ട്രെയിനിൽ തീ കത്തിക്കാൻ ശ്രമം: മഹാരാഷ്ട്ര സ്വദേശി റിമാൻഡിൽ

കോഴിക്കോട്: ഓടുന്ന ട്രെയിനിൽ തീ കത്തിക്കാൻ ശ്രമിച്ച് പിടിയിലായ യുവാവ് റിമാൻഡിൽ. മഹാരാഷ്ട്ര ലൊഹാര അകോല സ്വദേശി സച്ചിൻ പ്രമോദ് ബക്കലിനെയാണ് (20) കോടതി റിമാൻഡ് ചെയ്തത്. തിങ്കളാഴ്ച വൈകീട്ട് നാലോടെ കണ്ണൂർ-എറണാകുളം ഇന്റർസിറ്റി എക്സ്പ്രസിൽ വടകരക്കും കൊയിലാണ്ടിക്കും ഇടയിലാണ് കേസിനാസ്പദമായ സംഭവം. എൻജിനിൽനിന്ന് അഞ്ചാമത്തെ ജനറൽ കമ്പാർട്ട്മെന്റിലായിരുന്ന യുവാവ്, ട്രെയിനിനകത്ത് പതിച്ച സ്റ്റിക്കർ പൊളിച്ചെടുത്ത് ലൈറ്റർ ഉപയോഗിച്ച് കത്തിക്കാൻ ശ്രമിക്കുകയായിരുന്നു. യാത്രക്കാർ തടഞ്ഞെങ്കിലും ഇയാൾ മറ്റൊരു കമ്പാർട്ട്മെന്റിലേക്ക് പോയി. വീണ്ടും തിരിച്ചെത്തിയതോടെ യാത്രക്കാർ തടഞ്ഞുവെക്കുകയും ട്രെയിൻ കോഴിക്കോട് സ്റ്റേഷനിലെത്തിയപ്പോൾ റെയിൽവേ പൊലീസിന് കൈമാറുകയുമായിരുന്നു.

ടിക്കറ്റ് എടുക്കാതെയാണ് ഇയാൾ യാത്രചെയ്തതെന്ന് പരിശോധനയിൽ വ്യക്തമായി. പിന്നാലെ കുടുംബത്തിന്റെ ഫോൺ നമ്പർ വാങ്ങി റെയിൽവേ പൊലീസ് ബന്ധപ്പെട്ടെങ്കിലും വീട്ടിൽനിന്ന് കുറച്ചുനാൾ മുമ്പ് പോയതാണെന്നായിരുന്നു മറുപടി. യാത്രക്കാർ തടഞ്ഞുവെച്ചതിനുപിന്നാലെ പ്രതി മാനസിക രോഗിയെപ്പോലെ പെരുമാറിയിരുന്നെങ്കിലും ഇയാൾക്ക് കാര്യമായ പ്രശ്നങ്ങളില്ലെന്നാണ് സൂചന. വൈദ്യപരിശോധനയിലും മാനസിക പ്രശ്നമുള്ളതായി കണ്ടെത്താനായിട്ടില്ല. അതേസമയം, സംഭവത്തിലെ ദുരൂഹത നീങ്ങിയിട്ടില്ല. എലത്തൂർ ട്രെയിൻ തീവെപ്പിലും അടുത്തിടെ കണ്ണൂരിൽ ട്രെയിനിന് തീയിട്ടതിനും പിന്നിൽ ഇതര സംസ്ഥാനക്കാരാണ് പിടിയിലായത് എന്നതിനാൽ ഈ സംഭവത്തിലും വിശദ അന്വേഷണമാണ് പൊലീസ് നടത്തുന്നത്.

Tags:    
News Summary - Attempt to set fire to train: Maharashtra native remanded

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.