സുശീല്‍ ഖന്ന റിപ്പോര്‍ട്ട് നടപ്പിലാക്കുവാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് ആന്റണി രാജു

തിരുവനന്തപുരം: സുശീല്‍ ഖന്ന റിപ്പോര്‍ട്ട് നടപ്പിലാക്കുവാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും തൊഴിലാളി സംഘടനകള്‍ അതിനോട് സഹകരിക്കണമെന്നും മന്ത്രി ആന്റണി രാജു. കെ.എസ്.ആര്‍ടി.സിയിലെ പ്രതിസന്ധി സംബന്ധിച്ച് എം. വിന്‍സെന്റ് എം.എ.ല്‍എ അവതരിപ്പിച്ച അടിയന്തര പ്രമേയത്തിന് നിയമസഭയില്‍ മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

ശരാശരി 3750 ബസ് സർവീസ് ആണ് നിലവില്‍ കെ.എസ്.ആർ.ടി.സി നടത്തുന്നത്. കേന്ദ്ര മോട്ടോര്‍ വര്‍ക്കേഴ്സ് ആക്ടിലും കേരള മോട്ടോര്‍ വര്‍ക്കേഴ്സ് റൂളിലും പ്രഫ.സുശീല്‍ ഖന്ന റിപ്പോര്‍‌ട്ടിലും പ്രതിപാദിക്കുന്ന സിങ്കിള്‍ ഡ്യൂട്ടി സംവിധാനം നടപ്പിലാക്കിയാല്‍ ഇപ്പോള്‍ ഓടാതെ കിടക്കുന്ന 1300 ബസുകള്‍ നിരത്തിലിറക്കാനാവുമെന്നും മന്ത്രി പറഞ്ഞു.

നിലവിലുള്ള ജീവനക്കാരെ കൊണ്ടു തന്നെ ബസ് ഓടിച്ചു അധിക വരുമാനം ഉണ്ടാക്കാന്‍ കഴിയും. ശമ്പള പരിഷ്കരണ കരാറില്‍ അംഗീകൃത തൊഴിലാളി സംഘടനകള്‍ സിംഗിള്‍ ഡ്യൂട്ടി സംവിധാനം നടപ്പിലാക്കാമെന്ന് അംഗീകരിച്ചിരുന്നു. ബസ് സര്‍വീസ് വര്‍ധിപ്പിച്ച് വരുമാനം വര്‍ധിപ്പിക്കുവാനും ചെലവ് കുറയ്ക്കുവാനും അതുവഴി യാത്രാക്ലേശവും സ്ഥാപനത്തിന്റെ സാമ്പത്തിക പ്രതിസന്ധിയും പരിഹരിക്കാനുള്ള ശ്രമമാണ് നടത്തുന്നത്.

ട്രേഡ് യൂനിയനുകള്‍ ക്രിയാത്മകമായ സമീപനം സ്വീകരിക്കുമെന്ന പ്രതീക്ഷയാണ് ഉള്ളതെന്നും ഇക്കാര്യത്തില്‍ ട്രേഡ് യൂനിയനുകളുടെ നിര്‍ദ്ദേശങ്ങള്‍ പരിഗണിക്കും. പൊതുഗതാഗത സംവിധാനം ഏറെ നാളുകളായി രാജ്യമാകെ പ്രതിസന്ധി നേരിടുകയാണ്. അനിയന്ത്രിതമായ ഇന്ധന വില വര്‍ധനയും ഇന്ധന വിലയില്‍ ബള്‍ക്ക് പര്‍ച്ചേഴ്സ് എന്ന നിലയില്‍ നേരത്തെ നല്‍കിയിരുന്ന ആനുകൂല്യം നിഷേധിച്ചതും കെ.എസ്.ആർ.ടി.സിയുടെ പ്രതിസന്ധിയുടെ ആക്കം കൂട്ടിയിട്ടുണ്ട്. പ്രതിമാസം 70 കോടി രൂപയാണ് ശമ്പള ചെലവിനു വേണ്ടത്.

പ്രതിദിന വരുമാനം ശരാശരി ആറ് കോടി രൂപയാക്കാനാണ് ശ്രമിക്കുന്നത്. കോവിഡിന് മുന്‍പ് പ്രതിദിനം ശരാശരി 38 ലക്ഷം യാത്രക്കാരുണ്ടായിരുന്നു. എന്നാലിപ്പോള്‍ 18-20 ലക്ഷമാണ് പരമാവധി യാത്രക്കാര്‍. കോവിഡിനു മുന്‍പ് പ്രതിമാസ വരുമാനം 195 കോടി രൂപ വരെ ഉണ്ടായിരുന്നെങ്കില്‍ 2021 മെയ് മാസം കേവലം 8.6 കോടിയാണ്. ഈ വര്‍ഷം മെയ് മാസത്തില്‍ 192.67 കോടി രൂപയായി വര്‍ധിപ്പിക്കുവാന്‍ കഴിഞ്ഞെങ്കിലും ചെലവ് 289.32 കോടി രൂപയാണ്.

വരവും ചെലവും തമ്മിലുള്ള അന്തരം 96.65 കോടി രൂപ. സര്‍ക്കാര്‍ സഹായവും ഓവര്‍ ഡ്രാഫ്റ്റും കൊണ്ടാണ് കെ.എ സ്.ആർ.ടി.സി മുന്നോട്ട് പോകുന്നത്. 2021-22-ല്‍ 2037.57 കോടി രൂപ സര്‍ക്കാര്‍ സഹായം നല്‍കി. കഴിഞ്ഞ യു.ഡി.എഫ്. സര്‍ക്കാര്‍ നല്‍കിയ ആകെ തുകയേക്കാള്‍ കൂടുതലാണിത്. സാമ്പത്തിക പ്രതിസന്ധിയുടെ കാലഘട്ടത്തിലും വര്‍ഷങ്ങളായി മുടങ്ങിക്കിടന്ന ശമ്പള പരിഷ്കര​ണം ഈ വര്‍ഷം ജനുവരി മുതല്‍ നടപ്പിലാക്കി. ഇതിനായി 13.5 കോടി രുപ പ്രതിമാസം അധികമായി കണ്ടെത്തേണ്ടി വരുന്നു.

രണ്ട് മാസമായി മുടങ്ങിക്കിടന്ന കെ.എസ്.ആർ.ടി.സി പെന്‍ഷന്‍ വിതരണം ഉടനെ പൂര്‍ത്തിയാക്കും.ജൂണ്‍ മാസം വരെയുള്ള പെന്‍ഷന്‍ നല്‍കിയിട്ടുണ്ട്. ജൂലൈ, ഓഗസ്റ്റ് മാസത്തിലെ പെന്‍ഷന്‍ ബാങ്കുകളുമായി എം.ഒ.യു. ഒപ്പിടുന്നതിനുള്ള കാലതാമസം മൂലമാണ് വൈകിയത്. സഹകരണ കണ്‍സോര്‍ഷ്യത്തില്‍ നിന്നും എട്ട് ശതമാനം പലിശയ്ക്ക് പണം ലഭിക്കുവാന്‍ ധാരണയായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

Tags:    
News Summary - Antony Raju said that the government is committed to implement the Sushil Khanna report

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.