തിരുവനന്തപുരം: സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിനായി കേന്ദ്ര കമീഷനിൽനിന്നുള്ള പ്രതിനിധി സംഘം കേരളത്തിലെത്തി. സീനിയർ ഡെപ്യൂട്ടി ഇലക്ഷൻ കമീഷണർമാരായ മനേഷ് ഗാർഗ്, പവൻ കുമാർ ശർമ, ഡെപ്യൂട്ടി ഇലക്ഷൻ കമീഷണർമാർമാരായ സജ്ഞയ് കുമാർ, ആശിഷ് ഗോയൽ, സെക്രട്ടറി പവൻ ദിവാൻ എന്നിവരാണ് സംഘത്തിലുള്ളത്. മുഖ്യതെരഞ്ഞെടുപ്പ് ഓഫീസറുമായി കൂടിക്കാഴ്ച നടത്തുന്ന സംഘം ജില്ല കലക്ടർമാരുമായി ഓൺലൈനിൽ ആശയവിനിമയം നടത്തുമെന്നാണ് വിവരം.
വോട്ടർപട്ടിക, ബൂത്ത് പുനഃക്രമീകരണം, സുരക്ഷ ക്രമീകരണങ്ങൾ, വോട്ടിങ് ഉദ്യോഗസഥ വിന്യാസം എന്നിവ സംബന്ധിച്ച മുന്നൊരുക്കങ്ങൾ സംഘം വിലയിരുത്തും. യന്ത്രങ്ങളുടെ ആദ്യഘട്ട പരിശോധനയുടെ സ്ഥിതിവിവരങ്ങളും ആരായും. പുതിയ വോട്ടർമാരെ ചേർക്കുന്നതിലും ഇരട്ടിപ്പുകൾ ഒഴിവാക്കുന്നതിലും കൈവരിച്ച പുരോഗതി സംഘം വിലയിരുത്തും. രണ്ട് ദിവസമാണ് സംഘം കേരളത്തിലുണ്ടാവുക. സന്ദർശനത്തിന് ശേഷം സംഘം കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന് വിശദ റിപ്പോർട്ട് സമർപ്പിക്കും. പിന്നാലെയാണ് തെരഞ്ഞെടുപ്പ് കമീഷണർ കേരളത്തിലെത്തുക.
എസ്.ഐ.ആറിന് സമാന്തരമായി പോളിങ് ബൂത്തുകളുടെ പുനഃക്രമീകരണം പൂർത്തിയാക്കിയിരുന്നു. ഇതനുസരിച്ച് 30,471 പോളിങ് സ്റ്റേഷനുകളാണ് നിയമസഭ തെരഞ്ഞെടുപ്പിനായി സജ്ജമാക്കുക. കൗണ്ടിങ് സ്റ്റേഷനുകളുടെ എണ്ണം 20ൽ നിന്ന് 41 ആയി വർധിപ്പിച്ചിട്ടുണ്ട്. 119 കേന്ദ്രങ്ങളിലായാണ് തെരഞ്ഞെടുപ്പ് സാമഗ്രികൾ വിതരണം ചെയ്യുക.
തെരഞ്ഞെടുപ്പിന് മുന്നോടിയായി വരണാധികാരികൾ, ഉപവരാണിധികാരികൾ എന്നിവരുടെ പരിശീലനം പൂർത്തിയായി. കമീഷന്റെ പരിശീലനകേന്ദ്രമായ ഐ.ഐ.ഐ.ഡി.ഇ.എമ്മിന്റെ നേതൃത്വത്തിൽ തുടർപരിശീലനങ്ങൾ പുരോഗമിക്കുകയാണ്. ഇതിനുപുറമേ ഇ.വി.എമ്മുകളും വി.വി പാറ്റുകളും ജനങ്ങളെ പരിചയപ്പെടുത്തുന്നതിനായി 140 മണ്ഡലങ്ങളിലും വോട്ടുവണ്ടികളും പ്രയാണമാരംഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.