ആശാ സമരം: ഭീഷണി വിലപ്പോകില്ലെന്ന് കെ. സുധാകരന്‍ എം.പി

തിരുവനന്തപുരം: തൊഴിലാളികളുടെ രക്തം ഊറ്റിക്കുടിച്ച് കുളയട്ടയെപ്പോലെ വീര്‍ത്ത സിപിഎം ഇപ്പോള്‍ അവരെ താറടിക്കുന്നത് കാടത്തമാണെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ എം.പി. പാര്‍ട്ടിപ്പത്രവും മന്ത്രിമാരുമെല്ലാം ഒന്നിനു പിറകെ ഒന്നായി ആശാവര്‍ക്കര്‍മാര്‍ക്കെതിരേ ഉറഞ്ഞുതുള്ളിയിട്ടും മുഖ്യമന്ത്രി സമരക്കാരെ കണ്ടില്ലെന്നു നടിക്കുന്നു. അവരുമായി ചര്‍ച്ച നടത്താനോ അവരെ കാണാനോ മുഖ്യമന്ത്രിക്ക് സമയമില്ല. കൊച്ചിയില്‍ പറന്നിറങ്ങിയ കോട്ടിന്റെയും സ്യൂട്ടിന്റെയും ഇടയില്‍ അദ്ദേഹം ദിവസങ്ങളോളം വിഹരിക്കുകയായിരുന്നു.

അധിക്ഷേപങ്ങളുടെ പിന്നാലെയാണ് ഇപ്പോള്‍ ഭീഷണിയും മുഴക്കിയിരിക്കുന്നത്. ആശാവര്‍ക്കര്‍മാര്‍ ഉടനടി ജോലിക്കു കയറണമെന്ന സര്‍ക്കാരിന്റെ അന്ത്യശാസനത്തിന് പഴയ ചാക്കിന്റെപോലും വിലയില്ല. അധികാരത്തിലുള്ളപ്പോള്‍ സി.പി.എമ്മിന് തൊഴിലാളികളോടും സമരങ്ങളോടും പുച്ഛവും അധിക്ഷേപവും മാത്രം. മുഖ്യമന്ത്രി കടുംപിടിത്തം ഉപേക്ഷിച്ച് ആശാവര്‍ക്കര്‍മാരുമായി ചര്‍ച്ചയ്ക്ക് തയാറാകണം. കേരളീയ പൊതുസമൂഹവും കോണ്‍ഗ്രസും ആശവര്‍ക്കര്‍മാരുടെ കൂടെയുണ്ടെന്ന് സുധാകരന്‍ ആവര്‍ത്തിച്ചു.

മൂന്നാര്‍ ടീ എസ്‌റ്റേറ്റില്‍ തോട്ടം തൊഴിലാളികള്‍ പെണ്‍പിള്ളൈ ഒരുമൈ എന്ന പേരില്‍ 2015ല്‍ നടത്തിയ സമരംപോലെ അരാജക സംഘടനകള്‍ നടത്തുന്ന സമരമാണിതെന്ന് സി.പി.എം അധിക്ഷേപിക്കുന്നു. അന്ന് ആ സമരത്തെ മുന്‍മന്ത്രി എം.എം. മണി ലൈംഗികചുവയുള്ള ഭാഷാപ്രയോഗം നടത്തി അപമാനിച്ചിരുന്നു. ആ സമരത്തെ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി എങ്ങനെയാണ് നേരിട്ടതെന്ന് പിണറായി വിജയന്‍ കണ്ണുതുറന്നു കാണണം.

പ്ലാന്റേഷന്‍ ലേബര്‍ കമ്മിറ്റി മൂന്നു തവണ ചര്‍ച്ച നടത്തിയിട്ടും സമരം തീര്‍ന്നില്ല. ഒത്തുതീര്‍പ്പു കലയുടെ ആശാന്‍ ആര്യാടന്‍ മുഹമ്മദ് ചര്‍ച്ച നടത്തിയിട്ടും ഫലമുണ്ടായില്ല. തുടര്‍ന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും തൊഴില്‍മന്ത്രി ഷിബു ബേബി ജോണും നാലാംവട്ടം മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചയ്ക്ക് ഒടുവിലാണ് ഒത്തുതീര്‍പ്പുണ്ടായത്.

ചരിത്രത്തിലാദ്യമായി തോട്ടം തൊഴിലാളികള്‍ക്ക് 30 ശതമാനം വരെ ദിവസക്കൂലി കൂട്ടിക്കൊടുത്തു. പ്രബലരായ പ്ലാന്റേഷന്‍ ലോബിയെ വരച്ചവരയില്‍ നിര്‍ത്തി. അന്നു പെണ്‍പിള്ളൈ ഒരുമൈ സമരക്കാര്‍ ഉമ്മന്‍ ചാണ്ടിയുടെ കൈകളില്‍ മുത്തമിട്ടാണ് മടങ്ങിയതെന്ന് സുധാകരന്‍ ചൂണ്ടിക്കാട്ടി.

Tags:    
News Summary - Asha strike: K. that the threat will not be worth it. Sudhakaran M.P

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.