വിയോജിപ്പുകൾ വ്യക്തിയെ ഒറ്റപ്പെടുത്താനുള്ള ആയുധമാക്കി മാറ്റരുത്; രമ്യാ ഹരിദാസിനെ പിന്തുണച്ച് ചാണ്ടി ഉമ്മൻ എം.എൽ.എ
കോട്ടയം: രമ്യാ ഹരിദാസ് എം.എൽ.എയെ പിന്തുണച്ച് ചാണ്ടി ഉമ്മൻ എം.എൽ.എ രംഗത്ത്. വിയോജിപ്പുകൾ ജനാധിപത്യത്തിൽ സാധാരണമാണെന്നും എന്നാൽ അവ വ്യക്തിയെ ഒറ്റപ്പെടുത്താനുള്ള ആയുധമാക്കി മാറ്റരുതെന്നും ചാണ്ടി ഉമ്മൻ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
വിമർശനങ്ങളെ പ്രമേയത്തിലൂടെ നേരിടുന്നതിന് പകരം സംവാദത്തിലൂടെ പരിഹാരം കണ്ടെത്താൻ ശ്രമിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വ്യത്യസ്ത അഭിപ്രായങ്ങളെ ഉൾക്കൊള്ളാനും പരസ്പര ബഹുമാനത്തോടെ കാര്യങ്ങൾ ചർച്ച ചെയ്യാനുമുള്ള വിശാലമനസ്സാണ് ഒരു ജനാധിപത്യ പ്രസ്ഥാനത്തിന്റെ യഥാർഥ കരുത്തെന്നും ചാണ്ടി ഉമ്മൻ എം.എൽ.എ വ്യക്തമാക്കി.
വിവാദമായ ചിറയിൻകീഴിലെ കൈയാങ്കളി സംഭവത്തിൽ രമ്യ ഹരിദാസ് എം.എൽ.എയ്ക്കെതിരെ കടുത്ത വിമർശനങ്ങൾ ഉയർന്നിരുന്നു. തുടർന്ന് അഭിപ്രായഭിന്നത രൂക്ഷമാണെന്ന് സൂചിപ്പിച്ച് എം.എൽ.എ പേഴ്സണൽ സ്റ്റാഫിൽ കൂട്ടരാജിയുണ്ടായിരുന്നു. ഈ പശ്ചാത്തലത്തിലാണ് ചാണ്ടി ഉമ്മൻ എം.എൽ.എ പിന്തുണയുമായി രംഗത്തെത്തിയത്.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:
ജനാധിപത്യത്തിൽ വിയോജിപ്പുകൾ സ്വാഭാവികമാണ്. എന്നാൽ വിയോജിപ്പുകളെ വ്യക്തികളെ ഒറ്റപ്പെടുത്താനുള്ള ആയുധമാക്കി മാറ്റുന്നത് ജനാധിപത്യപരമായ സംവാദങ്ങളുടെ അന്തസ്സിന് നിരക്കുന്നതല്ല. രമ്യ ഹരിദാസിന്റെ നിലപാടുകളോട് ആർക്കും വിയോജിക്കാം; അവരുടെ പ്രവർത്തനങ്ങളെ വിമർശനാത്മകമായി വിലയിരുത്തുകയും ചെയ്യാം. എന്നാൽ അതെല്ലാം വ്യക്തിഹത്യയിലേക്കോ ഒറ്റപ്പെടുത്താനുള്ള ശ്രമങ്ങളിലേക്കോ വഴിമാറരുത്.
വ്യത്യസ്ത അഭിപ്രായങ്ങളെ ഉൾക്കൊള്ളാനും പരസ്പര ബഹുമാനത്തോടെ സംവദിക്കാനുമുള്ള വിശാലമനസ്സാണ് ഒരു ജനാധിപത്യ പ്രസ്ഥാനത്തിന്റെ യഥാർഥ കരുത്ത്. വിമർശനങ്ങളെയും വിയോജിപ്പുകളെയും പ്രമേയങ്ങളിലൂടെ നേരിടുന്നതിനുപകരം, സംവാദങ്ങളിലൂടെയും ജനാധിപത്യപരമായ ഇടപെടലുകളിലൂടെയും പരിഹാരം കണ്ടെത്തുകയാണ് വേണ്ടത്. വിയോജിപ്പുകളെ അടിച്ചമർത്തുകയല്ല, കേൾക്കുകയും സംവദിക്കുകയും ചെയ്യുക എന്നതാണ് ജനാധിപത്യത്തിന്റെ മഹത്വം എന്നും വിശ്വസിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.