അൻസിലിനെ കൊല്ലാൻ അഥീന കളനാശിനി കലർത്തിയത് റെഡ്ബുള്ളിൽ; കാനുകൾ കണ്ടെടുത്തു

കൊച്ചി: കോതമംഗലത്ത് യുവതി ആൺസുഹൃത്തിനെ വീട്ടിൽ വിളിച്ചുവരുത്തി വിഷം നൽകി കൊന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കൊല്ലപ്പെട്ട അൻസിലിന് സുഹൃത്ത് അഥീന കളനാശിനി കലക്കി നൽകിയത് എനർജി ഡ്രിങ്കിൽ. അഥീനയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ റെഡ്ബുള്ളിന്‍റെ കാലിയായ കാനുകൾ കണ്ടെടുത്തു. കൊലയ്ക്ക് മറ്റാരുടെയും സഹായം ലഭിച്ചിട്ടില്ലെന്നും വ്യക്തമായതായാണ് വിവരം.

മാതിരപ്പിള്ളി നെടുങ്ങാട്ട് മേലേത്ത് മാലിൽ അൻസിൽ (38) ആണ് കൊല്ലപ്പെട്ടത്. പെൺസുഹൃത്ത് മാലിപ്പാറ മുത്തംകുഴി ഇടയത്തുകുടി അഥീനയാണ് (30) കൊലക്കുറ്റത്തിന് അറസ്റ്റിലായത്. നിലവിൽ റിമാൻഡിലാണ് അഥീന.

ടിപ്പർ ഡ്രൈവറായ അൻസിലും അഥീനയും തമ്മിൽ അടുപ്പത്തിലായിരുന്നു. തന്നെ ഉപദ്രവിച്ചുവെന്ന് അഥീന കോതമംഗലം പൊലീസിൽ അന്‍സിലിനെതിരെ നേരത്തെ പരാതി നൽകിയിരുന്നു. കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട അന്‍സില്‍ പണം അഥീനക്ക് നൽകാമെന്നേറ്റിരുന്നു. എന്നാൽ, ഈ പണം നൽകാതായതോടെ ഇരുവരും തമ്മിൽ തർക്കം നിലനിന്നിരുന്നു.

വ്യാഴാഴ്ച രാത്രി ഒറ്റയ്ക്ക് താമസിക്കുന്ന വീട്ടിലേക്ക് അൻസിലിനെ അഥീന വിളിച്ചുവരുത്തുകയായിരുന്നു. തുടർന്ന് കളനാശിനി നൽകി. വിഷം അകത്തുചെന്നു ഗുരുതരാവസ്ഥയിലായതോടെ അൻസിൽ തന്നെ വിവരം സുഹൃത്തുക്കളെയും പൊലീസിനെയും വിളിച്ച് അറിയിക്കുകയായിരുന്നു. അൻസിലിന്റെ വീട്ടുകാരെ വിളിച്ച് ആത്മഹത്യാശ്രമം എന്ന് അഥീനയും വിവരം അറിയിച്ചു. ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ അൻസിൽ മരിച്ചു.

Tags:    
News Summary - Atheena mixed herbicide in Red Bull to kill Ansil

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.