കേ​ര​ള ആ​ശ ഹെ​ൽ​ത്ത് വ​ർ​ക്കേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ടേ​റി​യ​റ്റി​നു മു​ന്നി​ൽ സം​ഘ​ടി​പ്പി​ച്ച മ​ഹാ​സം​ഗ​മം

ആശ വർക്കർമാരുടെ സമരം: പിന്തുണച്ചവർക്കെതിരെയും കേസ്‌; 48 മണിക്കൂറിനുള്ളിൽ സ്റ്റേഷനിൽ ഹാജരാകണം

തിരുവനന്തപുരം: ആശ വർക്കർമാരുടെ സമരത്തിൽ പിന്തുണയേകിയവർക്കെതിരെയും നടപടിയെടുത്ത്‌ പൊലീസ്‌. മഹാസംഗമത്തിൽ പങ്കെടുത്ത 14 പേർക്കുകൂടി കന്റോൺമെന്റ്‌ പൊലീസ് നോട്ടീസയച്ചു.

ആശ വർക്കർമാർക്ക് പുറമേ ഉദ്ഘാടകൻ ജോസഫ് സി. മാത്യു, കെ.ജി. താര, എം. ഷാജർഖാൻ, ആര്‍. ബിജു, എം.എ. ബിന്ദു, കെ.പി. റോസമ്മ, ശരണ്യ രാജ്, എസ്. ബുർഹാൻ, എസ്. മിനി, ഷൈല കെ. ജോൺ എന്നിവര്‍ക്കാണ് നോട്ടീസ് നൽകിയത്‌. 48 മണിക്കൂറിനുള്ളിൽ സ്റ്റേഷനിൽ ഹാജരാകണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ചെയ്യുന്ന ആശ വർക്കർമാർക്ക് പൊലീസ് നേരത്തെ നോട്ടീസ് അയച്ചിരുന്നു. ഗതാഗത തടസ്സമുണ്ടാക്കി അന്യായമായി സംഘംചേർന്ന് നടത്തുന്ന സമരം നിർത്തമെന്നാവശ്യപ്പെട്ടാണ് കന്‍റോൺമെന്‍റ്​ പൊലീസ് നോട്ടീസ് നൽകിയത്.

അതേസമയം, ആശ വർക്കർമാരുടെ സമരത്തിന് പിന്തുണയുമായി ശശി തരൂർ എം.പി ബുധനാഴ്‌ച സമരപ്പന്തലിലെത്തി. ആശമാരുടെ പ്രവർത്തനം ജനം നേരിട്ട് അനുഭവിച്ചറിയുന്നതാണെന്നും നിലവിൽ നൽകുന്ന ഓണറേറിയം കുറവാണെന്നും അത് വർധിപ്പിക്കണമെന്നും തരൂർ ആവശ്യപ്പെട്ടു. ആരോടാണ്‌ സി.പി.എമ്മും എൽ.ഡി.എഫ്‌ ഗവൺമെന്റും യുദ്ധപ്രഖ്യാപനം നടത്തുന്നതെന്ന്‌ പന്തലിലെത്തിയ ഷിബു ബേബി ജോണും ചോദിച്ചു.

അതിനിടെ, ആശ വർക്കർമാരുടെ അടിസ്ഥാന ആവശ്യങ്ങൾ പോലും ചർച്ച ചെയ്യാനോ അംഗീകരിക്കാനോ സർക്കാർ തയാറാകാത്ത സാഹചര്യത്തിൽ മാർച്ച് മൂന്നിന് സെക്രട്ടേറിയറ്റ് പടിക്കൽ നിന്നും നിയമസഭയിലേക്ക് മാർച്ച് നടത്തും.

സെക്രട്ടേറിയറ്റിന് മുന്നിലെ രാപകൽ സമരത്തിന് നേതൃത്വം നൽകുന്ന കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷനാണ് നിയമസഭ മാർച്ച് പ്രഖ്യാപിച്ചത്. ഫെബ്രുവരി 27ന് ആലപ്പുഴ, മലപ്പുറം ജില്ലകളിലും 28ന് കൊല്ലം കോഴിക്കോട് ജില്ലകളിലും കലക്ടറേറ്റ് മാർച്ചും സംഘടിപ്പിക്കുന്നുണ്ട്‌.

Tags:    
News Summary - Asha Workers' Strike: Case Against Supporters

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.