തിരുവനന്തപുരം: സിൽവർ ലൈൻ കൊണ്ടുവരാനുള്ള നീക്കത്തിനെതിരെ സമരം ശക്തമാക്കി കെ റെയിൽ വിരുദ്ധ ജനകീയ സമിതി. ഒരു വർഷത്തെ ഇടവേളക്കു ശേഷം സിൽവർ ലൈൻ വരിക തന്നെ ചെയ്യുമെന്ന മുഖ്യമന്ത്രിയുടെ നവകേരള യാത്രയിലെ ആവർത്തിച്ചുള്ള പ്രസ്താവനകൾ പൊതു സമൂഹം ആശങ്കയോടെയാണ് വീക്ഷിക്കുന്നത്.
സിൽവർ ലൈൻ വിരുദ്ധ സമരം കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി രണ്ട് കേരള സംരക്ഷണ ജനകീയ സദസുകൾ 12ന് കോട്ടയം കലക്ടറേറ്റ് പടിക്കലും, 13 ന് പത്തനംതിട്ട ഇരവിപേരൂരും നടത്തും. ഇപ്പോൾ സംസ്ഥാനമൊട്ടാകെ നടക്കുന്ന സമര പരിപാടികളുടെ സമാപനം ഡിസംബർ 25ന് ക്രിസ്തുമസ് നാളിൽ സംസ്ഥാന സെക്രട്ടേറിയറ്റിനു മുന്നിൽ സമര നേതാക്കൾ കൂട്ട ഉപവാസം നടത്തുമെന്നും സമിതി സംസ്ഥാന ജനറൽ കൺവീനർ എസ്. രാജീവൻ അറിയിച്ചു.
തെരുവിൽ സ്ത്രീകളെയും കുട്ടികളേയും പ്രായമായവരേയും വലിച്ചിഴച്ചും ക്രൂരമായ മർദനമുറകൾ അഴിച്ചു വിട്ടുമുള്ള പൊലീസിന്റെയും ഭരണപക്ഷ ഗുണ്ടകളുടേയും മർദന മുറകൾക്കും പീഢന മുറകൾക്കും തളർത്താൻ കഴിയാതെ വന്നതിനെത്തുടർന്ന് നിർത്തി വച്ചിരുന്നതാണ് സിൽവർ ലൈൻ പ്രവർത്തനങ്ങൾ. കേരളം കണ്ടിട്ടില്ലാത്തയത്രയും വലിയ കുടിയിറക്കും, പാരിസ്ഥിതിക സർവനാശവും ഈ പദ്ധതി മൂലം ഉണ്ടാകുമെന്ന ഈ ക്യൂ.ആർ.എം.എ.സി ന്റെയും ശാസ്ത്ര സാഹിത്യ പരിഷത്തിന്റെയും പഠന റിപ്പോർട്ടുകൾ കണ്ടില്ലെന്ന് നടിക്കുകയാണ് സർക്കാർ.
സിൽവർ ലൈൻ പദ്ധതി പൂർത്തിയാകുന്ന കാലത്ത് (അന്ന് രണ്ട് ലക്ഷം കോടി രൂപ മുതൽ മുടക്കേണ്ടിവരുന്ന) കെ റെയിൽ അധികൃതർ പറയുന്ന 132 കി.മീ വേഗം (530 കിലോമീറ്റർ നാല് മണിക്കൂർ എന്ന് ഡി.പി.ആർ പറയുന്നു) വേഗമോ, അതിവേഗമോ ആയിരിക്കുകയില്ല - പ്രത്യേകിച്ചും അതിവേഗം ലക്ഷ്യമിടുന്ന രണ്ട് ജോടി വന്ദേ ഭാരത് ട്രെയിനുകൾ ഓടിത്തുടങ്ങിയ സാഹചര്യത്തിൽ പാരിസ്ഥിക, സാമ്പത്തിക, സാമൂഹ്യ പ്രത്യാഘാതങ്ങളും ജനങ്ങളുടെ ചെറുത്തു നില്പു സമരങ്ങളും കണക്കിലെടുക്കാതെ ഈ സർക്കാർ വീണ്ടും സിൽവർ ലൈൻ പദ്ധതിയുമായി രംഗത്ത് വരുന്നത് തീക്കൊള്ളി കൊണ്ടുള്ള പുറം ചൊറിയലാണ്.
കോഴിക്കോട് കാട്ടില പീടികയിൽ നിരന്തരമായി നടന്നു വരുന്ന സമരം മൂന്നു വർഷവും അഴിയൂരിലെ സമരം 1030 ദിവസവും കോട്ടയം മാടപ്പള്ളിയിലെ സമരം അറുന്നൂറ് ദിവസവും പിന്നിടുന്നു. "സിൽവർ ലൈൻ വേണ്ട നവ കേരളത്തിന്"എന്ന മുദ്രാവാക്യം ഉയർത്തിയുള്ള ഒപ്പ് ശേഖരണ പ്രവർത്തനവും പ്രതിഷേധ കൂട്ടായ്മകളും കേരളമൊട്ടാകെയുള്ള മുന്നൂറിലധികം വരുന്ന സിൽവർലൈൻ വിരുദ്ധ സമര കേന്ദ്രങ്ങളിൽ ആരംഭിച്ചു. യാതൊരു അനുമതിയുമില്ലാത്ത ഡി.പി.ആർ അലൈൻ മെൻറ് പ്രകാരമുള്ള സ്വകാര്യ പുരയിടങ്ങളിലെ മഞ്ഞ കുറ്റി സംസ്ഥാപനം സമാധാന പരമായി ചെറുത്തതിന്റെ പേരിൽ നൂറു കണക്കായി കേസുകൾ ചാർജ് ചെയ്തും ഭൂമി മരവിപ്പിച്ചും ജനങ്ങളുടെ മനസമാധനം നശിപ്പിച്ചിരിക്കുകയാണ് ഈ സർക്കാരെന്നും പ്രസ്താവനയിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.