കൊച്ചി/മണ്ണാർക്കാട്: അട്ടപ്പാടി മധു വധക്കേസിൽ മജിസ്റ്റീരിയൽ റിപ്പോർട്ടുകൾ തെളിവായി സ്വീകരിക്കുന്നതിനെതിരെ പ്രതി നൽകിയ ഹരജി ഹൈകോടതി തള്ളി. മജിസ്റ്റീരിയൽ റിപ്പോർട്ടുകൾ തെളിവായി സ്വീകരിക്കാൻ പ്രോസിക്യൂഷന് അനുമതി നൽകി വിചാരണക്കോടതി പുറപ്പെടുവിച്ച ഉത്തരവ് ചോദ്യം ചെയ്ത് ഒന്നാം പ്രതി ഹുസൈൻ നൽകിയ ഹരജിയാണ് ജസ്റ്റിസ് എ. ബദറുദ്ദീൻ തള്ളിയത്.
മണ്ണാർക്കാട് മജിസ്ട്രേറ്റ്, ഒറ്റപ്പാലം സബ് കലക്ടർ എന്നിവർ തയാറാക്കിയ അന്വേഷണ റിപ്പോർട്ട് വിളിച്ചുവരുത്തി പരിശോധിക്കാനും ഈ ഉദ്യോഗസ്ഥരെ വിസ്തരിക്കാനും വിചാരണക്കോടതി ഉത്തരവിട്ടിരുന്നു. പൊലീസ് കസ്റ്റഡിയിലേറ്റ മർദനമാണ് മധുവിന്റെ മരണത്തിന് കാരണമെന്ന വാദം പ്രതി ഭാഗം ഉന്നയിച്ചിരുന്നു. എന്നാൽ, ഇതിനെ എതിർത്ത പ്രോസിക്യൂഷൻ തുടർന്നാണ് മജിസ്റ്റീരിയൽ റിപ്പോർട്ട് വിളിച്ചുവരുത്തണമെന്ന ആവശ്യം കോടതിയിൽ ഉന്നയിച്ചത്. ഇത് വിചാരണക്കോടതി അനുവദിക്കുകയായിരുന്നു.
മജിസ്റ്റീരിയൽ റിപ്പോർട്ടിന് നിയമപരമായ മൂല്യമില്ലാത്തതിനാൽ തെളിവായി പരിഗണിക്കാൻ അനുവദിക്കാനാവില്ലെന്നായിരുന്നു ഹൈകോടതിയിൽ ഹരജിക്കാരന്റെ വാദം. എന്നാൽ, വിചാരണക്കോടതിയുടെ ഉത്തരവിൽ തെറ്റില്ലെന്ന് വിലയിരുത്തിയ കോടതി ഹരജി തള്ളുകയായിരുന്നു. മധുവിന്റെ ജാതി തെളിയിക്കുന്ന പുതിയ സർട്ടിഫിക്കറ്റ് ഹാജരാക്കാൻ പ്രോസിക്യൂഷൻ അനുമതി തേടി. നേരത്തേ ജാതി സർട്ടിഫിക്കറ്റ് അനുവദിച്ച തഹസിൽദാർ കൃഷ്ണകുമാറിനെ കോടതി വീണ്ടും വിസ്തരിച്ചു.
മധു മരിച്ച സമയത്ത് അനുവദിച്ച സർട്ടിഫിക്കറ്റ് സംബന്ധിച്ച ഫയലുകൾ കാലാവധി കഴിഞ്ഞതിനാൽ നശിപ്പിച്ചുകളഞ്ഞെന്ന് തഹസിൽദാർ കോടതിയെ അറിയിച്ചു. ഇതിനെ തുടർന്നാണ് അട്ടപ്പാടി ട്രൈബൽ താലൂക്ക് തഹസിൽദാരോട് മധുവിന്റെ ജാതി തെളിയിക്കുന്ന പുതിയ സർട്ടിഫിക്കറ്റ് അനുവദിക്കാൻ നിർദേശിക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷൻ ഹരജി നൽകിയത്. ഇത് പരിഗണിക്കുന്നത് നവംബർ 28ലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.