എൻ. രാജേഷ് സ്മാരക ട്രസ്റ്റിന്റെ നേതൃത്വത്തിൽ കാലിക്കറ്റ് പ്രസ് ക്ലബ് ഹാളിൽ നടന്ന അനുസ്മരണ ചടങ്ങിൽ ഡോ. സെബാസ്റ്റ്യൻ പോൾ സംസാരിക്കുന്നു
കോഴിക്കോട്: രാജ്യത്തെ മാധ്യമങ്ങളെ ഭയം ഗ്രസിച്ചിരിക്കുകയാണെന്നും നിർഭയം പ്രവർത്തിക്കാൻ സാധ്യമല്ലാത്ത അവസ്ഥയാണ് നിലനിൽക്കുന്നതെന്നും ഡോ. സെബാസ്റ്റ്യൻ പോൾ. ഭയപ്പെടുത്തി മാധ്യമങ്ങളെ നിർവീര്യരാക്കുകയാണ് ഭരണകൂടം. ഭയത്തിന്റെ അന്തരീക്ഷത്തിൽ മാധ്യമങ്ങൾ പ്രവർത്തിക്കേണ്ടിവരുന്നത് ജനാധിപത്യത്തെ ഹാനികരമായി ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കാലിക്കറ്റ് പ്രസ് ക്ലബിൽ എൻ. രാജേഷ് സ്മാരക ചാരിറ്റബിൾ ട്രസ്റ്റ് സംഘടിപ്പിച്ച അനുസ്മരണ പരിപാടിയിൽ ‘മാധ്യമം, രാഷ്ട്രം, ജനാധിപത്യം: പുതിയ വെല്ലുവിളികൾ’ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മാധ്യമങ്ങളുടെ പിന്തുണ ഇല്ലാതെ ജനാധിപത്യത്തിന് ശക്തിപ്പെടാനോ നിലനിൽക്കാനോ കഴിയില്ല. ജനങ്ങൾ സത്യം അറിയരുത് എന്ന് നിർബന്ധമുള്ളതുകൊണ്ടാണ് ഭരണകൂടങ്ങൾ മാധ്യമങ്ങളെ തടയുന്നത്. മാധ്യമസ്വാതന്ത്ര്യത്തിനുവേണ്ടി സംസാരിക്കുന്നവരുടെ എണ്ണം ഇന്ത്യയിൽ കുറഞ്ഞുവരുന്നു. ജനാധിപത്യം നേരിടുന്ന വെല്ലുവിളിയും അതാണ്. ന്യൂസ് ക്ലിക്കിൽ വ്യാപക റെയ്ഡും അറസ്റ്റും ഉണ്ടായിട്ടും കേരളത്തിലെ മാധ്യമങ്ങൾ എങ്ങനെ കൈകാര്യ ചെയ്തു എന്നു ശ്രദ്ധിച്ചാൽ കാര്യങ്ങൾ വ്യക്തമാവും. അടിയന്തരാവസ്ഥ പ്രഖ്യാപന സമയത്ത് ഇറങ്ങിയ പത്രങ്ങളിൽനിന്ന് വലിയ വ്യത്യാസമൊന്നും അവക്ക് ഉണ്ടായിരുന്നില്ല.
വാക്കുകൾ ശിക്ഷാർഹമാക്കുന്ന നിയമം ഇന്ത്യയിലുണ്ട്. വാക്കുകൾ ഉപയോഗിക്കുന്നതിന്റെ പേരിൽ ആരെയും രാജ്യദ്രോഹിയായി ചാപ്പകുത്താം. അയൽരാജ്യമായ ശ്രീലങ്ക അടക്കം നിരവധി രാജ്യങ്ങളിൽ അപകീർത്തി സിവിൽ കുറ്റമാണ്. എന്നാൽ, നമ്മുടെ രാജ്യത്ത് രണ്ടു വർഷംവരെ തടവുശിക്ഷ ലഭിക്കാവുന്ന ക്രിമിനൽ കുറ്റമാണ്. എന്താണ് ഇതിന്റെ ഭവിഷ്യത്ത് എന്ന് രാഹുൽ ഗാന്ധി ശിക്ഷിക്കപ്പെട്ടപ്പോൾ നാം മനസ്സിലാക്കിയതാണ്. ഒരാളുടെ രാഷ്ട്രീയ ഭാവി തന്നെ ഇത്തരം നിയമങ്ങൾകൊണ്ട് ഇല്ലാതാക്കാൻ കഴിയും.
സിദ്ദീഖ് കാപ്പൻ കേസ് കോടതിയിലെത്തിയപ്പോൽ ന്യായാധിപൻ ചോദിച്ചത് ഒരു സംഭവം നടന്ന സ്ഥലത്തേക്ക് എന്തിനാണ് മാധ്യമ പ്രവർത്തകർ പോകുന്നത് എന്നാണ്. ഇതാണ് നീതിപീഠങ്ങളുടെ പോലും നിലപാട്. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം എന്ന് അവകാശപ്പെടുന്ന ഇന്ത്യയിൽ നിയമങ്ങളിലെ പോരായ്മകൾ പരിഹരിക്കുന്നതിനുപകരം ചരിത്രം തിരുത്താനാണ് മോദി സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എൻ. രാജേഷ് സ്മാരക ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ എം. ഫിറോസ്ഖാൻ അധ്യക്ഷത വഹിച്ചു. മുതിർന്ന മാധ്യമ പ്രവർത്തകൻ പി.ജെ. ജോഷ്വ അനുസ്മരണ പ്രഭാഷണം നടത്തി. അഡ്വ. എം. മനോഹരൻ, മാധ്യമം ജേണലിസ്റ്റ് യൂനിയൻ സെക്രട്ടറി ടി. നിഷാദ്, ഐ.വൈ.എ സെക്രട്ടറി പി. സജിത് കുമാർ എന്നിവർ സംസാരിച്ചു. ട്രസ്റ്റ് സെക്രട്ടറി കമാൽ വരദൂർ സ്വാഗതവും ട്രഷറർ കെ.സി. റിയാസ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.