ടിനി ടോം,അൻസിബ ഹസൻ
കൊച്ചി: തന്നെ മതതീവ്രവാദിയാക്കി ചിത്രീകരിക്കാൻ ശ്രമിച്ചെന്ന് ആരോപിച്ച് നടൻ ടിനി ടോമിനെതിരെ നടി അൻസിബ ഹസൻ നൽകിയ പരാതിയിൽ പൊലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചു. കേസിൽ വ്യക്തത വരുത്തുന്നതിനായി കടവന്ത്ര പൊലീസ് തിങ്കളാഴ്ച അൻസിബയുടെ വിശദമായ മൊഴി രേഖപ്പെടുത്തും.
തനിക്കെതിരെ മോശം പ്രചാരണം നടത്തി മതതീവ്രവാദിയാക്കാൻ ടിനി ടോം ശ്രമിച്ചുവെന്ന് ചൂണ്ടിക്കാണിച്ചാണ് അൻസിബ പൊലീസിനെ സമീപിച്ചത്. താരസംഘടനയായ 'അമ്മ'യുടെ എക്‌സിക്യൂട്ടീവ് അംഗമാണ് നടൻ ടിനി ടോം. നടി ആദ്യം ഇൻഫോപാർക്ക് പൊലീസിലാണ് പരാതി നൽകിയതെങ്കിലും സംഭവം നടന്ന പരിധി കണക്കിലെടുത്ത് കേസ് പിന്നീട് കടവന്ത്ര പൊലീസ് സ്റ്റേഷനിലേക്ക് കൈമാറുകയായിരുന്നു. തിങ്കളാഴ്ച രേഖപ്പെടുത്തുന്ന അൻസിബയുടെ മൊഴി വിശദമായി പരിശോധിച്ച ശേഷമായിരിക്കും ടിനി ടോമിനെ ചോദ്യം ചെയ്യാൻ വിളിച്ചുവരുത്തുന്ന കാര്യത്തിൽ പൊലീസ് അന്തിമ തീരുമാനമെടുക്കുക.
വിഷയത്തിൽ 'അമ്മ' എക്‌സിക്യൂട്ടീവ് കമ്മിറ്റിക്ക് അൻസിബ നേരത്തെ പരാതി നൽകിയിരുന്നെങ്കിലും സംഘടനയുടെ ഭാഗത്തുനിന്ന് കൃത്യമായ നടപടികളൊന്നും ഉണ്ടായിരുന്നില്ല. ഇതേത്തുടർന്നാണ് നടി പൊലീസിൽ പരാതി നൽകാൻ നിർബന്ധിതയായത്. സംഭവം വിവാദമായതോടെ, പരാതി പരിശോധിക്കാൻ എക്‌സിക്യൂട്ടീവ് കമ്മിറ്റി ഇപ്പോൾ പ്രത്യേക സമിതി രൂപീകരിച്ചിട്ടുണ്ട്. വരാനിരിക്കുന്ന ജനറൽ ബോഡി യോഗത്തിൽ വിഷയം വിശദമായി ചർച്ച ചെയ്യുമെന്നും ഭാരവാഹികൾ അറിയിച്ചു.
അതേസമയം, താരസംഘടനയ്ക്കുള്ളിൽ വളർന്നുവരുന്ന ആഭ്യന്തര പ്രശ്‌നങ്ങളിൽ സാംസ്‌കാരിക വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥ് ആശങ്ക രേഖപ്പെടുത്തി. 'അമ്മ'യിലെ നിലവിലെ പ്രതിസന്ധികൾ അടിയന്തരമായി പരിഹരിക്കണമെന്നും, ഇതിനായി സിനിമയിലെ മുതിർന്ന താരങ്ങൾ ഇടപെടാൻ വൈകരുതെന്നും മന്ത്രി കൊച്ചിയിൽ പറഞ്ഞു. സിനിമാ മേഖലയിലെ ഇത്തരം ആഭ്യന്തര തർക്കങ്ങൾ പൊതുസമൂഹത്തിന് മുന്നിൽ ഇൻഡസ്ട്രിയുടെ പ്രതിച്ഛായയെ ബാധിക്കുമെന്നും അടിയന്തരമായ അനുനയ നീക്കങ്ങൾ ഉണ്ടാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വരും ദിവസങ്ങളിൽ പൊലീസിന്റെ അന്വേഷണ പുരോഗതിക്ക് അനുസരിച്ച് താരസംഘടനയ്ക്കുള്ളിൽ വലിയ ചലനങ്ങൾ ഉണ്ടായേക്കുമെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.