അറസ്റ്റ്, റിമാൻഡ്: മെഡിക്കോ ലീഗൽ പെരുമാറ്റച്ചട്ടത്തിൽ വീണ്ടും ഭേദഗതി

തിരുവനന്തപുരം: അറസ്റ്റിലായവര്‍, റിമാൻഡ് തടവുകാര്‍ എന്നിവരെ വൈദ്യപരിശോധനക്ക് വിധേയമാക്കുമ്പോള്‍ പാലിക്കേണ്ട നടപടിക്രമങ്ങൾ സംബന്ധിച്ച മെഡിക്കോ ലീഗല്‍ പെരുമാറ്റച്ചട്ടങ്ങളിൽ സുപ്രധാന കൂട്ടിച്ചേർക്കലുകളുമായി ആഭ്യന്തരവകുപ്പ്. ഇനിമുതൽ പ്രതികളെ വൈദ്യപരിശോധനക്ക് വിധേയമാക്കുമ്പോൾ ഡോക്ടറിൽനിന്നും പ്രതിയിൽനിന്നും പൊലീസ് നിശ്ചിത അകലം പാലിക്കണമെന്നും ഡോക്ടറും അറസ്റ്റിലായ വ്യക്തിയും തമ്മിലുള്ള ആശയവിനിമയത്തിന് മതിയായ സ്വകാര്യത ഉറപ്പാക്കണമെന്നും പുതിയ ഉത്തരവിൽ പറയുന്നു. പ്രതിക്ക് രക്ഷപ്പെടാൻ അവസരം നൽകാത്തവിധമായിരിക്കണം അകലം. കസ്റ്റഡിയിലിരിക്കെ പൊലീസിന്‍റെ ഭാഗത്തുനിന്ന് പീഡനങ്ങളോ ശാരീരിക അക്രമങ്ങളോ ഉണ്ടായെങ്കില്‍ വിവരം അറസ്റ്റിലായ വ്യക്തിയോട് ചോദിച്ച് മെഡിക്കല്‍ ഓഫിസര്‍ രേഖപ്പെടുത്തണമെന്നാണ് ചട്ടം. എന്നാൽ പൊലീസ് അടുത്തുള്ളപ്പോൾ പലരും ഡോക്ടറോട് തുറന്നുപറയാറില്ല. ഈ സാഹചര്യത്തിലാണ് ആരോഗ്യപരിശോധന വേളയിൽ പൊലീസുകാർ അകലം പാലിക്കാൻ നിർദേശിച്ചത്.

കൂടാതെ അറസ്റ്റിലായ വ്യക്തിക്ക് സ്പെഷലിസ്റ്റ് ഡോക്ടറുടെ സേവനം വേണ്ടിവന്നാൽ തേടണം. വിദഗ്ധ ഡോക്ടറുടെ 'പ്രത്യേക പരിശോധന സർട്ടിഫിക്കറ്റ്' പ്രാഥമിക പരിശോധന റിപ്പോർട്ടിന്‍റെ തുടർച്ചയായി രേഖപ്പെടുത്തണം.

മർദനമേറ്റ് വരുന്ന പ്രതികൾക്ക് ആന്തരിക പരിക്കുണ്ടെന്ന് കണ്ടെത്തിയാൽ തുടർപരിശോധനക്ക് നിർദേശമുണ്ടായിരുന്നെങ്കിലും പരിശോധനഫലം പ്രത്യേക സർട്ടിഫിക്കറ്റിൽ മജിസ്ട്രേറ്റിന് കൈമാറുന്നത് സംബന്ധിച്ച് മുൻ പെരുമാറ്റച്ചട്ടത്തിൽ പരാമർശമുണ്ടായിരുന്നില്ല. ഇതിനെതിരെ മലപ്പുറം താനൂർ സ്വദേശിയും സർക്കാർ ഡോക്ടറുമായ കെ. പ്രതിഭ ഹൈകോടതിയ സമീപിക്കുകയും അനുകൂല വിധി സമ്പാദിക്കുകയും ചെയ്തതോടെയാണ് പ്രതിഭ നൽകിയ മാർഗനിർദേശങ്ങൾ കൂടി ഉൾപ്പെടുത്തി പുതിയ ഭേദഗതി സർക്കാർ നടപ്പാക്കിയത്. നേരേത്ത നെടുങ്കണ്ടം രാജ്കുമാർ കസ്റ്റഡി മരണത്തെ തുടർന്ന് സർക്കാർ നിയോഗിച്ച ജുഡീഷ്യൽ കമീഷന്‍റെയും ദേശീയ മനുഷ്യാവകാശ കമീഷന്‍റെ ശിപാർശയുടെയും അടിസ്ഥാനത്തിലാണ് മെഡിക്കോ ലീഗൽ പെരുമാറ്റച്ചട്ടം സർക്കാർ ഭേദഗതി ചെയ്തത്. 

Tags:    
News Summary - Arrest and remand: Another amendment to the Medical-Legal Code of Conduct

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.