വിജയശേഷം ആര്യാടൻ ഷൗക്കത്ത് മാതാവ് പി.വി. മറിയുമ്മയെ കെട്ടിപ്പിടിക്കുന്നു
നിലമ്പൂർ: അക്ഷരാർഥത്തിൽ അഗ്നിപരീക്ഷ ജയിച്ച് ആര്യാടൻ ഷൗക്കത്തിന്റെ തിരിച്ചുവരവ്. 2016ൽ പി.വി. അൻവറിനോട് പരാജയപ്പെട്ട ഷൗക്കത്തിന് സ്വന്തം തട്ടകത്തിൽ ഒരു തോൽവികൂടി നേരിട്ടാൽ രാഷ്ട്രീയഭാവിതന്നെ അനിശ്ചിതത്വത്തിലാവുമായിരുന്നു.
ജില്ലയിൽ ഗ്രൂപ്പിസത്തിന്റെ പേരിൽ മാസങ്ങൾക്കുമുമ്പ് സംസ്ഥാന നേതൃത്വത്തിന്റെ പരസ്യതാക്കീത് ഏറ്റുവാങ്ങിയതോടെ പാർട്ടിക്കുള്ളിലും സ്വാധീനം കുറഞ്ഞുവരുകയായിരുന്നു. അൻവർ അടക്കമുള്ള പ്രതികൂല സാഹചര്യങ്ങളെയാണ് ഷൗക്കത്ത് മികച്ച വിജയത്തിലൂടെ മറികടന്നത്.
2016നെ അപേക്ഷിച്ച് ചില ഘടകങ്ങൾ ഇത്തവണ ഷൗക്കത്തിന് അനുകൂലമായി. ലീഗിന്റെ ഉറച്ച പിന്തുണയാണ് മുഖ്യം. പിതാവിനെപ്പോലെ കടുത്ത ലീഗ് വിമർശകനായിരുന്നതിനാൽ 2016ൽ ഷൗക്കത്ത് മത്സരിക്കുമ്പോൾ ലീഗ് അത്ര വലിയ പ്രാധാന്യം നിലമ്പൂരിന് നൽകിയിരുന്നില്ല. എന്നാൽ, ഇത്തവണ ലീഗ് കൈമെയ് മറന്ന് കൂടെ നിന്നു.
മതസാമുദായിക സംഘടനകളുമായുള്ള ബന്ധത്തിലും ഷൗക്കത്ത് കാര്യമായ മാറ്റം വരുത്തി. നാലു തവണ മന്ത്രിയും 34 വര്‍ഷം നിലമ്പൂര്‍ എം.എല്‍.എയുമായിരുന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ആര്യാടന് മുഹമ്മദിന്റെ മകനായ ഷൗക്കത്ത് കെ.പി.സി.സി ജനറല്‍ സെക്രട്ടറിയാണ്. സിനിമ, സാമൂഹിക, സാംസ്കാരിക ഭരണരംഗങ്ങളിലും കഴിവ് തെളിയിച്ചു.
കെ.എസ്.യു നിലമ്പൂര്‍ താലൂക്ക് സെക്രട്ടറി, യൂത്ത് കോണ്‍ഗ്രസ് മലപ്പുറം ജില്ല സെക്രട്ടറി, കേരള ദേശീയ വേദി ജില്ല പ്രസിഡന്റ്, കെ.പി.സി.സി അംഗം, നിലമ്പൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, നഗരസഭ ചെയര്മാന്, സംസ്കാര സാഹിതി സംസ്ഥാന ചെയര്മാന് തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. കാലിക്കറ്റ് സര്‍വകലാശാലയില്‍നിന്ന് ജന്തുശാസ്ത്രത്തില്‍ ബിരുദം. മാതാവ്: പി.വി. മറിയം. ഭാര്യ: മുംതാസ് ബീഗം. മക്കള്‍: ഡോ. ഒഷിന്‍ സാഗ, ഒലിന്‍ സാഗ, ഒവിന് സാഗ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.