അട്ടപ്പാടിവാലി പദ്ധതി: വിജയിച്ചത് തമിഴ്നാടിന്‍െറ സമ്മര്‍ദതന്ത്രം

പാലക്കാട്: അട്ടപ്പാടിവാലി ജലസേചന പദ്ധതിയുടെ പാരിസ്ഥിതികാഘാത പഠനത്തിനുള്ള അനുമതി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം റദ്ദാക്കിയതോടെ ലക്ഷ്യം കണ്ടത് തമിഴ്നാടിന്‍െറ സമ്മര്‍ദതന്ത്രം. തമിഴ്നാട് സര്‍ക്കാറും മുഖ്യമന്ത്രി ജയലളിതയും പ്രധാനമന്ത്രിക്കുമേല്‍ ചെലുത്തിയ സമ്മര്‍ദത്തിന്‍െറ ഫലമാണ് കേരളത്തിന് തിരിച്ചടിയായ തീരുമാനം. കിഴക്കന്‍ അട്ടപ്പാടിയിലെ കുടിവെള്ള, ജലസേചന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ രൂപം നല്‍കിയ പദ്ധതിയാണ് ഇതോടെ അനിശ്ചിതത്വത്തിലായത്. തമിഴ്നാടിന്‍െറ എതിര്‍പ്പിനെതുടര്‍ന്ന് പതിറ്റാണ്ടുകള്‍ നീണ്ട പദ്ധതിയുടെ പാരിസ്ഥിതികാഘാത പഠനത്തിന് കഴിഞ്ഞ ജൂണിലാണ് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന് കീഴിലെ വിദഗ്ധസമിതി പച്ചക്കൊടി കാട്ടിയത്. പലതവണ നോട്ടീസ് നല്‍കിയിട്ടും തമിഴ്നാട് ഹാജരാവാത്തതിനെ തുടര്‍ന്നാണ് കേരളത്തിന് അനുകൂലതീരുമാനം ഉണ്ടായത്.

ഡല്‍ഹി ആസ്ഥാനമായ സ്വകാര്യ ഏജന്‍സിയെ നിയോഗിച്ച് പഠനത്തിനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ തുടങ്ങിയിരുന്നു. ഇതിനിടെയാണ് അനുമതി റദ്ദാക്കി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം സംസ്ഥാന ജലവിഭവ അഡീ. ചീഫ് സെക്രട്ടറിക്ക് കത്തയച്ചത്. തമിഴ്നാടിന് എതിര്‍പ്പുള്ളതിനാല്‍ അനുമതി റദ്ദാക്കുന്നെന്നാണ് കത്തില്‍ പറയുന്നത്. ശിരുവാണിപ്പുഴയില്‍ കേരളം അണക്കെട്ട് കെട്ടിയാല്‍ തങ്ങള്‍ക്ക് ലഭിക്കുന്ന വെള്ളത്തിന്‍െറ അളവില്‍ കുറവ് വരുമെന്നാണ് തമിഴ്നാടിന്‍െറ ആശങ്ക. ഡി.എം.കെ ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ബഹുജനപ്രക്ഷോഭം സംഘടിപ്പിച്ചിരുന്നു.  

ശിരുവാണി ഉള്‍പ്പെടുന്ന ഭവാനി ഉപനദീതടത്തില്‍നിന്ന് 2.8 ടി.എം.സി ജലം ഉപയോഗിക്കാന്‍ കാവേരി ട്രൈബ്യൂണല്‍ അനുമതിയുണ്ട്. നദീജല തര്‍ക്കവുമായി ബന്ധപ്പെട്ട സുപ്രീംകോടതിയുടെ അന്തിമവിധിയും കേരളത്തിന് അനുകൂലമാണ്. കേരളത്തിന് അര്‍ഹതപ്പെട്ട വെള്ളം ഇപ്പോള്‍ മുഴുവനായും തമിഴ്നാടാണ് ഉപയോഗിക്കുന്നത്. ഭവാനി ഉപനദീതടത്തിലെ കേരളത്തിന് അവകാശപ്പെട്ട ജലം ഉപയോഗപ്പെടുത്താനായിരുന്നു അട്ടപ്പാടിവാലി പദ്ധതി. തമിഴ്നാട് നീക്കം ചെറുക്കുന്നതില്‍ സംസ്ഥാന സര്‍ക്കാറും കേരള എം.പിമാരും ജാഗ്രത പുലര്‍ത്താത്തതും തിരിച്ചടിക്ക് കാരണമായി.

നിയമനടപടി സ്വീകരിക്കും
അട്ടപ്പാടിവാലി പദ്ധതിയുടെ ടേംസ് ഓഫ് റഫറന്‍സിനുള്ള അംഗീകാരം പിന്‍വലിച്ച കേന്ദ്ര തീരുമാനം നിയമവിരുദ്ധമാണെന്ന് ജലസേചന വകുപ്പ് ഡിസൈന്‍ ആന്‍ഡ് റിസര്‍ച് ബോര്‍ഡ് (ഐ.ഡി.ആര്‍.ബി) ചീഫ് എന്‍ജിനീയര്‍ വി.കെ. മഹാനുദേവന്‍. സംസ്ഥാനത്തിന്‍െറ എതിര്‍പ്പ് കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയത്തെ രേഖാമൂലം അറിയിക്കും. നിയമവിദഗ്ധരുമായി ആലോചിച്ച് നിയമപോരാട്ടം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

Tags:    
News Summary - ATTAPPADI WATER PROJECT

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.