കൊച്ചി: സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ആഗോള നിക്ഷേപക സംഗമമായ ‘അസെന്‍ഡ് 2020’ന് തുടക്കം. എറണാകുളം ലുലു ബോള്‍ഗാട്ടി ഇൻറര്‍നാഷനല്‍ കണ്വെന്ഷന് സെൻററില്‍ മുഖ്യമന്ത്രി പ ിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. പ്രളയ ശേഷം നവകേരളം സൃഷ്ടിക്കാനുള്ള പദ്ധതികൾക്കാണ് കേരളം ശ്രമിക്കുന്നതെന്നും അത ിന്‍റെ ഭാഗാമായാണ് നിക്ഷേപം വർധിപ്പിക്കാനുള്ള നടപടികളെന്നും മുഖ്യന്ത്രി പറഞ്ഞു. ദേശീയ ജലപാത ഈ വർഷം പൂർത്തിയാക ും, ഇതോടെ കോവളം മുതൽ ബേക്കൽ വരെ ബോട്ടിൽ സഞ്ചരിക്കാനാകും. സെമി ഹൈസ്പീഡിൽ റെയിൽ പദ്ധതി പുരോഗമിക്കുകയാണ്, പൂർത്തി യായാൽ നാലു മണിക്കൂറിൽ കാസർകോട് നിന്ന് തിരുവനന്തപുരത്ത് എത്താനാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇന്ത്യയ ിലെ ഏറ്റവും മികച്ച അഞ്ച് നിക്ഷേപക സൗഹൃദ സംസ്ഥാനങ്ങളിൽ ഒന്നാക്കി കേരളത്തെ മാറ്റുകയാണ് ലക്ഷ്യം. 10 വർഷത്തിനകം തൊ ഴിലില്ലായ്മ പൂർണ്ണമായും ഇല്ലാതാക്കാനുള്ള നടപടികളാണ് സർക്കാർ സ്വീകരിക്കുന്നത്. നാല് അന്താരാഷ്ട്ര വിമാനത്താവ ളങ്ങൾ, സീപോർട്ടുകൾ എന്നിവ കേരളത്തിലുണ്ട്. ദേശീയപാതാ വികസനം അതിവേഗം പുരോഗമിക്കുകയാണ്. മലയോര ഹൈവേ, തീരദേശ ഹൈവേ, ദേശീയ ജലപാത എന്നിവയും പൂർത്തിയായി വരികയാണ്.കൊച്ചി-കോയമ്പത്തൂർ വ്യവസായ ഇടനാഴിക്കുള്ള സ്ഥലമെടുപ്പ് നടപടികൾ പുരോഗമിക്കുകയാണ്. ഈ വർഷം അവസാനത്തോടെ കേരളത്തിലെ മുഴുവൻ റോഡുകളും മികച്ച രീതിയിൽ ഗതാഗത യോഗ്യമാക്കും.
വൻ വ്യവസായങ്ങൾക്ക് ഭൂപരിഷ്കരണ നിയമത്തിൽ ഇളവു നൽകുന്ന കാര്യവും പരിഗണനയിലാണ്. 15 ഏക്കറിലധികം ഭൂമി കൈവശം വെക്കരുതെന്നാണ് നിയമം അനുശാസിക്കുന്നതെങ്കിലും 250 കോടിയിൽപ്പരം നിക്ഷേപമുള്ളതും ആയിരത്തിലധികം പേർക്ക് തൊഴിൽ നൽകുന്നതുമായ സ്ഥാപനത്തിന് 15 ഏക്കറിലധികം ഭൂമി കൈവശം വെക്കാമെന്ന വ്യവസ്ഥ കൊണ്ടുവരുന്നതിന് സർക്കാർ നടപടിയെടുക്കും.
റോഡിന്‍റെ വീതിക്ക് ആനുപാതികമായി മാത്രമേ കെട്ടിടം നിർമിക്കാവൂ എന്ന നിയമം ഇളവു ചെയ്യാനും ഉടൻ നടപടി സ്വീകരിക്കും. നിലവിൽ എട്ട് മീറ്റർ വീതിയിലുള്ള റോഡിനു സമീപം 18,000 ചതുരശ്ര അടിയിലധികം വിസ്തീർണ്ണമുള്ള കെട്ടിടം അനുവദിക്കില്ല.
സ്ത്രീകൾക്ക് വൈകിട്ട് 7 മുതൽ രാവിലെ 6 വരെ ജോലി ചെയ്യാൻ അനുമതി നൽകും. സുരക്ഷിത താമസം അടക്കമുള്ള നടപടികൾ സ്ഥാപന ഉടമ സജ്ജീകരിക്കണം. വ്യവസായ യൂനിറ്റുകൾക്ക് ആവശ്യമായ വൈദ്യുതി, വെള്ളം ലഭ്യമാക്കുന്നതിന് നടപടികൾ വേഗത്തിലാക്കും. 20,000 ചതുരശ്ര അടിയിൽ അധികമുള്ള സിംഗിൾ ഫാക്ടറി കോംപ്ലക്സുകൾക്കുള്ള അനുമതി, ജിയോളജി വകുപ്പിന്‍റെ അനുമതി എന്നിവ ഏക ജാലക സംവിധാനത്തിൽ ഉൾപ്പെടുത്തും. വൈദ്യുതി കണക്ഷൻ അപ്ഗ്രേഡ് ചെയ്യപ്പോൾ കെട്ടിവെക്കുന്ന തുക ഭാവിയിലേക്കുള്ള താരിഫിൽ നിന്ന് തുക കുറവ് ചെയ്ത് നൽകാനും സർക്കാർ നടപടി സ്വീകരിച്ചിട്ടുണ്ട്. രജിസ്റ്റർ ചെയ്യുന്ന നിക്ഷേപകർക്ക് തൊഴിലാളിയെ അടിസ്ഥാനമെടുത്തി 5 വർഷത്തേക്ക് സബ്സിഡി നൽകുന്ന പുതിയ പദ്ധതിയും സർക്കാർ വിഭാവനം ചെയ്യുന്നുണ്ട് -മുഖ്യമന്ത്രി വിശദീകരിച്ചു.
കാർഷിക അഭിവൃദ്ധിയിലൂടെയും വ്യാവസായിക വളർച്ചയിലുടെയും സാമ്പത്തിക മുന്നേറ്റമാണ് ലക്ഷ്യമെന്ന് ചടങ്ങിൽ അധ്യക്ഷത വ്യവസായ മന്ത്രി ഇ.പി. ജയരാജൻ പറഞ്ഞു.
കേരളത്തിലെ നിക്ഷേപ അവസരങ്ങളെക്കുറിച്ചുള്ള ഹ്രസ്വ വീഡിയോ ചടങ്ങിൽ പ്രദർശിപ്പിച്ചു. കിൻഫ്രയെക്കറിക്കുള്ള കോഫീ ടേബിൾ ബുക്ക് മുഖ്യമന്ത്രി പ്രകാശനം ചെയ്തു. ചീഫ് സെക്രട്ടറി ടോം ജോസ്, വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെ. ഇളങ്കോവൻ, ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി, ആർ.പി. ഗ്രൂപ്പ് ചെയർമാൻ ഡോ. ബി. രവി പിള്ള, ഇൻഡസ്ട്രീസ് ആൻഡ് കൊമേഴ്സ് പ്രിൻസിപ്പൽ സെക്രട്ടറി സഞ്ജയ് ഗാർഗ് തുടങ്ങിയവർ പങ്കെടുത്തു.
വ്യാഴം, വെള്ളി ദിവസങ്ങളിലായി നടക്കുന്ന സംഗമത്തിൽ ദേശീയ, അന്തര്‍ദേശീയ തലത്തിലെ വ്യവസായികളും നിക്ഷേപകരുമടക്കം 2000ത്തില്പരം പ്രമുഖര്‍ പങ്കെടുക്കും. നൂറു കോടിയിലേറെ മുതല്‍മുടക്കുള്ള 18 മെഗാ സംരംഭങ്ങൾ ഉൾപ്പെടെ നൂറില്‍പരം വ്യവസായ പദ്ധതികളാണ് നിക്ഷേപകര്‍ക്ക് മുന്നില്‍ സർക്കാർ അവതരിപ്പിക്കുന്നത്. 2000 ഏക്കറാണ് പദ്ധതികള്‍ക്കായി കണ്ടെത്തിയിരിക്കുന്നത്.
അടിസ്ഥാന സൗകര്യം, പെട്രോ കെമിക്കല്‍സ്, പ്രതിരോധം, കാര്‍ഷിക-ഭക്ഷ്യസംസ്കരണം എന്നിവ മുതല്‍ ഇലക്ട്രോണിക് ഹാർഡ്വെയര്, വിനോദസഞ്ചാരം, തുറമുഖങ്ങള്വരെ നീളുന്നതാണ് പദ്ധതികൾ. വ്യവസായിക പാര്‍ക്കുകള്‍, ലോജിസ്റ്റിക്സ്, എം.എസ്.എം.ഇ, ഗതാഗത വികസനവും വൈദ്യുതി വാഹനങ്ങളും ജീവശാസ്ത്രം, ആയുര്‍വേദം, ടൂറിസം, ഭക്ഷ്യസംസ്കരണം, തുറമുഖവും വ്യോമയാന സാധ്യതകളും തുടങ്ങിയ വിഷയങ്ങളിലാണ് ചര്‍ച്ച നടക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.