വലിയ ജനപ്രതീക്ഷകളുടെയും മാറ്റത്തിനായുള്ള പൊതുവികാരത്തിന്റെയും പശ്ചാത്തലത്തിലാണ് വി.ഡി. സതീശന്റെ നേതൃത്വത്തിൽ യു.ഡി.എഫ് സർക്കാർ അധികാരമേൽക്കുന്നത്. പ്രതിപക്ഷ നേതാവെന്ന നിലയിൽ വി.ഡി. സതീശൻ കാഴ്ചവെച്ച ഊർജ്ജസ്വലമായ ഇടപെടലുകളും ജനകീയ വിഷയങ്ങളിലെ ശക്തമായ നിലപാടുകളും പുതിയ സർക്കാരിനോടുള്ള പ്രതീക്ഷകൾ വർധിപ്പിച്ചിട്ടുണ്ട്. സാമ്പത്തിക വെല്ലുവിളികളും ഭരണപരമായ പ്രതിസന്ധികളും നേരിടുന്ന കേരളത്തിൽ, പുതിയ ദിശാബോധവും കാര്യക്ഷമതയും നൽകുന്ന ഭരണകൂടമായിരിക്കും ഈ സർക്കാരെന്ന പ്രതീക്ഷയാണ് പൊതുസമൂഹത്തിനുള്ളത്. പ്രാരംഭമായി ചെയ്യാൻ പോകുന്ന കാര്യങ്ങളെക്കുറിച്ച് നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന്റെ ചില പ്രതികരണങ്ങൾ പുതിയ സർക്കാരിന്റെ ഭരണശൈലി സംബന്ധിച്ച് വ്യക്തമായ സൂചനകൾ നൽകുന്നുണ്ട്.
വി.ഡി. സതീശൻ തന്റെ സമീപകാല പ്രസംഗങ്ങളിലൂടെ കേരളത്തിന്റെ സാമ്പത്തികഘടനയിലെ ഗുരുതരമായ അപകടങ്ങളെക്കുറിച്ച് ജനങ്ങൾക്ക് നൽകിയ മുന്നറിയിപ്പ് ഏറെ ശ്രദ്ധേയമായിരുന്നു . വിദേശ പണമയക്കലിനെ അമിതമായി ആശ്രയിക്കുന്ന ഒരു ഉപഭോക്തൃ സമ്പദ്‌വ്യവസ്ഥയാണ് കേരളത്തിന്റേതെന്ന യാഥാർഥ്യം അദ്ദേഹം തുറന്നുപറയുകയുണ്ടായി . പശ്ചിമേഷ്യയിലെ സംഘർഷങ്ങളും ഗൾഫ് സമ്പദ്‌വ്യവസ്ഥയിലെ മാറ്റങ്ങളും ഈ വരുമാന വരവിന് കടുത്ത ഭീഷണിയാണ് ഉയർത്തുന്നത്. ഇന്ധനവിലവർദ്ധനയും ജീവിതച്ചെലവ് പ്രതിസന്ധിയും ഇതിനൊപ്പം ചേർന്ന് സാധാരണ ജനജീവിതത്തെ ഞെരുക്കുകയാണ്.
സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരിക്കെ പുതിയ ഔദ്യോഗിക വാഹനം വാങ്ങുന്നത് തെറ്റായ സന്ദേശം നൽകുമെന്ന നിലപാടെടുത്ത് അദ്ദേഹം പുതിയ കാർ നിരസിച്ചു. തന്റെ യാത്രകൾക്ക് കുറഞ്ഞ സുരക്ഷാ അകമ്പടി മതിയെന്ന് പൊലീസിന് നിർദ്ദേശം നൽകിയതും ലളിതമായ ജീവിതശൈലിയിലൂടെ ഭരണകൂടം മാതൃകയാകണമെന്ന ആഹ്വാനവും ഒരു ചെലവുചുരുക്കൽ നയത്തിന് സർക്കാർ പ്രാധാന്യം നൽകും എന്നതിന്റെ സൂചനയാണ്. ഈ പ്രതീകാത്മക നടപടികൾ ഒരു സ്ഥായിയായ ഭരണസംസ്കാരമായി മാറുമെന്ന് പ്രതീക്ഷിക്കാം. മുൻ സർക്കാരിൽ നിന്ന് പുതിയ ഭരണകൂടം ഏറ്റെടുക്കുന്നത് ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയാണ്. ഓരോ നൂറ് രൂപ ചെലവഴിക്കുമ്പോഴും അമ്പത്തിരണ്ട് രൂപ മാത്രം വരുമാനമുള്ള ഒരു സംസ്ഥാനത്ത്, ആദ്യഘട്ടത്തിൽ ചെലവുചുരുക്കൽ നിർബന്ധമായി നടപ്പിലാക്കണം . കടബാധ്യതകൾ വർധിച്ച സംസ്ഥാനത്തിന്റെ സാമ്പത്തിക ആരോഗ്യം വീണ്ടെടുക്കുക എന്നതാണ് പുതിയ മുഖ്യമന്ത്രി നേരിടുന്ന ഏറ്റവും പ്രധാന വെല്ലുവിളി.
കേരളത്തിന്റെ നിലവിലെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചുള്ള യാഥാർഥ്യബോധത്തെ പൊതുവിജ്ഞാനവും സാമ്പത്തിക റിയലിസവുമായി സമന്വയിപ്പിച്ചുകൊണ്ടുള്ള കാഴ്ചപ്പാടായിരിക്കും അദ്ദേഹത്തിന്‍റേതെന്നാണ് ഇതിനോടകം മനസിലാക്കാൻ കഴിഞ്ഞത്. അതുകൊണ്ട് തന്നെ ഒരു ഉപഭോക്തൃ സംസ്ഥാനമെന്ന നിലയിൽ നിന്ന് ആഗോള വ്യാവസായിക കേന്ദ്രമായി കേരളത്തെ മാറ്റുക എന്ന വി. ഡിയുടെ ലക്ഷ്യം, ഒരു രാഷ്ട്രീയ മുദ്രാവാക്യമായി മാറാതെ സർക്കാരിന്റെ ഓരോ നയതീരുമാനത്തിലും പ്രതിഫലിക്കുമെന്ന് കരുതാം.
ഒരു പുതിയ കേരള മോഡൽ സാമ്പത്തിക മാതൃക കെട്ടിപ്പടുക്കുന്നതിലായിരിക്കും ടീം യു. ഡി.എഫ് സർക്കാരിന്റെ ശ്രദ്ധ പതിയാൻ പോകുന്നത് . 'മിഷൻ സമുദ്ര' വഴി 600 കിലോമീറ്റർ തീരപ്രദേശത്തെ സമുദ്ര സമ്പദ്‌വ്യവസ്ഥയാക്കി മാറ്റുക, ഇലക്ട്രിക് മൊബിലിറ്റി ഹബ്ബ് സ്ഥാപിക്കുക, 10,000 ചെറുകിട ഇടത്തരം സംരംഭങ്ങൾ സൃഷ്ടിക്കുക എന്നിവ ഇതിൽ ഉൾപ്പെടും. ഈ ലക്ഷ്യങ്ങൾ കൈവരിക്കാൻ കൃത്യമായ സമയപരിധി നിശ്ചയിച്ച് കൊണ്ട് ഉത്തരവാദിത്തത്തോടെയുള്ള തുടർ നടപടിക്രമങ്ങൾ നടക്കുന്നുണ്ടെന്ന കാര്യം ഉറപ്പ് വരുത്താനുള്ള സംവിധാനം സർക്കാർ നടപ്പിലാക്കുമെന്ന് കരുതാം . ഈ പദ്ധതികൾ യാഥാർഥ്യ മാക്കിയാൽ, അത് കേരളത്തിന്റെ ചരിത്രത്തിൽ ഒരു പുതിയ അധ്യായമായിരിക്കും. മന്ത്രിസഭാ യോഗങ്ങളുടെ തീരുമാനങ്ങൾ കൃത്യമായ സമയപരിധിക്കുള്ളിൽ നടപ്പിലാക്കുന്നുണ്ടോ എന്ന് പരിശോധിക്കുന്ന ഒരു ഡിജിറ്റൽ നിരീക്ഷണ സംവിധാനം നടപ്പിലാക്കിയാൽ വി.ഡി സതീശൻ വാഗ്ദാനം ചെയ്ത 'പെർഫോമൻസ് ഓഡിറ്റിംഗ്' പോലുള്ള സംവിധാനം വിജയകരമായി നടപ്പിലാക്കാൻ സാധിക്കും.
ഓരോ എം.എൽ.എയും അവരുടെ മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങളുടെ പുരോഗതി പൊതുജനങ്ങൾക്ക് കാണാൻ കഴിയുന്ന ഒരു ഓൺലൈൻ ഡാഷ്ബോർഡ് പ്രസിദ്ധീകരിക്കുന്നതും നന്നായിരിക്കും. അനുവദിച്ച ഫണ്ടുകൾ, ചെലവഴിച്ച തുക, പൂർത്തിയാക്കിയ പദ്ധതികൾ എല്ലാം ഇതിലൂടെ സുതാര്യമായി ജനങ്ങൾക്ക് അറിയാൻ സാധിക്കും .
വി.ഡി സതീശൻ മുൻ മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ട് കണ്ട് വികസന കാര്യങ്ങളിൽ സഹകരണം തേടിയത് ശ്രദ്ധേയമാണ്. മുൻ സർക്കാർ ആരംഭിച്ച നല്ല പദ്ധതികൾ തുടരുമെന്ന പ്രഖ്യാപനം രാഷ്ട്രീയ പക്വതയുടെ അടയാളമാണ്. ഈ സഹകരണ മനോഭാവം പാർട്ടി പ്രവർത്തകരും ഉൾക്കൊള്ളണം. പ്രതിപക്ഷത്തെ ശത്രുക്കളായല്ല, ജനാധിപത്യ പ്രക്രിയയുടെ ഭാഗമായി കാണണം.
കേരളത്തിന്റെ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്ന് വിദഗ്ദ്ധരായ യുവാക്കൾ മികച്ച അവസരങ്ങൾ തേടി സംസ്ഥാനം വിട്ടുപോകുന്നതാണ്. ഈ 'മസ്തിഷ്ക ചോർച്ച' പരിഹരിക്കാൻ വി.ഡി സതീശൻ മുന്നോട്ടുവെക്കുന്ന 'ഗ്ലോബൽ ജോബ് വാച്ച് ടവർ' തൊഴിൽ വിപണിയിലെ മാറ്റങ്ങൾക്കനുസരിച്ച് ഉന്നത വിദ്യാഭ്യാസ മേഖലയെ നവീകരിക്കുന്ന ഒരു ലേബർ മാർക്കറ്റ് ഇൻ്റലിജൻസ് സംവിധാനം ഉടൻ നടപ്പിലാക്കണം. കോളജ് വിദ്യാർഥികൾക്ക് പ്രതിമാസ സ്റ്റൈപ്പൻഡ്, യുവ സംരംഭകർക്ക് വായ്പാ പദ്ധതികൾ, എന്നിവ പ്രതീക്ഷ നൽകുന്ന നയങ്ങളാണ്. പരിചയസമ്പന്നരായ നേതാക്കളും പുതുമുഖങ്ങളും ഉൾപ്പെടുന്ന ടീമിനെ ഒരു "മികച്ച ടീമായി " പരിവർത്തിപ്പിക്കുക എന്നതായിരിക്കും വി.ഡിയുടെ മുന്നിലുള്ള പ്രഥമ ദൗത്യം .
കെ.എസ്.ആർ.ടി.സി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര, 25 ലക്ഷം രൂപയുടെ ഉമ്മൻ ചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതി, ക്ഷേമ പെൻഷൻ 3000 രൂപയായി വർധിപ്പിക്കൽ, കോളജ് വിദ്യാർഥിനികൾക്ക് പ്രതിമാസം 1000 രൂപ, യുവജനങ്ങൾക്ക് സംരംഭങ്ങൾ തുടങ്ങാൻ 5 ലക്ഷം രൂപയുടെ വായ്പ തുടങ്ങിയ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ നടപ്പിലാക്കുന്നത് സർക്കാരിന്റെ ജനകീയ അടിത്തറ ശക്തിപ്പെടുത്താൻ അനിവാര്യമാണ്. എന്നാൽ ഇവയുടെ സാമ്പത്തിക ബാധ്യത ഒരു പ്രധാന ആശങ്കയാണ്.
ഏകദേശം ഒരു ലക്ഷം കോടി രൂപ ചിലവ് വരുന്ന വികസന പദ്ധതികൾ നടപ്പിലാക്കുന്ന കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ബോർഡിന്റെ ഭാവി എന്തായിരിക്കുമെന്നതും പുതിയ സർക്കാരിന് തീരുമാനമെടുക്കേണ്ട പ്രധാന വിഷയമാണ്. ടീം യു.ഡി. എഫ് സർക്കാറിന് വഴികാട്ടിയാകാൻ കഴിയുന്ന, കേരളം കണ്ട മികച്ച ഭരണാധികാരികളുടെ സംഭാവനകൾ വിലപ്പെട്ടതാണ്. സി. അച്യുതമേനോൻ, കെ. കരുണാകരൻ, ഉമ്മൻ ചാണ്ടി എന്നിവരുടെ ഭരണകാലം ഇന്നും ഓർമ്മിക്കപ്പെടുന്നത് അവർ നടപ്പിലാക്കിയ ദീർഘവീക്ഷണമുള്ള പരിഷ്കാരങ്ങളുടെ പേരിലാണ്.
സി. അച്യുതമേനോൻ (1969-1977)
കേരളത്തിൻ്റെ സാമൂഹിക-സാമ്പത്തിക ഘടനയെ അടിമുടി മാറ്റിമറിച്ച ഭൂപരിഷ്കരണ നിയമം പൂർണ്ണമായി നടപ്പിലാക്കിയത് അച്യുതമേനോൻ സർക്കാറിന്‍റെ കാലത്താണ്. ജന്മിത്തം അവസാനിപ്പിച്ച് ലക്ഷക്കണക്കിന് കുടിയാന്മാർക്ക് ഭൂമിയിൽ അവകാശം നൽകിയ ഈ നിയമം കേരള വികസനത്തിലെ ഒരു സുപ്രധാന നാഴികക്കല്ലാണ്. വിദ്യാഭ്യാസം, പൊതുമേഖലാ സ്ഥാപനങ്ങളുടെ വളർച്ച, ഗ്രാമവികസനം തുടങ്ങിയ മേഖലകളിലും അദ്ദേഹത്തിന്റെ സർക്കാർ ശ്രദ്ധേയമായ സംഭാവനകൾ നൽകി.
കേരളത്തിൽ മുന്നണി രാഷ്ട്രീയം ശക്തമാക്കുന്നതിലും ഐക്യ ജനാധിപത്യ മുന്നണി (യു.ഡി.എഫ്) രൂപീകരിക്കുന്നതിലും നിർണായക പങ്കുവഹിച്ച നേതാവായിരുന്നു കെ. കരുണാകരൻ. കാലാവധി പൂർത്തിയാക്കിയ ആദ്യ കോൺഗ്രസ് മുഖ്യമന്ത്രിയായ അദ്ദേഹത്തിന്റെ ഭരണതന്ത്രജ്ഞത ഇന്നും ചർച്ചാവിഷയമാണ്. 1980-ൽ പൊലീസുകാരുടെ 'കാക്കി നിക്കർ' മാറ്റി പാന്റ്സ് ആക്കിയതും, കൂമൻ തൊപ്പിക്ക് പകരം എല്ലാവർക്കും ഒരേപോലെയുള്ള പൊലീസ് ക്യാപ് നടപ്പിലാക്കിയതും ചെറിയ മാറ്റമായി തോന്നാമെങ്കിലും ഭരണപരമായ ഇച്ഛാശക്തിയുടെ പ്രതീകമായി അത് മാറി. സഖ്യകക്ഷികളെ ഒരുമിപ്പിച്ച് കൊണ്ടുപോകുന്നതിലുള്ള അദ്ദേഹത്തിന്റെ വൈഭവം പുതിയ സർക്കാരിന് ഒരു പാഠപുസ്തകമാണ്.
ജനങ്ങളുമായി നേരിട്ടിടപെട്ട് അവരുടെ പ്രശ്നങ്ങൾക്ക് തത്സമയം പരിഹാരം കാണുന്ന ജനസമ്പർക്ക പരിപാടിയിലൂടെ ഉമ്മൻ ചാണ്ടി ഭരണത്തിന് ഒരു മനുഷ്യമുഖം നൽകി. "ആയിരം തീരുമാനമെടുക്കുമ്പോൾ പത്തെണ്ണം തെറ്റിപ്പോയാലും 990 പേർക്ക് നീതി കിട്ടണം" എന്ന അദ്ദേഹത്തിന്റെ നിലപാട്, ചുവപ്പുനാടയുടെ കെട്ടുപാടുകൾക്കപ്പുറം ജനങ്ങൾക്ക് നീതി ലഭ്യമാക്കുക എന്ന ഭരണാധികാരിയുടെ പ്രാഥമിക ഉത്തരവാദിത്തത്തെ ഓർമ്മിപ്പിക്കുന്നു.
അദ്ദേഹത്തിന്റെ ഭരണകാലത്താണ് കൊച്ചി മെട്രോ, കണ്ണൂർ വിമാനത്താവളം, വിഴിഞ്ഞം തുറമുഖം, വല്ലാർപാടം കണ്ടെയ്നർ ടെർമിനൽ തുടങ്ങിയ മെഗാ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്ക് വേഗം കൈവന്നത്. തൊഴിലില്ലായ്മ വേതനം, കർഷകത്തൊഴിലാളി പെൻഷൻ തുടങ്ങിയ ക്ഷേമ പദ്ധതികൾ കാര്യക്ഷമമാക്കിയതും അദ്ദേഹത്തിന്റെ ഭരണനേട്ടങ്ങളാണ്. നിയമവശങ്ങൾക്കപ്പുറം ജനങ്ങളുടെ ആവശ്യങ്ങൾക്ക് മുൻഗണന നൽകുന്ന ഈ ഭരണമാതൃക പുതിയ സർക്കാറിന് സ്വീകരിക്കാവുന്നതാണ്. സുതാര്യതയും ജനപങ്കാളിത്തവും കേരളത്തിന്റെ ഭരണ സംസ്കാരത്തിന്റെ ഭാഗമാണ്. ഇതിന് നിയമപരമായ അടിത്തറ നൽകിയത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ശാക്തീകരണമാണ്.
കേരളത്തിന്റെ ഇ-ഗവേണൻസ് സംവിധാനങ്ങൾ ജനന-മരണ സർട്ടിഫിക്കറ്റുകൾ, ഫയൽ ട്രാക്കിംഗ്—ശ്രദ്ധേയമായ മുന്നേറ്റങ്ങളാണ്. എന്നാൽ ഇവ പൂർണ്ണ ഫലപ്രാപ്തിയിലെത്തിയിട്ടില്ല. ഒരു ഫയൽ സർക്കാർ ഓഫിസിൽ പ്രവേശിക്കുന്ന നിമിഷം മുതൽ തീർപ്പ് കൽപ്പിക്കുന്നതുവരെ ജനങ്ങൾക്ക് തത്സമയം ട്രാക്ക് ചെയ്യാൻ കഴിയണം. ഓരോ ഉദ്യോഗസ്ഥനും അവരുടെ ചുമതലാ മേഖലയിലെ പ്രകടനം അളക്കുന്ന വ്യക്തമായ മാനദണ്ഡങ്ങൾ നിശ്ചയിക്കുക, ആറുമാസത്തിലൊരിക്കൽ പൊതുജന ഓഡിറ്റ് നടത്തുക ഇവ നിർബന്ധമാക്കണം. പിൻവാതിൽ നിയമനങ്ങൾക്ക് തടയിടുമെന്നും ഒഴിവുകൾ കൃത്യസമയത്ത് പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യണമെന്നുമുള്ള വി.ഡി സതീശന്റെ നിർദ്ദേശം അക്ഷരാർത്ഥത്തിൽ നടപ്പിലാക്കണം. വി.എസ്. അച്യുതാനന്ദന്റെ കാലത്തെ ഭൂമി തിരിച്ചുപിടിക്കൽ നടപടികളുടെയും ഓപ്പൺ സോഴ്സ് സോഫ്റ്റ്‌വെയർ പ്രോത്സാഹനത്തിന്റെയും ചൈതന്യം ഉൾക്കൊണ്ട്, അഴിമതിക്കെതിരെ സ്ഥാപനവത്കരിക്കപ്പെട്ട സംവിധാനങ്ങൾ ഒരുക്കണം. വിവരാവകാശ നിയമത്തിന്റെ ചൈതന്യം ഉൾക്കൊണ്ട്, വിവരങ്ങൾ മറച്ചുവെക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കണം.
കാർഷികം പോലുള്ള മേഖലകളിൽ സുതാര്യത ഉറപ്പാക്കാൻ ഇനിയും ഏറെ മുന്നോട്ട് പോകേണ്ടതുണ്ട്. ശാസ്ത്രീയ കൃഷിരീതികൾ പ്രോത്സാഹിപ്പിക്കുക, കാലാവസ്ഥാ വ്യതിയാനങ്ങളെ പ്രതിരോധിക്കാൻ കർഷകരെ സജ്ജരാക്കുക, വിപണന സാധ്യതകൾ വർധിപ്പിക്കുക എന്നിവയിലൂടെ ഈ മേഖലയെ കൂടുതൽ സുതാര്യവും കാര്യക്ഷമവുമായി കെട്ടിപ്പടുക്കാൻ സാധിക്കും.
ദേശീയ തലത്തിൽ കോൺഗ്രസ് നേതൃത്വം നൽകിയ സർക്കാറുകളുടെ ചില നിർണായക നിയമനിർമാണങ്ങളിൽ നിന്നും പദ്ധതികളിൽ നിന്നും കേരളത്തിലെ പുതിയ സർക്കാറിന് പ്രചോദനം ഉൾക്കൊള്ളാവുന്നതാണ്.
വിവരാവകാശ നിയമം (RTI Act, 2005): ഭരണത്തിൽ സുതാര്യതയും പൗരന്റെ ഉത്തരവാദിത്തവും ഉറപ്പാക്കുന്നതിൽ വിപ്ലവം സൃഷ്ടിച്ച നിയമമാണ്. സർക്കാർ സ്ഥാപനങ്ങളുടെ പക്കലുള്ള വിവരങ്ങൾ അറിയാൻ പൗരന് അവകാശം നൽകുന്ന ഈ നിയമ, ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നതിൽ കോൺഗ്രസ് നൽകിയ മഹത്തായ സംഭാവനയാണ്.
ഗ്രാമീണ മേഖലയിലെ ഓരോ കുടുംബത്തിനും വർഷത്തിൽ 100 ദിവസം തൊഴിൽ ഉറപ്പുനൽകുന്ന മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ലോകത്തിലെ തന്നെ ഏറ്റവും വലിയ സാമൂഹ്യ സുരക്ഷാ പദ്ധതികളിലൊന്നാണ്. ഗ്രാമീണ ദാരിദ്ര്യം കുറയ്ക്കുന്നതിലും വിഭവ ശേഷി വർധിപ്പിക്കുന്നതിലും ഇത് നിർണായക പങ്കുവഹിച്ചു. ഈ അവകാശാധിഷ്ഠിത നിയമങ്ങൾ, കേവലം ക്ഷേമത്തിനപ്പുറം പൗരന്റെ അവകാശമായി സേവനങ്ങളെ മാറ്റിയെടുത്തു എന്നത് പ്രധാനമാണ്.
വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള പുതിയ സർക്കാർ ഒരു നിർണായക ഘട്ടത്തിലാണ് ഭരണം ആരംഭിക്കുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധി വെല്ലുവിളിയായി നിൽക്കുമ്പോൾ, പ്രതിപക്ഷ നേതാവെന്ന നിലയിൽ നേടിയെടുത്ത ജനകീയ അംഗീകാരവും ഊർജ്ജസ്വലമായ നേതൃത്വവും വലിയ പ്രതീക്ഷകൾ നൽകുന്നു.
ലളിതവും സുതാര്യവുമായ ഒരു ഭരണശൈലി മുന്നോട്ടുവെച്ചുകൊണ്ട് ആരംഭിക്കുന്ന ഈ സർക്കാറിന് അച്യുതമേനോന്റെ ദീർഘവീക്ഷണത്തോടെയുള്ള ഘടനാപരമായ പരിഷ്കാരങ്ങളിൽ നിന്നും, കെ. കരുണാകരന്റെ രാഷ്ട്രീയ തന്ത്രജ്ഞതയിൽ നിന്നും, ഉമ്മൻ ചാണ്ടിയുടെ ജനകീയവും മനുഷ്യത്വപരവുമായ ഭരണമാതൃകയിൽ നിന്നും ഏറെ പഠിക്കാനുണ്ട്. കേരളത്തിന്റെ ശക്തമായ വികേന്ദ്രീകൃത ഭരണ സംവിധാനങ്ങളെയും ദേശീയ തലത്തിൽ കോൺഗ്രസ് സംഭാവന ചെയ്ത അവകാശാധിഷ്ഠിത നിയമങ്ങളെയും ക്രിയാത്മകമായി ഉപയോഗിച്ചാൽ, സുതാര്യതയും ഉത്തരവാദിത്തവുമുള്ള ഒരു നവകേരളം കെട്ടിപ്പടുക്കാൻ പുതിയ സർക്കാരിന് സാധിക്കും. സാമ്പത്തിക അച്ചടക്കം പാലിക്കുന്നതിനൊപ്പം ജനക്ഷേമകരമായ വാഗ്ദാനങ്ങൾ നടപ്പിലാക്കാനുള്ള പ്രായോഗിക മാർഗ്ഗങ്ങൾ കണ്ടെത്തുക എന്നതായിരിക്കും സർക്കാരിന്റെ യഥാർഥ വിജയം നിർണയിക്കുക. ഡാറ്റാ-ഡ്രൈവൺ, യോഗ്യതാ-കേന്ദ്രിത ഭരണ മാതൃകയാണ് വി.ഡി വാഗ്ദാനം ചെയ്യുന്നത്. രാജ്യത്തിനുതന്നെ മാതൃകയാകുന്ന ഒരു 'പുതിയ കേരളം' സൃഷ്ടിക്കാൻ ഈ അവസരം പ്രയോജനപ്പെടുത്തണം. ഭരണം എന്നത് ഒരു അവസരമാണ് ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്താനുള്ള അവസരം. ആ അവസരം ഉപയോഗപ്പെടുത്താൻ ടീം യു.ഡി.എഫ് സർക്കാറിന് സാധിക്കട്ടെ
(എ.ഐ.സി.സിയുടെ ഓവർസീസ് കോൺഗ്രസ്സ് വിഭാഗത്തിൽ മിഡിൽ ഈസ്റ്റ് കൺവീനറാണ് ലേഖകൻ)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.