തിരുവനന്തപുരം: ദീർഘകാലമായി പരിഗണനയിലുള്ള 163 മെഗാവാട്ട് ഉൽപാദനശേഷിയുള്ള അതിരപ്പിള്ളി പദ്ധതിയുമായി കെഎസ്.ഇ.ബി മുന്നോട്ട്. പാരിസ്ഥിതിക, വനം അനുമതിയുൾപ്പെടെ ലഭ്യമായിട്ടും എതിർപ്പുകൾമൂലം നിർമാണപ്രവർത്തനങ്ങൾ തടസ്സപ്പെട്ട പദ്ധതിക്ക് ജീവൻ നൽകാനുള്ള തയാറെടുപ്പിലാണ് കെ.എസ്.ഇ.ബി. ഇതിന്റെ ഭാഗമായി അതിരപ്പിള്ളിയിൽ ജലവൈദ്യുതി ഉൽപാദനത്തിനൊപ്പം വിനോദസഞ്ചാര സാധ്യത പതിന്മടങ്ങാക്കുന്ന പദ്ധതിയെപ്പറ്റി പഠനം നടത്താൻ കെ.എസ്.ഇ.ബി തീരുമാനിച്ചു
ഏറ്റവും കുറച്ചുമാത്രം വനഭൂമിക്ക് നാശമുണ്ടാക്കുന്ന പദ്ധതിയാണ് അതിരപ്പിള്ളിയിൽ വിഭാവനം ചെയ്തിരുന്നതെന്നും അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന്റെ ജലസമൃദ്ധിയെയും സൗന്ദര്യത്തെയും പ്രതികൂലമായി ബാധിക്കുമെന്ന ആശങ്ക അടിസ്ഥാനരഹിതമാണെന്നും കെ.എസ്.ഇ.ബി വ്യക്തമാക്കുന്നു.
ഇതുസംബന്ധിച്ച വാർത്തക്കുറിപ്പും തിങ്കളാഴ്ച വൈകീട്ട് കെ.എസ്.ഇ.ബി പുറത്തിറക്കി. അതിരപ്പിള്ളി വെള്ളച്ചാട്ടത്തിലേക്കുള്ള ജലപ്രവാഹത്തിന് കോട്ടമുണ്ടാകാതിരിക്കാനാണ്160 മെഗാവാട്ടിന്റെ മുഖ്യ ജനറേറ്റിങ് യൂനിറ്റുകളെ കൂടാതെ മൂന്ന് മെഗാവാട്ടിന്റെ 24 മണിക്കൂറും പ്രവർത്തിക്കുന്ന ചെറിയ ജനറേറ്റര്‍ കൂടി പദ്ധതിയുടെ ഭാഗമാക്കിയതെന്ന് കെ.എസ്.ഇ.ബി ചൂണ്ടിക്കാട്ടുന്നു. ഈ ജനറേറ്റർ പൂർണ സമയവും പ്രവർത്തിപ്പിക്കുന്നതിലൂടെ എല്ലാ സമയത്തും അതിരപ്പിള്ളി വെള്ളച്ചാട്ടത്തിൽ ജലപ്രവാഹമുറപ്പാകും.
നിലവിൽ വേനൽക്കാലത്ത് വെള്ളച്ചാട്ടം വരണ്ടുണങ്ങുന്ന സ്ഥിതി ഒഴിവാകുകയും വർഷം മുഴുവന്‍ വിനോദസഞ്ചാരികളുടെ സാന്നിധ്യമുറപ്പാകുകയും ചെയ്യും. അനുദിനം വർധിക്കുന്ന വൈദ്യുതി ആവശ്യകത നേരിടുന്നതിനും കുറഞ്ഞ നിരക്കിൽ വൈദ്യുതി ലഭ്യമാക്കുന്നതിനും ജലവൈദ്യുതി പദ്ധതികളിൽ നിന്നുൾപ്പെടെ ആഭ്യന്തര വൈദ്യുതി ഉൽപാനം വർധിപ്പിക്കാതെ മുന്നോട്ടുപോകാനാകില്ല. സംസ്ഥാനത്തിന്റെ വൈദ്യുതി ആവശ്യകതയുടെ 70 ശതമാനത്തിലേറെ ഇതരസംസ്ഥാനങ്ങളെ ആശ്രയിച്ചുമാത്രം നിറവേറ്റാനാകുന്ന സാഹചര്യമാണ് നിലവിൽ. പകൽ സമയത്ത് സൗരോർജ നിലയങ്ങളിൽ നിന്ന് വൈദ്യുതി ലഭിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.