‘എല്ലാം ചെയ്തത് ഞാൻ തന്നെയാണ്...’ -മാധ്യമങ്ങളോട് അർജുൻ ആയങ്കി; മൂന്ന് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു

തലശ്ശേരി: ഞായറാഴ്ച കണ്ണൂരില്‍ പിടിയിലായ കുപ്രസിദ്ധ ക്രിമിനല്‍ അര്‍ജുന്‍ ആയങ്കിയെ (28) കോടതി പൊലീസ് കസ്റ്റഡിയില്‍ വിട്ടു. കണ്ണൂർ സൈബർ പൊലീസ് ഇൻസ്പെക്ടർ എ. അനൂപ് നൽകിയ അപേക്ഷ പരിഗണിച്ചാണ് തലശ്ശേരി സി.ജെ.എം. കോടതി മൂന്നുദിവസത്തെ കസ്റ്റഡി അനുവദിച്ചത്.

അതിനിടെ, ഇന്ന് കോടതിയിൽ ഹാജരാക്കവേ ‘എല്ലാം ചെയ്തത് ഞാൻ തന്നെയാണ്, ഇതേ പറയാനുള്ളൂ...’ എന്ന് ആയങ്കി മാധ്യമങ്ങളോട് പറഞ്ഞു. ആഭ്യന്തരമന്ത്രിയേയും പോലീസിനെയും വെല്ലുവിളിച്ച് സമൂഹ്യ മാധ്യമങ്ങളിൽ പോസ്റ്റിട്ട കേസിലാണ് അർജുൻ ആയങ്കി പിടിയിലായത്. ഈ കേസിൽ തെളിവെടുപ്പിനും ചോദ്യം ചെയ്യലിനുമായാണ് ടൗൺ സൈബർ പൊലീസ് കസ്റ്റഡിയിൽ വാങ്ങിയത്.

ഇതിനിടയിൽ കോതമംഗലം എസ്.എച്ച്.ഒയെ ഭീഷണിപ്പെടുത്തിയ കേസിൽ ജയിലിൽ എത്തി പോലീസ് അറസ്റ്റ് രേഖപ്പെടുത്തി. അർജുനെതിരെ കാപ്പ ചുമത്താനുള്ള നടപടികളും ഊർജിതമാക്കി. അർജുനെ കണ്ണൂരിലെ അഭിഭാഷകയുടെ വീട്ടിലെത്തിച്ച സുഹൃത്ത് രാഹുലിന്റെ അറസ്റ്റ് പയ്യന്നൂർ പൊലീസ് രേഖപ്പെടുത്തി. വെള്ളിയാഴ്ച 11.30 വരെയാണ് കസ്റ്റഡി.

ഞായറാഴ്ച പുലർച്ചെ 2.15ന് കസ്റ്റഡിയിലായ അർജുൻ തലശ്ശേരി സബ് ജയിലിൽ 14 ദിവസത്തെ റിമാൻഡിലായിരുന്നു. ഒളിവിലായിരുന്ന സമയത്ത് അർജുൻ തന്നെയാണ് സമൂഹമാധ്യമങ്ങൾ കൈകാര്യം ചെയ്തിരുന്നതെന്നാണ് പൊലീസ് കരുതുന്നത്.

ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലക്കെതിരെ ഭീഷണിമുഴക്കിയ കേസാണ് ആയങ്കിക്കെതിരെ ചുമത്തിയത്. പോസ്റ്റുകൾ പങ്കുവെച്ചത് താനല്ലെന്നാണ് ചോദ്യം ചെയ്യലിൽ അർജുൻ നൽകിയ മൊഴി. ഇതിലും വ്യക്തത വരുത്തേണ്ടതുണ്ട്. ഒപ്പം കേസിലെ നിർണായ തെളിവായ സമൂഹമാധ്യമങ്ങള്‍ വഴി മുഴക്കിയ ഭീഷണിക്ക് ഉപയോഗിച്ച ഫോണ്‍ കണ്ടെത്തേണ്ടതുണ്ട്. ഞായറാഴ്ച ഇയാളുടെ ഒരു ഫോണ്‍ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. മറ്റൊരു പ്രധാന ഫോൺ ആയങ്കി ഉപയോഗിച്ചതായും വിവരം ലഭിച്ചിട്ടുണ്ട്. ഇതുള്‍പ്പെടെ കാര്യങ്ങള്‍ക്കായാണ് കസ്റ്റഡിയില്‍ വാങ്ങുന്നത്.

കാപ്പ ചുമത്താനുള്ള നീക്കവും ശക്തമാക്കിയിട്ടുണ്ട്. ഇതുസംബന്ധിച്ച് വളപട്ടണം ഇൻസ്പെക്ടർ ജിതിൻ അടുത്ത ദിവസംതന്നെ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ഈ ആഴ്ചതന്നെ ജില്ല കലക്ടര്‍ കാപ്പ ചുമത്താനുള്ള നടപടി സ്വീകരിക്കുമെന്നാണ് സൂചന. തിങ്കളാഴ്ച ആയങ്കിയുടെ അഴീക്കോടെ വീട്ടിൽ അന്വേഷണ സംഘം പരിശോധന നടത്തി ലാപ്ടോപ് ഉൾപ്പെടെ പിടിച്ചെടുത്തു. ഇയാളുടെ മാതാവിന്റെ മൊഴിയും രേഖപ്പെടുത്തി.

കഴിഞ്ഞ ബുധനാഴ്ച തന്നെ അര്‍ജുന്‍ ആയങ്കി തളിപ്പറമ്പിലെത്തിയതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇവിടെ ഒരു ലോഡ്ജില്‍ ഒളിച്ചു താമസിക്കുകയായിരുന്നുവെന്നാണ് സൂചന. ലോഡ്ജ് കണ്ടെത്താന്‍ പൊലീസ് പരിശോധന തുടങ്ങി. അര്‍ജുന്‍ ആയങ്കിയെ ഇവിടെയെത്തിക്കാന്‍ പ്രധാന പങ്കുവഹിച്ചത് പ്രണവ്, കുട്ടന്‍ എന്നിവരാണെന്നും വ്യക്തമായിട്ടുണ്ട്. അവരെ കണ്ടെത്താനും അന്വേഷണസംഘം നീക്കം തുടങ്ങി.

Tags:    
News Summary - Arjun Ayanki 3-day police custody

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.