കോട്ടയം: കേരള കോൺഗ്രസിന്റെ മണ്ണിൽനിന്ന് ഒരു രാഷ്ട്രീയ പാർട്ടി കൂടി പിറക്കുന്നു. കർഷക താൽപര്യങ്ങൾ സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെ നാഷനൽ ഫാർമേഴ്സ് പാർട്ടി രൂപവത്കരിച്ചതായി കർഷകസംഘടനയായ കേരള ഫാർമേഴ്സ് ഫെഡറേഷൻ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. പാർട്ടി രജിസ്ട്രേഷന് തെരഞ്ഞെടുപ്പ് കമീഷനിൽ അപേക്ഷ നൽകിയിട്ടുണ്ട്. ഡ്രോൺ, സ്പ്രിങ്ക്ളർ, റോക്കറ്റ് എന്നീ ചിഹ്നങ്ങൾക്കാണ് അനുമതി തേടിയിട്ടുള്ളത്. താൽക്കാലിക ഭാരവാഹികളെയും തെരഞ്ഞെടുത്തു.
മുൻ എം.പിയും എം.എൽ.എയുമായ ജോർജ് ജെ. മാത്യുവാണ് പ്രസിഡന്റ്. മുൻ എം.എൽ.എ എം.വി. മാണി, കെ.ഡി. ലൂയിസ് (എറണാകുളം) എന്നിവർ വൈസ് പ്രസിഡന്റുമാരും മുൻ എം.എൽ.എ പി.എം. മാത്യു ജനറൽ സെക്രട്ടറിയും ജോണി ചക്കാല (കൊല്ലം), ജോമോൻ കെ. ചാക്കോ (കട്ടപ്പന) എന്നിവർ സെക്രട്ടറിമാരും ജോസഫ് മൈക്കിൾ കള്ളിവയലിൽ (പീരുമേട്) ട്രഷററുമാണ്. പാർട്ടിയുടെ അംഗത്വ കാമ്പയിൻ ഉടൻ തുടങ്ങും. അടുത്ത പഞ്ചായത്ത് തെരഞ്ഞെടുപ്പിലോ അസംബ്ലി തെരഞ്ഞെടുപ്പിലോ മത്സരരംഗത്ത് ഉണ്ടാകും. പാർട്ടി ഭാരവാഹികളെ കൂടാതെ കെ.ടി. സ്കറിയയും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു. ബി.ജെ.പി പിന്തുണയോടെ ക്രൈസ്തവ നേതാക്കളുടെ നേതൃത്വത്തിൽ രാഷ്ട്രീയപാർട്ടി രൂപവത്കരിക്കുമെന്നായിരുന്നു കഴിഞ്ഞ ദിവസം വന്ന വാർത്തകൾ. ഇതിനു മുന്നോടിയായി ചേർന്ന കർഷകപ്രതിനിധികളുടെ സംഗമം ഉദ്ഘാടനം ചെയ്യാൻ ക്ഷണിച്ചിരുന്നത് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയെ ആയിരുന്നു. എന്നാൽ ബി.ജെ.പി പിന്തുണയെന്ന സൂചന പുറത്തുവന്നതോടെ കർദിനാളും കാഞ്ഞിരപ്പള്ളി ബിഷപ് മാർ മാത്യു അറക്കലും വിട്ടുനിന്നിരുന്നു.
ആരോടും വിധേയത്വമില്ല- ജോർജ് ജെ. മാത്യു
കോട്ടയം: ഒരു മുന്നണിയോടും വിരോധമോ വിധേയത്വമോ ഇല്ലെന്ന് നാഷനൽ ഫാർമേഴ്സ് പാർട്ടി പ്രസിഡന്റ് ജോർജ് ജെ. മാത്യു. കർഷക വിഷയമാണ് മുഖ്യം. ഈ ആശയങ്ങളോട് യോജിച്ചുപോകുന്ന ആരുമായും ചേർന്നുനിൽക്കും. ഇതുവരെ ഒരു രാഷ്ട്രീയപാർട്ടിയുമായും കൈകോർക്കാൻ തീരുമാനിച്ചിട്ടില്ല. ഇനി ഉണ്ടാവില്ലെന്ന് പറയാനാവില്ലെന്നും ജോർജ് ജെ. മാത്യു മാധ്യമപ്രവർത്തകരോടു പറഞ്ഞു. കാസയുമായി ബന്ധമില്ല. ആരാണ് കാസ എന്നു പോലും അറിയില്ല.
നേരത്തെ പാർട്ടി രൂപവത്കരിച്ചപ്പോൾ ആവേശം മൂത്ത് ചിലർ ബി.ജെ.പിയിൽ പോയിരുന്നു. എന്നാൽ താനടക്കം തൊണ്ണൂറുശതമാനം പേരും ഒന്നിച്ചുനിന്നു. സഭയുടെ പിന്തുണ ഉണ്ടെന്നും ഇല്ലെന്നും പറയുന്നില്ലെന്നും ജോർജ് ജെ. മാത്യു പറഞ്ഞു
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.