അരിക്കൊമ്പൻ തമിഴ്നാടിന് തലവേദന; ചുരത്തിൽ ബസിനുനേരെ പാഞ്ഞടുത്തു

ഇടുക്കി ചിന്നക്കനാലിൽനിന്ന് പെരിയാർ വന്യജീവി സങ്കേതത്തിലേക്കു മാറ്റിയ അരിക്കൊമ്പൻ തമിഴ്‌നാട്ടിന് തലവേദനയാവുകയാണ്. ആനയെ കേരള വനമേഖലയിലേക്കു തിരിച്ചയയ്ക്കാനുള്ള തമിഴ്നാടിന്റെ ശ്രമം എങ്ങുമെത്തിയില്ല. അതിനിടെ, മേഘമലയിലേക്കു പോകുന്ന ചുരത്തിൽ അരിക്കൊമ്പൻ ബസിനെ ആക്രമിക്കാനായി പാഞ്ഞടുത്തതായി പറയുന്നു.

ദിവസങ്ങളായി മേഘമലയ്ക്കു സമീപത്തെ മണലാർ, ഇറവങ്കലാർ തുടങ്ങിയ മേഖലകളിൽ കറങ്ങി നടക്കുകയാണ് അരിക്കൊമ്പൻ. തിരികെ പെരിയാർ വന്യജീവി സങ്കേതത്തിലേക്കു കയറിപ്പോകുമെന്നാണ് പ്രതീക്ഷച്ചതെങ്കിലും നടന്നില്ല. മേഘമലയിൽ ചിന്നക്കനാലിലേതിനു സമാനമായ കാലാവസ്ഥയും ഭൂപ്രകൃതിയുമായതാണ് അരിക്കൊമ്പനെ ആകർഷിക്കുന്നതെന്നാണു വിലയിരുത്തൽ.

തമിഴ്നാട് വനപാലകരുടെ 30 പേരടങ്ങുന്ന സംഘം അരിക്കൊമ്പനെ നിരീക്ഷിക്കുകയാണിപ്പോൾ. നിലവിൽ മേഘമല കടുവാ സങ്കേതത്തിനുള്ളിലെ ഘോര വനത്തിനുള്ളിലാണ് അരിക്കൊമ്പനുള്ളത്. ഇന്നലെ രാത്രി മേഘമലയിലേക്കുള്ള ചുരത്തിലൂടെ ഇറങ്ങി നടന്ന കൊമ്പൻ, അതുവഴി വന്ന ബസിനു നേരെ പാഞ്ഞടുക്കുകയായിരുന്നു.

നിലവിൽ അരിക്കൊമ്പനുള്ള മേഘമല കടുവാ സങ്കേതത്തിനുള്ളിൽനിന്ന് വീണ്ടും ഇറങ്ങി വരാതിരിക്കാനുള്ള ശ്രമങ്ങളാണ് വനപാലകരുടെ ഭാഗത്തുനിന്നുള്ളത്. വീണ്ടും ഇറങ്ങിവന്നാൽ മേഘമലയ്ക്കു താഴെയുള്ള ചിന്നമന്നൂരിലേക്കു പോകാൻ സാധ്യതയുണ്ട്. വൻ ജനവാസ മേഖലയും കൃഷിഭൂമിയുള്ള ഇവിടേക്ക് അരിക്കൊമ്പൻ ഇറങ്ങാതിരിക്കാൻ ജാഗ്രതപാലിക്കുകയാണ് വനം വകുപ്പ് അധികൃതർ. 

Tags:    
News Summary - Arikomban is a headache for Tamil Nadu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.