കൊച്ചി: അട്ടപ്പാടി മധു വധക്കേസിലെ പ്രതികൾക്ക് വിചാരണ കോടതി നൽകിയ ശിക്ഷ കുറഞ്ഞു പോയെന്ന് ചൂണ്ടിക്കാട്ടി സർക്കാർ ഹൈകോടതിയിൽ. കൊലക്കുറ്റമടക്കം ഒഴിവാക്കി മണ്ണാർക്കാട് പ്രത്യേക കോടതി പ്രതികൾക്ക് കുറഞ്ഞ ശിക്ഷ നൽകിയത് നിയമപരമല്ലെന്നടക്കം ചൂണ്ടിക്കാട്ടിയാണ് അപ്പീൽ നൽകിയിട്ടുള്ളത്.
2018 ഫെബ്രുവരി 22ന് മർദനത്തെ തുടർന്ന് മധു കൊല്ലപ്പെട്ട കേസിൽ വിചാരണ പൂർത്തിയാക്കിയ എസ്.സി -എസ്.ടി സ്പെഷൽ കോടതി കൊലക്കുറ്റം ഒഴിവാക്കി ഏപ്രിൽ അഞ്ചിന് മനപ്പൂർവമല്ലാത്ത നരഹത്യാക്കുറ്റം ചുമത്തി. പട്ടിക വിഭാഗങ്ങൾക്ക് നേരെയുള്ള അതിക്രമം തടയൽ നിയമ പ്രകാരമുള്ള കുറ്റങ്ങളും ഒഴിവാക്കി. ഗുരുതരമായ കുറ്റങ്ങളൊഴിവാക്കി പ്രതികൾക്ക് കുറഞ്ഞ ശിക്ഷയാണ് വിധിച്ചതെന്ന് സർക്കാറിന്‍റെ അപ്പീലിൽ പറയുന്നു.
കേസിലെ ഒന്നാം പ്രതി ഹുസൈനുൾപ്പെടെ 13 പ്രതികൾക്ക് ഏഴു വർഷം തടവും പിഴയും 16ാം പ്രതി മുനീറിന് മൂന്നുമാസം തടവും 500 രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. നാലാം പ്രതി അനീഷ്, പതിനൊന്നാം പ്രതി അബ്ദുൽ കരീം എന്നിവരെ വെറുതെ വിടുകയും ചെയ്തു. പ്രോസിക്യൂഷൻ ഹാജരാക്കിയ സാക്ഷിമൊഴികളോ ശാസ്ത്രീയ, ഡിജിറ്റൽ, മെഡിക്കൽ തെളിവുകളോ കണക്കിലെടുക്കാതെയാണ് വിചാരണ കോടതി വിധിയെന്ന് അപ്പീലിൽ പറയുന്നു.
ആദിവാസി യുവാവിന് കേട്ടുകേൾവിയില്ലാത്തതും മനുഷ്യത്വ രഹിതവുമായ ക്രൂരമർദനം നേരിടേണ്ടി വന്ന അപൂർവമായ സംഭവത്തിൽ വിചാരണ കോടതിയുടെ വിധി വേദനിപ്പിക്കുന്നതാണ്. പ്രതികൾ പരമാവധി ശിക്ഷക്ക് അർഹരാണ്. എന്നാൽ, കുറ്റക്കാരാണെന്ന് വിചാരണ കോടതി കണ്ടെത്തിയ വകുപ്പുകൾ പ്രകാരമുള്ള പരമാവധി ശിക്ഷ പോലും പ്രതികൾക്ക് നൽകിയില്ലെന്നും അപ്പീലിൽ പറയുന്നു. വിധി പുനഃപരിശോധിച്ച് പ്രതികൾക്ക് അർഹമായ ശിക്ഷ നൽകണമെന്നാണ് അപ്പീലിലെ ആവശ്യം. സർക്കാറിന്‍റെ അപ്പീൽ വെള്ളിയാഴ്ച പരിഗണിച്ചേക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.