തിരുവനന്തപുരം: കാശിട്ട് കുടിവെള്ളം ലഭ്യമാക്കുന്ന സംവിധാനം (ഓട്ടോമാറ്റിക് വാട്ടര്‍ വെന്‍ഡിങ് മെഷീന്‍ ) 17 റെയില്‍വേ സ്റ്റേഷനുകളില്‍ ഏര്‍പ്പെടുത്താന്‍ തീരുമാനം. അഞ്ച് രൂപക്ക് ഒരു ലിറ്റര്‍ വെള്ളമാണ് ലഭിക്കുക. തിരുവനന്തപുരം, കൊല്ലം, എറണാകുളം നോര്‍ത്ത്, എറണാകുളം സൗത്ത്, തൃശൂര്‍ ഉള്‍പ്പെടെയുള്ള സ്റ്റേഷനുകളിലാണ് ഐ.ആര്‍.സി.ടി.സി പുതിയ സംവിധാനം ആരംഭിക്കുക. 2020 ഓടെ റെയില്‍വേ പൂര്‍ണമായും ബയോ ടോയ്ലറ്റ് സംവിധാനത്തിലേക്ക് മാറുമെന്നും ഡിവിഷനല്‍ റെയില്‍വേ മാനേജര്‍ പ്രകാശ് ഭൂട്ടാനി അറിയിച്ചു. ഡിവിഷനല്‍ റെയില്‍വേ കണ്‍സള്‍ട്ടിവ് കമ്മിറ്റി (ഡി.ആര്‍.യു.സി.സി)യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സുരക്ഷക്കാണ് റെയില്‍വേ മുന്‍ഗണന നല്‍കുന്നത്. റെയില്‍വേ ലൈനുകള്‍ പുതുക്കുന്നതിനും മാറ്റുന്നതിനും ഈവര്‍ഷം കൂടുതല്‍ പരിഗണന നല്‍കി. കഴിഞ്ഞവര്‍ഷം 58 കിലോമീറ്റര്‍ ട്രാക്കാണ് മാറ്റി പുതിയത് സ്ഥാപിച്ചത്്. ഇക്കുറി രണ്ട് കിലോ മീറ്റര്‍ കൂടി കൂട്ടി 60 കിലോമീറ്ററാക്കി. ട്രാക്കിലെ അറ്റകുറ്റപ്പണിക്ക് പ്രാമുഖ്യം നല്‍കുന്നതാണ് ട്രെയിനുകള്‍ വൈകുന്നതിന് ഇടയാക്കുന്നത്. ട്രെയിനുകളിലെ ശുചീകരണത്തിന് കുടുംബശ്രീ അടക്കമുള്ള ഏജന്‍സികളെ ചുമതലപ്പെടുത്തും. എറണാകുളം സൗത്ത്, നോര്‍ത്ത് റെയില്‍വേ സ്റ്റേഷനുകളിലെ ശീതീകരിച്ച പാര്‍ക്കിങ് സംവിധാനം വിജയകരമാണെന്നാണ് വിലയിരുത്തല്‍. ഈ സംവിധാനം തൃശൂര്‍, കൊല്ലം റെയില്‍വേ സ്റ്റേഷനുകളില്‍ കൂടി ഏര്‍പ്പെടുത്തും. ഇതിനുപുറമേ കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ സൗജന്യ വൈ-ഫൈ സംവിധാനം ഉടന്‍ നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഡിവിഷനല്‍ കമേഴ്സ്യല്‍ മാനേജര്‍ വി.സി. സുധീഷ്, സി.കെ. ഹരീന്ദ്രന്‍ എം.എല്‍.എ, ഗതാഗത സെക്രട്ടറി കെ.ആര്‍. ജ്യോതിലാല്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.