അർജുൻ ആയങ്കിയെയും കൂട്ടാളിയെയും കോടതിയിൽ ഹാജറാക്കാനെത്തിച്ചപ്പോൾ
ചിറ്റൂർ (പാലക്കാട്): സ്വർണവ്യാപാരിയെ ആക്രമിച്ച് 75 പവൻ കവർന്ന കേസിൽ അർജുൻ ആയങ്കിയും കൂട്ടാളിയും റിമാൻഡിൽ. മീനാക്ഷിപുരം പൊലീസാണ് കണ്ണൂർ അഴീക്കൽ ആയങ്കി വീട്ടിൽ അർജുൻ ആയങ്കി (26), പരപ്പനങ്ങാടി സ്വദേശി മുഹമ്മദ് അനീസ്(30) എന്നിവരെ കഴിഞ്ഞ ദിവസം പുണെയിൽനിന്ന് കസ്റ്റഡിയിലെടുത്തത്.
കേസിൽ സി.പി.എം, ഡി.വൈ.എഫ്.ഐ പ്രവർത്തകരായ 11 പേർ നേരേത്ത പിടിയിലായിരുന്നു. വ്യാപാരിയെ കൊള്ളയടിച്ചതിൽ മുഖ്യആസൂത്രകനെന്ന് കരുതപ്പെടുന്ന അർജുൻ ആയങ്കി മാസങ്ങൾക്കുശേഷമാണ് പിടിയിലാവുന്നത്. കഴിഞ്ഞ മാർച്ച് 26 നാണ് പാലക്കാട് മീനാക്ഷിപുരം സൂര്യപാറയിൽ അർജുൻ ആയങ്കിയും സംഘവും തൃശൂർ പുതുക്കാട് സ്വദേശിയായ റാഫേലിനെ (57) കൊള്ളയടിച്ചത്.
തമിഴ്നാട് മധുക്കരയിലെ ജ്വല്ലറിയിലേക്ക് സ്വർണം കൊണ്ടുപോയി മടങ്ങവെയായിരുന്നു കവർച്ച. റാഫേൽ മടങ്ങുകയായിരുന്ന ബസിന് കുറുകെ കാർ നിർത്തിയശേഷം അർജുനും സംഘവും തട്ടിക്കൊണ്ടുപോവുകയായിരുന്നു. തമിഴ്നാട് ഭാഗത്തെ ആളൊഴിഞ്ഞ പ്രദേശത്ത് കൊണ്ടുപോയി മർദിച്ചശേഷം സംഘം 75 പവനും പണവും മൊബൈൽ ഫോണുമടക്കം കൈക്കലാക്കി. മോഷണമുതൽ പങ്കുവെച്ചശേഷം ഇവർ കടന്നുകളയുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.