തിരുവനന്തപുരം: ഈ തെരഞ്ഞെടുപ്പിൽ വെൽഫെയർ പാർട്ടിയുമായി ചില ഏരിയയിൽ പ്രാദേശികമായി സഹകരിച്ചിട്ടുണ്ടെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. മൊത്തത്തിൽ അവർ യു.ഡി.എഫിന്റെ കൂടെ തന്നെയായിരുന്നു. അത് രഹസ്യമൊന്നുമല്ല. കോൺഗ്രസ് ആണ് മതേതര പാർട്ടിയെന്നും ഇന്ത്യയിൽ മുഴുവൻ പിന്തുണക്കുമെന്നും 2019 മുതൽ അവർ എടുത്ത അഖിലേന്ത്യ നിലപാടാണ്. കേരളം ഇന്ത്യയുടെ ഭാഗമായതുകൊണ്ട് ഇവിടെയും പിന്തുണച്ചു -മുരളീധരൻ മാധ്യമങ്ങളോട് പറഞ്ഞു.
‘ചില സ്ഥലത്ത് വെൽഫെയർ പാർട്ടി എൽ.ഡി.എഫിനെ സഹായിച്ചിട്ടുണ്ട്. ചാല വാർഡടക്കം തിരുവനന്തപുരം കോർപറേഷനിൽ രണ്ടു വാർഡുകളിൽ വെൽഫെയർ പാർട്ടി എൽ.ഡി.എഫിനെ സഹായിച്ചു. കോർപറേഷനിൽ ബിജെപി വിജയിക്കാതിരിക്കാൻ ചില സ്ഥലത്ത് യുഡിഎഫിനെയും സഹായിച്ചിട്ടുണ്ട്. ഒന്ന് രണ്ട് സ്ഥലങ്ങളിൽ അവർ എൽഡിഎഫിനെ സഹായിച്ചിട്ടുണ്ട്. ചാലയിൽ വെൽഫെയർ പാർട്ടി എൽഡിഎഫിന്റെ കൂടെയായിരുന്നു. അവിടെ ലീഗാണ് യു.ഡി.എഫിന് വേണ്ടി മത്സരിച്ചത്. ഞങ്ങൾക്കൊക്കെ അവിടെ നല്ല വിജയ പ്രതീക്ഷയുണ്ട്. എങ്കിലും അവിടെ എൽഡിഎഫിന് അനുകൂലമായ നിലപാടാണ് വെൽഫെയർ പാർട്ടി സ്വീകരിച്ചത്’ -അദ്ദേഹം പറഞ്ഞു.
‘ആരെ പിന്തുണക്കണമെന്നത് വെൽഫെയർ പാർട്ടിയുടെ ഇഷ്ടമാണ്. എൽഡിഎഫിന്റെ കൂടെ പോയാൽ അവർ വർഗീയ പാർട്ടി, ഞങ്ങളുടെ കൂടെ വന്നാൽ ജനാധിപത്യ പാർട്ടി എന്ന് ഞങ്ങൾ പറയില്ല. ആ ഏർപ്പാട് ഞങ്ങൾക്കില്ല. യു.ഡി.എഫിനെ വെൽഫെയർ പിന്തുണക്കുകയാണ് ചെയ്തത്. അല്ലാതെ സഖ്യം ഒന്നുമില്ല. യുഡിഎഫിന്റെ അകത്തുള്ള കക്ഷികളായിട്ട് മാത്രമേ സഖ്യം ഉള്ളൂ. ചില ഇടങ്ങളിൽ ധാരണ ഉണ്ടായിട്ടുണ്ട്. അത് നിഷേധിക്കേണ്ട കാര്യമൊന്നുമില്ല. 2019 മുതൽ ഉണ്ടായിട്ടുണ്ട്.
ജമാഅത്തെ ഇസ്‍ലാമി ഡയറക്ട് ആയി സപ്പോർട്ട് ചെയ്തത് എൽഡിഎഫിനെയാണ്. വെൽഫെയർ പാർട്ടിയുമായിട്ടാണ് ഞങ്ങൾക്ക് ബന്ധം. ഞങ്ങൾ രാഷ്ട്രീയ പാർട്ടിയുമായിട്ടാണ് ബന്ധം ഉണ്ടാക്കിയത്. അത് ആ പാർട്ടിയുടെ ഓൾ ഇന്ത്യ സ്റ്റാൻഡിന്റെ ഭാഗമായിട്ടാണ്. ഇന്ത്യയിൽ എല്ലാ ഇടത്തും അവർ ഒരേ സ്റ്റാൻഡ് ആണ് എടുത്തത്. അതുകൊണ്ടാണ് ഞങ്ങൾ ആ പിന്തുണ സ്വീകരിച്ചത്. വെൽഫെയർ പാർട്ടി മതേതര പാർട്ടി എന്ന നിലയിലാണ് കോൺഗ്രസിനെ പിന്തുണച്ചത്. വർഗീയ പാർട്ടി എന്ന നിലക്കല്ല കോൺഗ്രസിനെ പിന്തുണച്ചത്. വെൽഫെയർ പാർട്ടി ഒരു ജനാധിപത്യ പാർട്ടിയാണ്. അതുകൊണ്ടാണ് സഹകരിച്ചത് -മുരളീധരൻ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.