ലഹരി വിരുദ്ധ ബോധവത്കരണം: കെ.എസ്.യു കാമ്പസ് ജാഗരൻ യാത്രക്ക് ചൊവ്വാഴ്ച്ച തുടക്കം

തിരുവനന്തപുരം: കേരളത്തെ കാർന്നു തിന്നുന്ന ലഹരി മാഫിയകൾക്കെതിരെ ജനമനസുകളും സർക്കാർ സംവിധാനങ്ങളും ഉണർന്ന് പ്രവർത്തിക്കണമെന്നാവശ്യപ്പെട്ട് "ലഹരി മാഫിയക്കെതിരെ വിദ്യാർഥി മുന്നേറ്റം" എന്ന മുദ്രാവാക്യം ഉയർത്തി കെ.എസ്.യു സംസ്ഥാന പ്രസിഡൻറ് അലോഷ്യസ് സേവ്യർ നയിക്കുന്ന ലഹരി വിരുദ്ധ ബോധ വത്കരണ ജാഥ " ക്യാമ്പസ് ജാഗരൻ യാത്രക്ക് 11 ചൊവ്വാഴ്ച്ച കാസർഗോഡ് നിന്ന് തുടക്കമാകും. ദേശീയ പ്രസിഡൻറ് വരുൺ ചൗധരി യാത്ര ഉദ്ഘാടനം ചെയ്യും. മാർച്ച് 19ന് യാത്ര തിരുവനന്തപുരത്ത് സമാപിക്കും.

എല്ലാ ജില്ലയിലെയും തെരഞ്ഞെടുക്കപ്പെട്ട ഒരു ക്യാമ്പസിലാകും യാത്ര എത്തിച്ചേരുക.ഇതിനോടനുബന്ധിച്ച് യൂണിറ്റ് - നിയോജക മണ്ഡലം തലങ്ങളിൽ ലഹരിക്കെതിരെ ജാഗ്രതാ സദസുകളും, വിവിധ ബോധവത്കരണ പരിപാടികളും സംഘടിപ്പിക്കും. സംസ്ഥാന തലത്തിൽ കെ.എസ്.യു ലഹരി വിരുദ്ധ സേനക്കും രൂപം നൽകും. ഒരു ജില്ലയിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട അഞ്ചു വീതം പ്രതിനിധികളാകും ഈ സേനയിൽ പങ്കാളികളാകുക.

ലഹരിക്കെതിരായ അവബോധം ഏറെ പ്രാധാന്യമർഹിക്കുന്ന കാലഘട്ടമാണിതെന്നും, വിദ്യാർഥികൾ ഉൾപ്പടെയുള്ളവരെ കാർന്ന് തിന്നുന്ന രാസ ലഹരി ഉൾപ്പടെയുള്ളവയുടെ ഉപയോഗത്തിനെതിരെ ബോധവത്കരണം ശക്തമാക്കുമെന്നും കെ.എസ്.യു സംസ്ഥാന പ്രസിഡൻറ് അലോഷ്യസ് സേവ്യർ പറഞ്ഞു.

സംസ്ഥാന വൈസ് പ്രസിഡൻറുമാരായ എം.ജെ യദുകൃഷ്ണൻ, ആൻ സെബാസ്റ്റ്യൻ, മുഹമ്മദ് ഷമ്മാസ്, അരുൺ രാജേന്ദ്രൻ എന്നിവർ ജാഥാ വൈസ് ക്യാപ്റ്റന്മാർ ആയിരിക്കും. തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന, ജില്ലാ ഭാരവാഹികൾ സ്ഥിരാംഗങ്ങളാകും. കേരളത്തിൻറെ ചുമതലയുള്ള എൻ.എസ്.യു.ഐ ദേശീയ ജന.സെക്രട്ടറി അനുലേഖ ബൂസയും ജാഥയിൽ പങ്കെടുക്കും.

Tags:    
News Summary - Anti-drug awareness: KSU Campus Jagaran Yatra begins on Tuesday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.