ആന്റണി രാജുവിനെ എം.എൽ.എ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കി

തിരുവനന്തപുരം: മയക്കുമരുന്നുമായി അറസ്റ്റിലായ വിദേശ പൗരനെ രക്ഷിക്കാന്‍ തൊണ്ടിമുതലിൽ കൃത്രിമത്വം കാണിച്ച കേസിൽ കോടതി ശിക്ഷിച്ച സാഹചര്യത്തിൽ ആന്റണി രാജുവിനെതിരെ നടപടി. ആന്റണി രാജുവിനെ എം.എൽ.എ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കി നിയമസഭ സെക്രട്ടേറിയറ്റ് വിജ്ഞാപനം പുറത്തിറക്കി.

കേസില്‍ മൂന്ന് വര്‍ഷം തടവിനാണ് ആന്റണി രാജുവിനെ നെടുമങ്ങാട് മജിസ്‌ട്രേറ്റ് കോടതി ശിക്ഷിച്ചിരിക്കുന്നത്. ഇതോടെ മുന്‍ മന്ത്രി കൂടിയായ ആന്റണി രാജുവിന് എം.എൽ.എ സ്ഥാനവും നഷ്ടപ്പെട്ടു. അപ്പീലിലൂടെ അനുകൂല വിധി നേടിയെടുക്കാൻ കഴിഞ്ഞില്ലെങ്കിൽ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉള്‍പ്പെടെ ആറ് വര്‍ഷത്തേക്ക് ആന്റണി രാജുവിന് മത്സരിക്കാനാകില്ല.

കേസിലെ ഒന്നാം പ്രതിയായ റിട്ട. കോടതി ജീവനക്കാരന്‍ കെ.എസ് ജോസിനും മൂന്ന് വര്‍ഷം തടവ് ശിക്ഷ വിധിച്ചിട്ടുണ്ട്. ലഹരി മരുന്ന് കേസില്‍ പിടിയിലായ ആസ്ട്രേലിയന്‍ പൗരനെ രക്ഷപ്പെടുത്താൻ തൊണ്ടിമുതലായ അടിവസ്ത്രത്തിൽ കൃത്രിമം കാട്ടിയെന്നാണ് ആന്റണി രാജുവിനെതിരായ കുറ്റം. 1990ല്‍ തിരുവനന്തപുരം വിമാനത്താവളത്തിലാണ് വിദേശ പൗരന്‍ ആന്‍ഡ്രൂ സാല്‍വദോര്‍ അടിവസ്ത്രത്തില്‍ ലഹരിമരുന്നുമായി പിടിയിലായത്. അടിവസ്ത്രം തൊണ്ടി മുറി ക്ലാര്‍ക്കായിരുന്ന ഒന്നാം പ്രതി ജോസിന്റെ സഹായത്തോടെ കൈക്കലാക്കുകയും ചെറുതാക്കിയ ശേഷം തിരികെ വെച്ചുവെന്നുമാണ് ആന്റണി രാജുവിനെതിരായ കേസ്. ഈ കേസിലാണ് ആന്‍റണി രാജു ശിക്ഷിക്കപ്പെട്ടത്.

ആന്റണി രാജുവിന്റെ അഭിഭാഷക ജോലിയിൽ നിന്ന് പുറത്താക്കാൻ നേരത്തേ ബാർ കൗൺസിൽ തീരുമാനിച്ചിരുന്നു.  കോടതി തടവുശിക്ഷ വിധിച്ചെങ്കിലും ഒരുമാസം ജാമ്യം അനുവദിച്ചതിനാൽ ഉടൻ അപ്പീൽ പോകാനുള്ള ഒരുക്കത്തിലാണ്​​ ആന്‍റണി രാജു​. നിയമപരമായ കാര്യങ്ങൾ പെട്ടെന്ന്​ ആരംഭിച്ചില്ലെങ്കിൽ ഒരുമാസത്തിനപ്പുറം ജയിലിൽ പോകേണ്ട അവസ്ഥയുണ്ടാകും. ഇക്കാര്യത്തിൽ, നടപടികൾ പൂർത്തിയാകുന്ന മുറക്കാകും രാഷ്ട്രീയമായ തുടർനീക്കം ആലോചിക്കുക.


തൊണ്ടിമുതൽ ​അട്ടിമറിയുടെ നാൾവഴി

1990 ഏ​പ്രി​ൽ നാ​ല്: അ​ടി​വ​സ്ത്ര​ത്തി​ൽ ഒ​ളി​പ്പി​ച്ച 61.5 ഗ്രാം ​ഹാ​ഷി​ഷു​മാ​യി ഓ​സ്ട്രേ​ലി​യ​ൻ പൗ​ര​ൻ ആ​ൻ​ഡ്രൂ സാ​ൽ​വേ​ദോ​ർ തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ൽ അ​റ​സ്റ്റി​ൽ.

1990: സാ​ൽ​വേ​ദോ​റി​ന് 10 വ​ർ​ഷം ത​ട​വും ഒ​രു ല​ക്ഷം രൂ​പ പി​ഴ​യും വി​ധി​ച്ച് തി​രു​വ​ന​ന്ത​പു​രം സെ​ഷ​ൻ​സ് ജ​ഡ്ജി കെ.​വി. ശ​ങ്ക​ര​നാ​രാ​യ​ണ​ൻ ഉ​ത്ത​ര​വി​റ​ക്കി. പ്ര​ശ​സ്ത അ​ഭി​ഭാ​ഷ​ക​യാ​യ സെ​ലി​ൻ വി​ൽ​ഫ്ര​ഡാ​ണ് പ്ര​തി​ക്കു വേ​ണ്ടി ഹാ​ജ​രാ​യ​ത്. നി​യ​മ ബി​രു​ദം നേ​ടി​യ ആ​ന്റ​ണി രാ​ജു അ​ക്കാ​ല​ത്ത് സെ​ലി​ന്‍റെ ജൂ​നി​യ​ർ അ​ഭി​ഭാ​ഷ​ക​നാ​യി​രു​ന്നു

1994: അ​പ്പീ​ൽ ഹൈ​ക്കോ​ട​തി​യി​ൽ. അ​ടി​വ​സ്ത്രം ആ​ൻ​ഡ്രു​വി​ന്റേ​ത​ല്ലെ​ന്ന വാ​ദം അം​ഗീ​ക​രി​ച്ച് വെ​റു​തേ​വി​ട്ടു. തൊ​ട്ടു​പി​ന്നാ​ലെ ആ​ൻ​ഡ്രൂ സാ​ൽ​വേ​ദോ​ർ രാ​ജ്യം വി​ട്ടു.

1994: തൊ​ണ്ടി​മു​ത​ലി​ൽ കൃ​ത്രി​മം കാ​ട്ടി​യെ​ന്ന പ​രാ​തി​യി​ൽ വ​ഞ്ചി​യൂ​ർ പൊ​ലീ​സ് കേ​സെ​ടു​ത്തു.

2002: തെ​ളി​വി​ല്ലെ​ന്നു കാ​ട്ടി കേ​സ് റ​ദ്ദാ​ക്ക​ണ​മെ​ന്ന പൊ​ലീ​സ് റി​പ്പോ​ർ​ട്ട് കോ​ട​തി​യി​ൽ.

2005: കേ​സ് പു​ന​ര​ന്വേ​ഷി​ക്കാ​ൻ ഐ.​ജി​യാ​യി​രു​ന്ന ടി.​പി. സെ​ൻ​കു​മാ​ർ ഉ​ത്ത​ര​വി​ട്ടു.

2006 ഫെ​ബ്രു​വ​രി 13: ആ​ന്റ​ണി രാ​ജു ഒ​ന്നും കോ​ട​തി​യി​ലെ തൊ​ണ്ടി സെ​ക്ഷ​ൻ ക്ല​ർ​ക്ക് എ​സ്. ജോ​സ് ര​ണ്ടും പ്ര​തി​യാ​ക്കി തി​രു​വ​ന​ന്ത​പു​രം സെ​ഷ​ൻ​സ് കോ​ട​തി​യി​ൽ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു.

2014: നെ​ടു​മ​ങ്ങാ​ട് ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേ​ട്ട് കോ​ട​തി​യി​ലേ​ക്ക് കേ​സ് മാ​റ്റി

2023: കേ​സ് പു​ന​ര​ന്വേ​ഷി​ക്ക​ണ​മെ​ന്ന് ഹൈ​കോ​ട​തി ഉ​ത്ത​ര​വി​ട്ടു

2024 ന​വം​ബ​ർ 20: ആ​ന്റ​ണി രാ​ജു പു​ന​ര​ന്വേ​ഷ​ണം നേ​രി​ട​ണ​മെ​ന്ന് സു​പ്രീം​കോ​ട​തി അ​റി​യി​ച്ചു

2026 ജ​നു​വ​രി മൂ​ന്ന്: ആ​ന്റ​ണി രാ​ജു​വും ജോ​സും കു​റ്റ​ക്കാ​രെ​ന്ന് നെ​ടു​മ​ങ്ങാ​ട് ജു​ഡീ​ഷ​ല്‍ ഫ​സ്റ്റ്ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി ക​ണ്ടെ​ത്തി മൂ​ന്ന് വ​ർ​ഷം ത​ട​വി​ന് ശി​ക്ഷി​ച്ചു.

Tags:    
News Summary - Antony Raju was disqualified from the post of MLA

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.