വെയിലിൽ പൊള്ളിയും മഴയിൽ നനഞ്ഞും നിങ്ങൾ തെരുവിലുണ്ടായിരുന്നു; ഇത് എന്റെയും നിങ്ങളുടെയും ഈ നാടിന്റെയും സന്തോഷം - ഉപതെരഞ്ഞെടുപ്പ് വിജയത്തിൽ ആര്യാടൻ ഷൗക്കത്ത്

വീറും വാശിയുമേറി നിലമ്പൂർ ഉപതെരഞ്ഞെടുപ്പിലെ മിന്നും വിജയത്തിൽ കൂടെ നിന്നവർക്ക് നന്ദി പറഞ്ഞ് യു.ഡി.എഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് മുതൽ നിലമ്പൂരിലെ ജനങ്ങൾ തന്റെ കൂടെയുണ്ടായിരുന്നുവെന്നും യു.ഡി.എഫിന്റെ വിജയത്തിനായി അഹോരാത്രം പ്രവർത്തിക്കുകയായിരുന്നുവെന്നുമാണ് ഷൗക്കത്ത് കുറിച്ചത്.

നിലമ്പൂരിൽ 10,792 വോട്ടിന്‍റെ ഭൂരിപക്ഷത്തിൽ ആര്യാടൻ ഷൗക്കത്ത് എൽ.ഡി.എഫ് സ്ഥാനാർഥി എം. സ്വരാജിനെ പരാജയപ്പെടുത്തിയത്. ആര്യാടൻ ഷൗക്കത്ത് 69,932 വോട്ടും സ്വരാജ് 59,140 വോട്ടും പിടിച്ചു.യു.ഡി.എഫുമായി തെറ്റിപിരിഞ്ഞ് സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച പി.വി. അൻവർ 17,873 വോട്ട് പിടിച്ചു. ബി.ജെ.പി സ്ഥാനാർഥി അഡ്വ. മോഹൻ ജോർജ് 6727 വോട്ട് നേടി നാലാം സ്ഥാനത്തെത്തി. എസ്.ഡി.പി.ഐ സ്ഥാനാർഥി അഡ്വ. സാദിഖ് നെടുത്തൊടി 1647 വോട്ടും പിടിച്ചു.

തന്റെ വിജയമെന്നത് കേവലം വ്യക്തിപരമായ സന്തോഷമല്ലെന്നും തന്റെയും നിങ്ങളുടെയും ഈ നാടിന്റെയും സന്തോഷമാണെന്നും ഷൗക്കത്ത് കുറിച്ചു.



​ആര്യാടൻ ഷൗക്കത്തിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:
നിലമ്പൂരിന്റെ സ്നേഹത്തിന്
ഹൃദയപൂർവ്വം...
ഇലക്ഷൻ പ്രഖ്യാപിച്ചത് മുതൽ നിങ്ങൾ ഓരോരുത്തരും എന്നോട് കൂടെയുണ്ടായിരുന്നു. വെയിലിൽ പൊള്ളിയും മഴയിൽ നനഞ്ഞും യു ഡി എഫിന്റെ വിജയത്തിനായി നിങ്ങൾ തെരുവിലുണ്ടായിരുന്നു.
എന്റെ വിജയമെന്നത് കേവലം വ്യക്തിപരമായ ഒരു സന്തോഷമല്ല. എന്റെയും നിങ്ങളുടെയും ഈ നാടിന്റെയും സന്തോഷമാണ്. നിങ്ങൾ ഓരോരുത്തരുടെയും വിശ്രമമില്ലാത്ത രാപ്പകലുകളുകളുടെ വിയർപ്പു ഗന്ധമുണ്ട് അതിന്‌.
യു ഡി എഫിന്റെ മുതിർന്ന നേതാക്കൾ മുതൽ സഹപ്രവർത്തകർ, പോസ്റ്റർ ഒട്ടിച്ചവർ മുതൽ വീടുകൾ കയറിയിറങ്ങിയവർ, സോഷ്യൽമീഡിയയിൽ സജീവമായവർ , വോട്ട് ഉറപ്പിക്കാൻ ഓടിനടന്നവർ, മറുനാട്ടിലിരുന്നും യു ഡി എഫിന്റെ വിജയത്തിനായി ഒത്തുകൂടി പ്രവർത്തിച്ച പ്രവാസി സുഹൃത്തുക്കൾ, സംഘടനകൾ,തെരഞ്ഞെടുപ്പിനായി വേണ്ടി മാത്രം നാട്ടിലെത്തിയ അന്യസംസ്ഥാനത്തുള്ളവർ, പ്രവാസികൾ,സാമ്പത്തികമായും ശാരീരികമായും സഹകരിച്ചവർ...
നമുക്കിടയിൽ നേതാക്കളും പ്രവർത്തകരും എന്നില്ലായിരുന്നു
എല്ലാവരും ഒരേ മനസ്സോടെ മണ്ഡലത്തിൽ നിറഞ്ഞു നിന്നു
ഇത് നമ്മുടെ ഓരോരുത്തരുടെയും വിജയമാണ്.
നിങ്ങളിൽ ഒരുവനായി
നല്ല സുഹൃത്തായി
നല്ല സഹപ്രവർത്തകനായി
നല്ല ജനപ്രതിനിധിയായി
നല്ല നിലമ്പൂരിനായി
നാളെയും നിങ്ങളോടൊപ്പമുണ്ടാകും
നന്ദി വാക്കുകളിൽ ഒതുക്കുന്നില്ല
ഏവരെയും ഹൃദയത്തോട് ചേർത്തുപിടിക്കുന്നു.
നിങ്ങളുടെ,
ആര്യാടൻ ഷൗക്കത്ത്
Tags:    
News Summary - Aryadan Shoukath thanks people for Nilambur victory

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.