സുരേഷ് ഗോപിയെ എന്ത് ചെയ്തുവെന്ന് പറഞ്ഞിട്ടാണ് അറസ്റ്റ് ചെയ്യുക -ശോഭ സുരേന്ദ്രൻ

കോഴിക്കോട്: സുരേഷ് ഗോപിയെ എന്ത് ചെയ്തുവെന്ന് പറഞ്ഞിട്ടാണ് പൊലീസ് അറസ്റ്റ് ചെയ്യുക എന്ന് ബി.ജെ.പി നേതാവ് ശോഭ സുരേന്ദ്രൻ. അറസ്റ്റ് ചെയ്യാനുള്ള കാരണം എന്താണ്. പരാതിയുടെ അടിസ്ഥാനത്തിൽ സുരേഷ് ഗോപിയെ ചോദ്യം ചെയ്യാൻ പൊലീസിന് അവകാശമുണ്ട്. നിയമം അനുസരിച്ചേ പൊലീസിന് മുന്നോട്ടു പോകാൻ സാധിക്കൂവെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു.

മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് പൊലീസിന് സമ്മർദമുണ്ടെന്ന തരത്തിൽ വാർത്തയുണ്ടെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തോടും ശോഭ പ്രതികരിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍റെ വീട്ടിലെ പല പരിപാടികളും പൊലീസ് ചെയ്ത് കൊടുക്കുന്നുണ്ടെന്നും ശോഭ പറഞ്ഞു.

ശബരിമല വിഷയത്തിലും സമ്മർദത്തിന്‍റെ ഫലമായി ഒരു പൊലീസ് ഉദ്യോഗസ്ഥൻ യൂണിഫോം മറന്ന് ചില കാര്യങ്ങൾ ചെയ്തിരുന്നു. പിന്നീട് ആ പൊലീസ് ഉദ്യോഗസ്ഥൻ പൊട്ടികരയുന്നത് കേരളം കണ്ടതാണ്. തെറ്റ് ചെയ്ത ശേഷം പശ്ചാത്തപിക്കേണ്ട സാഹചര്യം പൊലീസിന് ഉണ്ടാക്കരുതെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു.

അതേസമയം, മാധ്യമ പ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ കേസിൽ സിനിമ താരവും ബി.ജെ.പി നേതാവുമായ സുരേഷ് ഗോപി പൊലീസിന് മുന്നിൽ ഹാജരായി. കോഴിക്കോട് നടക്കാവ് പൊലീസ് സ്റ്റേഷനിലാണ് ഹാജരായത്. സംഭവത്തിൽ ഐ.പി.സി 354എ വകുപ്പ് ചുമത്തി സുരേഷ് ഗോപിക്കെതിരെ കേസെടുത്തിരുന്നു.

ഇന്ന് തന്നെ സുരേഷ് ഗോപിയുടെ അറസ്റ്റ് രേഖപ്പെടുത്തിയേക്കും. സ്റ്റേഷൻ ജാമ്യം ലഭിക്കാവുന്ന വകുപ്പുകൾ ആയതിനാൽ ജാമ്യവും നൽകിയേക്കും. 18ന് മുമ്പ് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് സുരേഷ് ഗോപിക്ക് പൊലീസ് നോട്ടീസ് അയച്ചിരുന്നു.

കഴിഞ്ഞ മാസം 27നാണ് കേസി‌നാസ്പദമായ സംഭവം നടന്നത്. കോഴിക്കോട് കെ.പി.എം ട്രൈസെൻഡ ഹോട്ടലിന് മുന്നിൽ വാർത്തക്കായി ബൈറ്റ് എടുക്കുമ്പോഴായിരുന്നു സുരേഷ് ഗോപി മീഡിയവൺ സ്പെഷ്യൽ കറസ്പോണ്ടന്‍റിനെ അപമാനിക്കുന്ന രീതിയിൽ പെരുമാറിയത്. ചോദ്യം ചോദിച്ച മാധ്യമ പ്രവർത്തകയുടെ തോളിൽ സുരേഷ് ഗോപി കൈവെക്കുകയായിരുന്നു. തുടർന്ന് ഇവർ ഒഴിഞ്ഞുമാറിയെങ്കിലും വീണ്ടും ചോദ്യമുന്നയിച്ചപ്പോൾ വീണ്ടും തോളിൽ കൈവച്ചു. ഇതോടെ മാധ്യമ പ്രവർത്തകക്ക് കൈപിടിച്ചു മാറ്റേണ്ടതായി വന്നു.

തുടർന്ന് സ്ത്രീത്വത്തെ അപമാനിക്കുകയും മോശം ഉദ്ദേശത്തോടെ പെരുമാറുകയും ചെയ്ത സുരേഷ് ഗോപിക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് മാധ്യമപ്രവർത്തക സിറ്റി പൊലീസ് കമീഷണർക്ക് പരാതി നൽകിയത്. നടക്കാവ് സ്റ്റേഷൻ പരിധിയിൽ നടന്ന സംഭവമായതിനാൽ പരാതി നടക്കാവ് പൊലീസിന് കൈമാറുകയായിരുന്നു.

Tags:    
News Summary - Arrest Suresh Gopi after telling what he did - Shobha Surendran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.