷ് എന്നിവർ നൽകിയ ഹരജികളാണ് കോടതിയുടെ പരിഗണനയിലുള്ളത്.
കുട്ടനെല്ലൂർ സർവിസ് സഹകരണ ബാങ്കിനെ എതിർ കക്ഷിയാക്കിയാണ് സത്യനടക്കം രണ്ടുപേരുടെ ഹരജി. സ്ഥലംവാങ്ങാൻ വന്നവർ അഡ്വാൻസ് തുക നൽകിയശേഷം കടലാസുകൾ ഒപ്പിട്ടുവാങ്ങി ഇവ ഉപയോഗിച്ച് കുട്ടനെല്ലൂർ സഹകരണ ബാങ്കിൽനിന്ന് വായ്പയെടുത്തതായി ഹരജിയിൽ പറയുന്നു. സി.ബി.ഐ അടക്കം കേന്ദ്ര ഏജൻസികൾ അന്വേഷിക്കണമെന്നാണ് ആവശ്യം.
ഇതേ ആരോപണമാണ് ദലിത് വിഭാഗക്കാരായ ശാരദയും മറ്റും ഉന്നയിച്ചിട്ടുള്ളത്. അബൂബക്കർ എന്നയാൾ 25 ലക്ഷം രൂപ അഡ്വാൻസ് തന്നുപോയ ശേഷം പിന്നീട് താനെടുത്ത വായ്പ തിരിച്ചുപിടിക്കുന്നതുമായി ബന്ധപ്പെട്ട് അയ്യന്തോൾ സർവിസ് സഹകരണ ബാങ്കിൽനിന്ന് നോട്ടീസുകൾ ലഭിച്ചതിനെ തുടർന്നാണ് തങ്ങളുടെ സ്വത്ത് പണയംവെച്ച് വായ്പയെടുത്തതായി അറിയുന്നതെന്ന് ഹരജിയിൽ പറയുന്നു.
1.7 കോടിയിലേറെ തുകയുടെ കുടിശ്ശിക അടക്കാനുള്ള നോട്ടീസുകളാണ് ബാങ്കിൽനിന്ന് വരുന്നത്. ഹൈകോടതിയിൽ ഇതുസംബന്ധിച്ച കേസുകൾ പരിഗണനയിലുണ്ട്. തൃശൂർ മുൻസിഫ് കോടതിയിലും ഹരജി നൽകിയിട്ടുണ്ട്. സി.ബി.ഐ അന്വേഷണത്തിന് കോടതി ഉത്തരവിടണമെന്നാണ് ഹരജിക്കാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.