മന്ത്രി സജി ചെറിയാനെതിരെ അനുപമയും അജിത്തും പൊലീസിൽ പരാതി നൽകി

തിരുവനന്തപുരം: മന്ത്രി സജി ചെറിയാൻ അധിക്ഷേപിച്ചെന്ന് ചൂണ്ടിക്കാട്ടി അനുപമയും അജിത്തും പൊലീസിൽ പരാതി നൽകി. വ്യക്തിഹത്യ നടത്തിയെന്നു കാണിച്ച് പേരൂർക്കട പൊലീസിലാണ് ഇരുവരും പരാതി നൽകിയത്. കല്യാണം കഴിച്ച് രണ്ടും മൂന്നും കുട്ടികളെ ഉണ്ടാക്കി പിന്നീട് സുഹൃത്തിന്‍റെ ഭാര്യയെ പ്രേമിക്കുക. അതു പോരാഞ്ഞിട്ട് വളരെ ചെറുപ്പമായ കുട്ടിയെ പ്രേമിക്കുക, ഇതു ചോദ്യം ചെയ്ത അച്ഛൻ ജയിലിൽ പോകുക എന്നിങ്ങനെയായിരുന്നു മന്ത്രി സജി ചെറിയാന്‍റെ വിവാദ പരാമർശങ്ങൾ. പത്രവാര്‍ത്തയടക്കം പരാതിക്കൊപ്പം അനുപമ കൈമാറിയിട്ടുണ്ട്. പരാതി ലഭിച്ച സാഹചര്യത്തില്‍ പ്രസംഗത്തിന്‍റെ പൂര്‍ണ്ണ രൂപം പൊലീസ് പരിശോധിക്കും. നിയമോപദേശം കൂടി തേടിയ ശേഷമായിരിക്കും തുടര്‍നടപടി.

മന്ത്രി അങ്ങനെ പറഞ്ഞത് ശരിയായ നടപടിയല്ല. ഇത്രയും നാൾ ഞങ്ങള്‍ വ്യാജ പ്രചാരണം കേട്ടു. പാർട്ടി പിന്തുണയ്ക്കുന്നു എന്നു പറയുമ്പോൾ തന്നെ മന്ത്രി ഇങ്ങനെ പറയുന്നത് ശരിയല്ല. വിഷമമുണ്ട് - അനുപമ മാധ്യമങ്ങളോടു പറഞ്ഞു.

സ്ത്രീ ശാക്തീകരണത്തിനായി സംസ്‌കാരിക വകുപ്പ് നടപ്പാക്കുന്ന സമം പദ്ധതിയുടെ ഭാഗമായി ആരംഭിച്ച വനിതാ നാടകകളരി കാര്യവട്ടം ക്യാംപസിൽ ഉദ്ഘാടനം ചെയ്യുന്നതിനിടെയായിരുന്നു മന്ത്രി സജി ചെറിയാന്‍റെ വിവാദ പരാമർശം.

'കല്യാണം കഴിച്ചു രണ്ടും മൂന്നും കുട്ടികൾ ഉണ്ടാവുക, എന്നിട്ടു സുഹൃത്തിന്‍റെ ഭാര്യയെ പ്രേമിക്കുക, അതും പോരാഞ്ഞിട്ട് വളരെ ചെറുപ്പമായ ഒരു കുട്ടിയെ വീണ്ടും പ്രേമിക്കുക, ആ കുട്ടിക്കും ഒരു കുട്ടിയുണ്ടാക്കിക്കൊടുക്കുക, ചോദ്യം ചെയ്ത അച്ഛൻ ജയിലിലേക്കു പോവുക. ആ കുട്ടിക്ക് അതിന്‍റെ കുട്ടിയെ ലഭിക്കണമെന്നതിലൊന്നും ഞങ്ങൾ എതിരല്ല. പക്ഷേ, ആ അച്ഛന്‍റെയും അമ്മയുടെയും മനോനില മനസ്സിലാക്കണം. എനിക്കും മൂന്നു പെൺകുട്ടികളായതു കൊണ്ടാണു പറയുന്നത്. പഠിപ്പിച്ചു വളർത്തി സ്ഥാനത്തെത്തിച്ചപ്പോൾ ആ കുട്ടി എങ്ങനെയാണ് വഴി തിരിഞ്ഞു പോയത്. ഊഷ്മളമായ അവളുടെ ജീവിതത്തെക്കുറിച്ച് എന്തെല്ലാം സ്വപ്‌നങ്ങളാവും മാതാപിതാക്കൾ കണ്ടിട്ടുണ്ടാവുക. പക്ഷേ, എങ്ങോട്ടാണു പോയത്. ഇരട്ടി പ്രായമുള്ള, വിവാഹിതനും രണ്ടു മൂന്നു കുട്ടികളുടെ പിതാവുമായ ഒരാളോടൊപ്പം. ഇതൊക്കെയാണ് നാട്ടിൽ നടക്കുന്നത്.' -സജി ചെറിയാൻ പറഞ്ഞു. 

Tags:    
News Summary - anupama and ajith filed complaint against minister saji cheriyan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.