തിങ്കളാഴ്ചയും അവധി ദിവസം; ബാങ്കുകളും കെ.എസ്.ഇ.ബി കാഷ് കൗണ്ടറുകളും പ്രവർത്തിക്കില്ല, സപ്ലൈകോ വിൽപനശാലകൾ തുറക്കും
തിരുവനന്തപുരം: നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ദുർഗാഷ്ടമി ദിനമായ ഒക്ടോബർ 19 ന് (തിങ്കളാഴ്ച) സംസ്ഥാനത്ത് പൊതുഅവധി. അന്നേ ദിവസം കെ.എസ്.ഇ.ബിയുടെ എല്ലാ കാര്യാലയങ്ങൾക്കും അവധിയായിരിക്കുമെന്ന് ബോർഡ് വാർത്താ കുറിപ്പിൽ അറിയിച്ചു.
വൈദ്യുതി തടസ്സം ഒഴിവാക്കുന്നതിന് ആവശ്യമായ ക്രമീകരണങ്ങൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഉറപ്പുവരുത്തണം. തിങ്കളാഴ്ച കാഷ് കൗണ്ടർ പ്രവർത്തിക്കില്ലെന്നും ഉപഭോക്താക്കൾക്ക് വിവിധ ഓൺലൈൻ മാർഗങ്ങളിലൂടെ പണമടക്കാമെന്നും അധികൃതർ വ്യക്തമാക്കി.
അതേസമയം, സപ്ലൈകോ വിൽപനശാലകൾക്ക് 19 ന് തുറന്നു പ്രവർത്തിക്കും. 20 ന് പെട്രോൾ പമ്പ് ഒഴികെ എല്ലാ സപ്ലൈകോ വിൽപനശാലകൾക്കും അവധിയായിരിക്കും. 21ന് മാവേലി സ്റ്റോർ ഒഴികെയുള്ള സപ്ലൈകോ വിൽപനശാലകൾ പതിവുപോലെ തുറന്ന് പ്രവർത്തിക്കുമെന്ന് അധികൃതർ അറിയിച്ചു.
എല്ലാ സർക്കാർ അർധ സർക്കാർ, പൊതുമേഖല സ്ഥാപനങ്ങൾക്കും നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് ആക്ട് പ്രകാരം പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കും, പ്രഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും തിങ്കളാഴ്ചത്തെ അവധി പ്രഖ്യാപിച്ച് ഔദ്യോഗിക സർക്കാർ ഉത്തരവ് പുറത്തിറങ്ങിയത്. ഇതോടെ സംസ്ഥാനത്ത് തുടർച്ചയായി നാല് ദിവസമാണ് അവധി ലഭിക്കുന്നത്.
ഒക്ടോബർ 20 ചൊവ്വാഴ്ച മഹാനവമി അവധിയും 21 ബുധനാഴ്ച വിജയദശമി അവധിയുമാണ്. 19 തിങ്കളാഴ്ച അവധി കൂടിയായതോടെ തുടർച്ചയായി നാലുദിവസമാണ് വിദ്യാലയങ്ങൾക്കടക്കം അവധി ലഭിക്കുക.
സംസ്ഥാന സർക്കാർ നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് പ്രകാരം പൊതുഅവധി പ്രഖ്യാപിച്ചതിനാൽ 19 ന് ബാങ്കുകളും അടഞ്ഞ് കിടക്കും. അതായത് സംസ്ഥാനത്ത് ഒക്ടോബർ 18 മുതൽ തുടർച്ചയായ നാല് ദിവസങ്ങളിൽ ബാങ്ക് പ്രവർത്തിക്കില്ല.
ഒക്ടോബർ 21 വരെയുള്ള തീയതികളിലാണ് സംസ്ഥാനത്തെ ബാങ്കുകൾക്ക് അവധി ലഭിക്കുന്നത്. ചുരുക്കത്തിൽ ശനിയാഴ്ചത്തെ പ്രവൃത്തി ദിനത്തിന് ശേഷം അടക്കുന്ന ബാങ്കുകൾ ഈ നാല് ദിവസത്തെ അവധി കഴിഞ്ഞ് വ്യാഴാഴ്ച മാത്രമായിരിക്കും വീണ്ടും തുറന്ന് പ്രവർത്തിക്കുക.
ഒക്ടോബർ 19ന് കേരളത്തിന് പുറമെ മറ്റ് 12 സംസ്ഥാനങ്ങളിൽ ബാങ്കുകൾക്ക് അവധിയുണ്ട്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആർ. ബി. ഐ) അവധിക്കാല കലണ്ടർ പ്രകാരം മുൻ നിശ്ചയിച്ചതാണ് ഈ അവധികൾ.
അതേസമയം, മഹാനവമി, വിജയദശമി ആഘോഷങ്ങളുമായി ബാങ്ക് ശാഖകൾ അടഞ്ഞുകിടക്കുമെങ്കിലും ഓണ്ലൈന് ഇടപാടുകള് നടത്താന് സാധിക്കും. നെറ്റ് ബാങ്കിങ്, മൊബൈൽ ബാങ്കിങ്, യു.പി.ഐ, എ.ടി.എം സേവനങ്ങൾ ലഭ്യമായിരിക്കും. എങ്കിലും, ചെക്ക് ക്ലിയറിങ്ങിനും ബാങ്ക് ശാഖ സന്ദർശനങ്ങൾക്കും ആവശ്യമായ കാര്യങ്ങൾ മുൻകൂട്ടി പ്ലാൻ ചെയ്യുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.