ആര്യാ രാജേന്ദ്രൻ മേയറായി ചുമതലയേറ്റു; തലസ്​ഥാന നഗരത്തിന്​ ഇനി റെക്കോർഡിന്‍റെ കരുത്തും

തിരുവനന്തപുരം: തലസ്​ഥാന നഗരത്തിന്‍റെ മേയറായി ആര്യാ രാജേന്ദ്രനെ തെരഞ്ഞെടുത്തു. 54 വോട്ടുകൾ നേടിയാണ് ആര്യ മേയർ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ആകെ 99 അംഗങ്ങൾ വോട്ട് രേഖപ്പെടുത്തിയതിൽ ഒരു വോട്ട് അസാധുവായി. ക്വാറന്‍റീനിലായതിനാൽ ഒരംഗത്തിന് വോട്ട് രേഖപ്പെടുത്താൻ കഴിഞ്ഞില്ല. ആര്യാ രാജേന്ദ്രൻ (എൽ.ഡി.എഫ്) - 54, സിമി ജ്യോതിഷ് (എൻ.ഡി.എ) - 35, മേരി പുഷ്പം (യു.ഡി.എഫ്) - 09 എന്നിങ്ങനെയാണ്​ വോട്ട്​നില.


ഹാർബർ, കോട്ടപ്പുറം വാർഡുകളിൽ നിന്ന് ജയിച്ച രണ്ട്​ സ്വതന്ത്രരും എൽ.ഡി.എഫിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. മുടവൻമുകൾ വാർഡിൽ നിന്നുള്ള അംഗമാണ് മേയറായ ആര്യാ രാജേന്ദ്രൻ. ആര്യ മേയറാകുന്നതോടെ രാജ്യത്തെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ മേയറെന്ന അപൂര്‍വ നേട്ടമാണ് ആര്യക്കും തിരുവനന്തപുരത്തിനും സ്വന്തമാകുന്നത്. നേരത്തെ മേയര്‍ സ്ഥാനത്തേക്ക് പല പേരുകള്‍ ഉയര്‍ന്നിരുന്നുവെങ്കിലും അപ്രതീക്ഷിതമായാണ് ആര്യക്ക്​ നറുക്ക് വീണത്.

Full View

യുവ വനിതാ നേതാവ്, പൊതുസമ്മതിയുള്ള മുഖം മേയറായി വരുന്നത് എല്ലാം പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്നാണ് പാര്‍ട്ടിയുടെ കണക്ക് കൂട്ടല്‍. ആള്‍ സെയിന്‍റ്​സ് കോളേജിലെ ബിഎസ്.സി മാത്‌സ് വിദ്യാർഥിനിയായ ആര്യ എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം, സി.പി.എം കേശവദേവ് റോഡ് ബ്രാഞ്ച് കമ്മിറ്റി അംഗം, ബാലസംഘം സംസ്ഥാന പ്രസിഡന്‍റ്​ എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.