ആശപ്രവർത്തകർ രാപകൽ സമരം നാളെ അവസാനിപ്പിക്കും; ഇനി സമരം ജില്ലകളിലേക്ക്

തിരുവനന്തപുരം: വേതന വർധന അടക്കം വിവിധ ആവശ്യങ്ങൾ ഉയർത്തി ആശപ്രവർത്തകർ സെക്രട്ടറിയേറ്റിന് മുമ്പിൽ നടത്തിയ രാപകൽ സമരം അവസാനിപ്പിക്കുന്നു. 266 ദിവസമായ നാളെയാണ് സമരം അവസാനിപ്പിക്കുക. സമരപ്രതിജ്ഞ ദിനമായ നാളെ പുതിയ സമരരീതി പ്രഖ്യാപിച്ചായിരിക്കും സമരം നിർത്തുക. ഇനി ജില്ലകൾ കേന്ദ്രീകരിച്ചാണ് ആശമാർ സമരം തുടരുക.

സമരത്തിന്‍റെ രൂപമാണ് മാറുന്നതെന്നും മിനിമം കൂലി എന്ന ആവശ്യം അംഗീകരിക്കും വരെ സമരം തുടരുമെന്നും സമരസമിതി നേതാവ് എം.എ. ബിന്ദു പറഞ്ഞു. ഓണറേറിയം വർധനവ് 21,000 രൂപയാകുന്നതുവരെയും വിരമിക്കൽ ആനുകൂല്യം 5 ലക്ഷം രൂപ പ്രഖ്യാപിക്കുന്നത് വരെ സമരം തുടരുമെന്നും ബിന്ദു വ്യക്തമാക്കി.

ഓണറേറിയം ലഭിക്കാനുള്ള 10 മാനദണ്ഡങ്ങൾ പിൻവലിച്ചതും കേന്ദ്ര സർക്കാർ 50,000 രൂപ വിരമിക്കൽ ആനുകൂല്യം പ്രഖ്യാപിച്ചതും സമരനേട്ടമായി ആശമാർ ഉയർത്തിക്കാട്ടുന്നു. അതേസമയം, ആവശ്യങ്ങൾ പൂർണമായി അംഗീകരിക്കാത്ത സാഹചര്യത്തിൽ തദ്ദേശ തെരഞ്ഞെടുപ്പിൽ സംസ്ഥാന സർക്കാരിനെതിരെ പ്രചാരണം നടത്താൻ ആശമാർ തീരുമാനിച്ചിട്ടുണ്ട്.

എട്ടരമാസം നീണ്ട രാപകൽ സമരമാണ് ആശമാർ അവസാനിപ്പിക്കുന്നത്. കുടുംബസംഗമം, മഹാസംഗമം, നിയമസഭ മാർച്ച്, വനിത സംഗമം, സെക്രട്ടറിയേറ്റ് ഉപരോധം, കൂട്ട ഉപവാസം, മുടിമുറിക്കൽ സമരം, പൗരസാഗരം, രാപകൽ സമരയാത്ര, പ്രതിഷേധ സദസ്, നിരാഹാരസമരം അടക്കം വിവിധ സമര ഘട്ടങ്ങളിലൂടെ ആശപ്രവർത്തകർ കടന്നുപോയി. നിരവധി ദിവസത്തെ നിരാഹാര സമരം മെയിൽ ആശമാർ അവസാനിപ്പിച്ചു. തുടർന്ന് റിലേ നിരാഹാരസമരവും മുടിമുറിക്കൽ സമരവും നടത്തി. ഇതിനിടെ സെക്രട്ടറിയേറ്റ് മാർച്ചും നടത്തി.

അവസാനം മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ്ഹൗസിലേക്ക് ആശമാർ മാർച്ച് നടത്തുകയും അത് പൊലീസ് സംഘർഷത്തിൽ കലാശിക്കുകയും ചെയ്തിരുന്നു. ആശപ്രവർത്തകർക്ക് ഒരു രൂപ പോലും വേതനം വർധിപ്പിക്കില്ലെന്ന് പറഞ്ഞ സർക്കാറിനെ കൊണ്ട് വേതനം വർധിപ്പിക്കാൻ സാധിച്ചുവെന്നതാണ് സുപ്രധാന നേട്ടം.

അതേസമയം, വേതനത്തിൽ വരുത്തിയ നേരിയ വർധന സ്വഗതാർഹമാണെങ്കിലും ​തൃപ്തികരമല്ലെന്നാണ്​ ആശ പ്രവർത്തകരുടെ പ്രതികരണം. ആവശ്യപ്പെട്ടത് 21000 രൂപയാണ്. മന്ത്രിസഭ തീരുമാനത്തോടെ ഓണറേറിയം വർധിപ്പിക്കേണ്ടത് സർക്കാർ ആണെന്ന് മുഖ്യമന്ത്രി അംഗീകരിച്ചു. സമരത്തിന്റെ തുടർന്നുള്ള രീതി വ്യാഴാഴ്ച ​​പ്രഖ്യാപിക്കുമെന്നും അവർ അറിയിച്ചു.

വേതന വർധനവിനായി സെക്രട്ടേറിയറ്റിന്​ മുന്നിൽ നടത്തുന്ന അനിശ്ചിതകാല സമരത്തിന്​ പുറമേ വിവിധ പ്രക്ഷോഭ രീതികൾ ആശമാർ സ്വീകരിച്ചെങ്കിലും സർക്കാർ വഴങ്ങിയിരുന്നില്ല. ഏറ്റവുമൊടുവിൽ ക്ലിഫ്​ ഹൗസിലേക്ക് മാർച്ചും നടത്തിയിരുന്നു. വേതന വർധനവ്​ കേന്ദ്ര സർക്കാറിന്‍റെ ഉത്തരവദിത്തമാണെന്ന്​ ആവർത്തിച്ചിരുന്ന സർക്കാർ, സമരം കടുത്തപ്പോഴും ഓണറേറിയത്തിൽ നേരിയ വർധന പോലും ​​പ്രഖ്യാപിക്കാൻ മടിച്ചെന്നും ആശമാർ വ്യക്തമാക്കി.

ആശമാരുടെ ഓണറേറിയത്തിൽ 1000 രൂപയുടെ വർധനവാണ് സർക്കാർ പ്രഖ്യാപിച്ചത്. 26,125 പേർക്ക് ഇതിന്‍റെ പ്രയോജനം ലഭിക്കും. ഇവർക്ക് ഇതുവരെയുള്ള കുടിശികയും നൽകും. ഈ ഇനത്തിൽ പ്രതിവർഷം 250 കോടി രൂപയാണ് സർക്കാർ അധിക ചെലവ്​ പ്രതീക്ഷിക്കുന്നത്​. തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പ്​ ആസന്നമായ​തോടെ വിവിധ മേഖലകളിലെ ആനുകൂല്യങ്ങൾ വർധിപ്പിച്ചതിനൊപ്പം ആശമാരുടെ വേതനവും 1000 രൂപ വർധിപ്പിച്ച്​​ തീരുമാനമെടുക്കുകയായിരുന്നു.

Tags:    
News Summary - ASHA activists' day-night strike to end tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.