യൂനിയനുകൾ​ക്കെതിരെ ആൻറണി രാജു; അനാവശ്യ സമരങ്ങൾ ശമ്പളം മുടക്കി

തിരുവനന്തപുരം: കെ.എസ്​.ആർ.ടി.സിയിൽ ട്രേഡ്​ യൂനിയനുകൾ ശക്തമായിരുന്നിട്ടും അവർക്ക്​ ബുദ്ധിമുട്ടുണ്ടാക്കുന്ന നിരവധി തീരുമാനങ്ങൾ നടപ്പാക്കാനായെന്ന്​ മന്ത്രി ആൻറണി രാജു. യൂനിയനുകളുടെ ആവശ്യങ്ങൾ അംഗീകരിച്ചാൽ സ്ഥാപനമുണ്ടാകില്ല. ചുമരുണ്ടെങ്കിലേ ചിത്രം വരയ്ക്കാനാകൂ. തൊഴിലാളികളെ സംതൃപ്തരാക്കാനാണ്​ യൂനിയനുകൾ സമരം ചെയ്യുന്നത്​. ട്രേഡ്​ യൂനിയനുകളുടെ അമിതാവശ്യങ്ങളും അനാവശ്യ സമരങ്ങളും ശമ്പളം മുടങ്ങുന്ന സ്ഥിതിയുണ്ടാക്കിയെന്നും പ്രസ്​ ക്ലബിന്‍റെ മീറ്റ്​ ദി ​പ്രസിൽ അദ്ദേഹം പറഞ്ഞു.

സ്ഥലം മാറ്റങ്ങളിൽ നിന്ന്​ 340 യൂനിയൻ നേതാക്കൾക്ക്​ സംരക്ഷണം നൽകുന്ന വ്യവസ്ഥ 50 പേർക്ക്​ മാത്രമാക്കി ചുരുക്കി. പ്രഫഷനലുകളെ ഉൾപ്പെടുത്തി ബോർഡ്​ പുനഃസംഘടിപ്പിച്ചതും യൂനിയൻ എതിർപ്പ്​ മറികടന്നാണ്​. യൂനിയനുകളുടെ അവകാശവാദങ്ങൾ കേൾക്കുമെങ്കിലും സർക്കാർ സ്വന്തം തീരുമാനവുമായാണ്​ മുന്നോട്ടുപോയത്​. തൊഴിലാളികളുടെ അവകാശങ്ങൾ കവരുന്ന ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.

കെ.എസ്​.ആർ.ടി.സി ലാഭം ലക്ഷ്യമാക്കി പ്രവർത്തിപ്പിക്കേണ്ട സ്ഥാപനമല്ല. ജീവനക്കാർക്ക്​ ഒരു രൂപ പോലും കുടിശ്ശികയില്ലെന്നു​പറഞ്ഞത്​ ശമ്പളത്തിന്‍റെ കാര്യത്തിലാണ്​. സ്വകാര്യബസുകൾക്കും നിരവധി ആനുകൂല്യം നൽകാനായി. മുമ്പൊന്നുമില്ലാത്ത വിധമുള്ള ബസ്​ചാർജ്​ വർധനയാണ്​ ഇക്കാലയളവിലുണ്ടായത്​. ബസുകളുടെ കാലാവധി 15ൽനിന്ന്​ 22 വർഷമാക്കി.

വിസ്മയക്കേസിൽ​ മോട്ടോർ വാഹനവകുപ്പ്​ ഉദ്യോഗസ്ഥനായ ഭർത്താവ്​ കിരണിനെ സർവിസിൽനിന്ന്​ പുറത്താൻ കഴിഞ്ഞതാണ്​ രണ്ടര വർഷക്കാലത്തിനിടെ ചെയ്ത മാതൃകപരമായ നടപടിയായി മനസ്സിലുള്ളതെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Antony Raju Against Unions; Unnecessary strikes create problems

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.