കോട്ടയം: കഴക്കൂട്ടം കഠിനംകുളത്ത് ഭർതൃമതിയായ യുവതി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതി പിടിയിൽ. കോട്ടയം ചിങ്ങവനത്ത് നിന്നാണ് പ്രതിയായ കൊല്ലം സ്വദേശി ജോൺസൺ ഔസേപ്പിനെ പൊലീസ് പിടികൂടിയത്. കോട്ടയം ചിങ്ങവനത്ത് വെച്ചാണ് പ്രതി പിടിയിലായത്. വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചതിനെ തുടർന്ന് അവശനായ ജോൺസൺ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. തിരുവനന്തപുരത്ത് നിന്ന് അന്വേഷണസംഘം കോട്ടയത്തേക്ക് തിരിച്ചിട്ടുണ്ട്.
ആതിരയുടെ ഇൻസ്റ്റഗ്രാം സുഹൃത്തായിരുന്നു പ്രതി. കൂടെ താമസിക്കാനായി ഇറങ്ങിവരാനുള്ള ആവശ്യം നിരസിച്ചതാണ് ആതിരയെ കൊല്ലാനുള്ള കാരണമായി കരുതുന്നത്.
കഠിനംകുളം വടക്കേവിള പാടിക്കവിളാകം ഭരണിക്കാട് ഭഗവതി ക്ഷേത്രത്തിനു സമീപം താമസിക്കുന്ന വെഞ്ഞാറമൂട് സ്വദേശി ആതിര (30) ചൊവ്വാഴ്ചയാണ് കൊല്ലപ്പെട്ടത്. ഇന്‍സ്റ്റഗ്രാമില്‍ റീലുകള്‍ ചെയ്യുന്ന ഫിസിയോ തെറാപ്പിസ്റ്റാണ് ജോണ്‍സണ്‍. ചെല്ലാനത്ത് നിന്നും വിവാഹം കഴിച്ച് അവിടെ താമസിക്കുകയായിരുന്നു ഇയാൾ.
ഭാര്യയുമായി പിരിഞ്ഞശേഷം കൊല്ലത്തും കൊച്ചിയിലുമായി താമസിച്ചു വരികയായിരുന്നുവെന്ന് പൊലീസ് തിരിച്ചറിഞ്ഞു. ആതിരയും ജോണ്‍സണും ഇന്‍സ്റ്റഗ്രാമില്‍ റീലുകള്‍ ചെയ്തിരുന്നു. അങ്ങനെയാണ് രണ്ടുപേരും പരിചയപ്പെടുന്നത്. ഇതാണ് വലിയ അടുപ്പത്തിലേക്ക് നയിച്ചത്. ഇതിനിടെ, കുടുംബത്തെ ഉപേക്ഷിച്ച് കൂടെ വരണമെന്ന ജോണ്‍സന്റെ ആവശ്യം ആതിര നിരസിച്ചത് കൊലപാതകത്തിന് വഴിതെളിച്ചുവെന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തൽ. കൂടെ വരണമെന്ന് സുഹൃത്ത് ഭീഷണിപ്പെടുത്തുന്നതായി ആതിര ഭർത്താവിനോട് പറഞ്ഞിരുന്നു. എന്നാൽ, ഇത് പുറത്ത് പറഞ്ഞാൽ ജീവനൊടുക്കുമെന്ന് ആതിര പറഞ്ഞതായി ഭർത്താവ് പൊലീസിന് മൊഴിനൽകിയിരിക്കുകയാണ്.
കൊലപ്പെടുത്താനുളള അവസരം നോക്കി ഒരാഴ്ചയോളം ഇയാള്‍ പെരുമാതുറയിലെ ലോഡ്ജില്‍ താമസിച്ചിരുന്നതായും പൊലീസ് തിരിച്ചറിഞ്ഞു. കൊല്ലത്തെ ഒരു സുഹൃത്തിന്റെ പേരിലുള്ള തിരിച്ചറിയല്‍ രേഖ ഉപയോഗിച്ചാണ് ജോണ്‍സണ്‍ സിം കാര്‍ഡ് എടുത്തിരിക്കുന്നത്. കൊലപാതകത്തിന് ശേഷം പ്രതി കൊണ്ടുപോയ വീട്ടമ്മയുടെ സ്‌കൂട്ടര്‍ പൊലീസ് റെയില്‍വേ സ്‌റ്റേഷന് സമീപത്തു നിന്ന് കണ്ടെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.