ശമ്പളം തിരിച്ചുകൊടുക്കേണ്ടി വരുമോയെന്ന് ആശങ്ക: കെ.ടി.യു മുൻ വി.സി എം.എസ്‌ രാജശ്രീ സുപ്രീംകോടതിയിൽ

ന്യൂഡൽഹി: നിയമനം റദ്ദാക്കിയ സുപ്രീംകോടതി ഉത്തരവിനെതിരെ എ.പി.ജെ അബ്‌ദുൽകലാം സാങ്കേതിക സർവകലാശാല (കെ.ടി.യു) വൈസ്‌ചാൻസലർ ഡോ. എം എസ്‌ രാജശ്രീ പുനഃപരിശോധനാ ഹരജി നൽകി. നിയമനം അബ്‌ ഇനീഷ്യോ (തുടക്കംമുതൽ തന്നെ) റദ്ദാക്കുന്നുവെന്നാണ്‌ ഉത്തരവിലുള്ളത്. ഇതുവരെ വാങ്ങിയ ശമ്പളം തിരിച്ചുകൊടുക്കേണ്ടി വരുമോയെന്ന ആശങ്കയുണ്ട്‌. അതിനാല്‍ നിയമനം റദ്ദാക്കിയ ഉത്തരവിന്‌ മുൻകാലപ്രാബല്യമില്ലെന്ന്‌ കോടതി ഉത്തരവിടണമെന്നും രാജശ്രീ ആവശ്യപ്പെട്ടു.

മൂന്നിൽ കുറയാതെ പേരുകൾ സെർച്ച്‌ കമ്മിറ്റി നൽകണമെന്നും രാജശ്രീയുടെ നിയമനത്തിൽ അതുണ്ടായില്ലെന്നും സെർച്ച്‌ കമ്മിറ്റി അംഗങ്ങളെ നിശ്ചയിച്ചതു തന്നെ യുജിസി മാനദണ്ഡത്തിനു വിരുദ്ധമായാണെന്നും ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസുമാരായ എം ആർ ഷാ, സി ടി രവികുമാർ എന്നിവർ അംഗങ്ങളായ ബെഞ്ച് നിയമനം റദ്ദാക്കിയത്‌.

എന്നാൽ, സർവകലാശാലാ നിയമം അനുസരിച്ച്‌ സംസ്ഥാന സർക്കാറാണ് സെർച്ച്‌ കമ്മിറ്റി രൂപീകരിച്ചതെന്നും അവർ നൽകിയ ശുപാർശ ചാൻസലറായ ഗവർണർ അംഗീകരിച്ചതിനെ തുടർന്നാണ്‌ തന്നെ വിസിയായി നിയമിച്ചതെന്നും രാജശ്രീ ഹരജിയിൽ പറഞ്ഞു. സെർച്ച്‌ കമ്മിറ്റി രൂപീകരിച്ചതിലോ കമ്മിറ്റി ഒരാളെമാത്രം വിസിയായി ശുപാർശ ചെയ്‌തതോ തന്റെ പിഴവല്ല. സർവകലാശാലയുടെ താൽപര്യം ഉയർത്തിപ്പിടിച്ചാണ്‌ വി.സിയെന്ന നിലയിൽ പ്രവർത്തിച്ചത്‌. നാലുവർഷം സേവന കാലാവധി പൂർത്തിയാക്കാൻ നാലു മാസം മാത്രമുള്ളപ്പോഴാണ്‌ നിയമനം റദ്ദാക്കപ്പെട്ടത്. കോടതി ഉത്തരവിലൂടെ സഹപ്രവർത്തകരുടെയും വിദ്യാർഥികളുടെയും മുന്നിൽ അവഹേളിക്കപ്പെട്ടെന്നും ഹരജിയില്‍ രാജശ്രീ ചൂണ്ടിക്കാട്ടി.

നിയമനം റദ്ദാക്കിയ ബെഞ്ച്‌ ചേമ്പറിലാകും പുനഃപരിശോധനാ ഹരജി പരിഗണിക്കുക. നിയമനം റദ്ദാക്കിയതിനെതിരെ സംസ്ഥാനസർക്കാരും ഉടൻ പുനഃപരിശോധനാ ഹരജി സമർപ്പിച്ചേക്കും. വിസി നിയമനവുമായി ബന്ധപ്പെട്ട കൂടുതൽ നിയമപ്രശ്‌നങ്ങൾ ഈ ഹരജിയിലാകും ഉന്നയിക്കുന്നത്‌. മുൻ അറ്റോർണി ജനറല്‍ കെ കെ വേണുഗോപാൽ ഉൾപ്പെടെയുള്ളവർ സർക്കാരിന്‌ നിയമോപദേശം നൽകിയിട്ടുണ്ട്‌.

Tags:    
News Summary - Appointment void ab initio: Dr Rajashree MS moves SC with review petition

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.