കോട്ടയം: ആശ വര്‍ക്കര്‍മാരുടെ സമരത്തിനും നേതൃത്വം നൽകുന്ന സമരസമിതി നേതാവ് എസ്. മിനിക്കും നേരെ വീണ്ടും സി.ഐ.ടി.യു നേതാക്കളുടെ അധിക്ഷേപം. എസ്. മിനി സാംക്രമികരോഗം പരത്തുന്ന ‘കീട’മാണെന്നാണ് സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്‍റ് പി.ബി. ഹര്‍ഷകുമാര്‍ അധിക്ഷേപിച്ചത്.
സമരത്തിന്‍റെ ചെലവിൽ കുറേ ദിവസമായി തിരുവനന്തപുരത്ത് കഴിഞ്ഞു കൂടുകയാണ്. കേരളത്തിലെ ബസ് സ്റ്റാൻഡുകളുടെ മുന്നിൽ പാട്ടകുലുക്കി പിരിവ് നടത്തുന്ന പാർട്ടിയാണ് സമരത്തിന് പിന്നിൽ പ്രവർത്തിക്കുന്നത്. അതിന്‍റെ നേതാവാണ് മിനിയെന്നുമായിരുന്നു പി.ബി. ഹർഷകുമാറിന്‍റെ അധിക്ഷേപം.
എസ്. മിനിക്കെതിരായ ‘കീടം’ പരാമർശം ബോധപൂർവം പറഞ്ഞതാണെന്നും നികൃഷ്ടജീവി പരാമർശത്തിന് പോലും അർഹതപ്പെട്ട ആളാണ് മിനിയെന്നും പി.ബി. ഹർഷകുമാർ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. ഞാൻ ആരെയും അധിക്ഷേപിച്ച് സംസാരിക്കാറില്ല.
ഇന്ത്യയുടെ ചരിത്രം പരിശോധിച്ചാൽ, ബി.ജെ.പിക്ക് കുഴപ്പം വന്നാൽ അവർക്ക് താങ്ങായി പോകുന്ന കമ്യൂണിസ്റ്റ് എന്ന് പേര് ഉപയോഗിക്കുന്ന പാർട്ടിയാണിത്. അതിനാണ് ‘കീടം’ കൊണ്ട് ഉദ്ദേശിച്ചത്. നാക്കിന് എല്ലിലാതെ എന്തും വിളിച്ചു പറയുന്ന സ്ത്രീയാണ് മിനി. അവരെപറ്റി ബോധപൂർവമാണ് താൻ പറഞ്ഞതെന്നും ഹർഷകുമാർ വ്യക്തമാക്കി.
പി.ബി. ഹർഷകുമാറിന്‍റെ ‘കീടം’ പരാമർശത്തിൽ രൂക്ഷ പ്രതികരണമാണ് എസ്. മിനി നടത്തിയത്. സി.ഐ.ടി.യുക്കാർ 51 വെട്ട് വെട്ടാഞ്ഞത് ഭാഗ്യമെന്നാണ് മിനി പ്രതികരിച്ചത്. തന്നെ നികൃഷ്ട ജീവിയെന്ന് വിളിച്ചില്ലല്ലോ എന്നതിൽ ആശ്വാസമുണ്ട്.
ആശ വർക്കർമാരുടെ സമരത്തോടെ സി.ഐ.ടി.യുവിന്റെ ആണിക്കല്ല് ഇളകിയെന്ന് സി.ഐ.ടി.യു നേതാവിന്‍റെ പ്രസ്താവന കൊണ്ട് മനസിലാകുന്നത്. ആക്ഷേപങ്ങൾക്ക് പൊതുജനം മറുപടി നൽകുമെന്നും എസ്. മിനി ചൂണ്ടിക്കാട്ടി.
അതേസമയം, അധിക്ഷേപ പരാമർശം നടത്തിയ സി.ഐ.ടി.യു നേതാവ് പി.ബി. ഹർഷകുമാറിനെ തള്ളി സി.പി.എം സംസ്ഥാന അധ്യക്ഷൻ എം.വി. ഗോവിന്ദൻ രംഗത്തെത്തി. വിമർശിക്കാൻ മോശം പദപ്രയോഗം നടത്തേണ്ടതില്ലെന്നും വിമർശിക്കാൻ നല്ല പദം ഉപയോഗിക്കണമെന്നും എം.വി. ഗോവിന്ദൻ വ്യക്തമാക്കി.
സമരവും സമരനേതൃത്വവും തമ്മിൽ വ്യത്യാസമുണ്ട്. അതിൽ എസ്.ഡി.പി.ഐയും ജമാഅത്തെ ഇസ്ലാമിയും എസ്.യു.സി.ഐയും ഉണ്ട്. അരാജകവാദികളായ നിരവധി പേരുണ്ട്. അതിനോട് സി.പി.എമ്മിന് ശക്തിയായ വിയോജിപ്പിട്ടുണ്ടെന്നും എം.വി. ഗോവിന്ദൻ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.