എൻ.എം. സലീം
എൻ.എം. സലീം എന്ന വിസ്മയം; വിടവാങ്ങിയത് കേരളത്തിന്റെ ലാൻഡ്മാർക്കുകൾ വരച്ച ആർക്കിടെക്റ്റ്
കോഴിക്കോട്: കേവലം കോൺക്രീറ്റ് സൗധങ്ങൾ നിർമിക്കുന്നതിലപ്പുറം മനുഷ്യരുടെ മാനസികാവസ്ഥയെ സ്വാധീനിക്കുന്ന ഇടങ്ങളായി കെട്ടിടങ്ങളെ മാറ്റിയെടുത്ത ആർക്കിടെക്റ്റായിരുന്നു കഴിഞ്ഞ ദിവസം നിര്യാതനായ എൻ.എം. സലീം. കേരളത്തിലെ പ്രമുഖ നഗരങ്ങളിലെല്ലാം ആ പ്രതിഭയുടെ വിരലടയാളം പതിഞ്ഞ കെട്ടിടങ്ങളുണ്ട്.
കണ്ണൂരിലെയും കോഴിക്കോട്ടെയും സൈബർ പാർക്കുകൾ, കോഴിക്കോട് സെൻട്രൽ ലൈബ്രറി, കൊച്ചിയിലെ ലേ മെറിഡിയൻ, ലേക്ഷോർ ആശുപത്രി, രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയം, തൃശ്ശൂരിലെ ലുലു കൺവൻഷൻ സെന്റർ തുടങ്ങി കേരളത്തിനകത്തും പുറത്തുമായി തലയുയർത്തി നിൽക്കുന്ന ഒട്ടനവധി പ്രശസ്തമായ കെട്ടിടങ്ങൾ രൂപകൽപന ചെയ്തത് ഇദ്ദേഹമാണ്. കേരളത്തിന്റെ വാസ്തുശിൽപ ചരിത്രത്തെ ആധുനികതയിലേക്ക് പറിച്ചുനടുകയായിരുന്നു സലീം.
പരിസ്ഥിതി സൗഹൃദവും സുസ്ഥിരവുമായ നിർമാണ രീതികൾക്കാണ് എൻ.എം. സലീം മുൻതൂക്കം കൊടുത്തത്. ആലപ്പുഴയിലെ പട്ടണക്കാട് ജനിച്ച എൻ.എം. സലീം തിരുവനന്തപുരം സി.ഇ.ടിയിൽ നിന്നാണ് ആർക്കിടെക്ചർ ബിരുദം നേടിയത്. പഠനത്തിന് ശേഷം കോഴിക്കോട്ടെത്തി. 1972ൽ കോഴിക്കോട്ട് ‘എൻ.എം. സലീം ആൻഡ് അസോസിയേറ്റ്സ്’ എന്ന സ്ഥാപനം തുടങ്ങി. അക്കാലത്ത് ആർക്കിടെക്ചർ എന്ന മേഖല ഇന്നത്തെപ്പോലെ സജീവമായിരുന്നില്ല. പരമ്പരാഗത ശൈലികൾക്കൊപ്പം ആഗോള നിലവാരമുള്ള ആധുനിക ഡിസൈനുകൾ കൂടി ചേർത്തുവെച്ച സലീമിന്റെ ശൈലി പെട്ടെന്നുതന്നെ ശ്രദ്ധിക്കപ്പെട്ടു.
കോഴിക്കോടിനെ പ്രണയിച്ച ആലപ്പുഴക്കാരൻ
കേരളത്തിലെ വൻകിട സൂപ്പർ സ്പെഷാലിറ്റി ആശുപത്രികളുടെ ഡിസൈനുകളിൽ അദ്ദേഹം വരുത്തിയ മാറ്റങ്ങൾ ശ്രദ്ധേയമാണ്. വലിയ ജനാലകളും സ്വാഭാവിക വെളിച്ചവും വായുസഞ്ചാരവും ഉറപ്പാക്കുന്ന അദ്ദേഹത്തിന്റെ ഹോസ്പിറ്റൽ പ്രോജക്റ്റുകൾ മെഡിക്കൽ ആർക്കിടെക്ചറിൽ പുതിയ മാനദണ്ഡങ്ങൾ സൃഷ്ടിച്ചു.
ആഡംബര കെട്ടിടങ്ങൾ മാത്രമല്ല, കോഴിക്കോട് സൈബർപാർക്ക് പോലുള്ള ഐ.ടി പാർക്കുകളും പോർട്ട് ബ്ലെയർ വിമാനത്താവളവും കൊച്ചിയിലെ ഇൻഡോർ സ്റ്റേഡിയവും വഴി പൊതുവിടങ്ങളുടെ നിർമാണത്തിലും അദ്ദേഹം പങ്കാളിയായി. ബംഗളൂരുവിലെ ബെയറിസ് ഗ്ലോബൽ റിസർച്ച് ട്രയാംഗിൾ എന്ന പ്രോജക്റ്റിലൂടെ മികച്ച സുസ്ഥിര നിർമിതികൾക്കുള്ള ആഗോള അംഗീകാരങ്ങളും അദ്ദേഹത്തിന്റെ സ്ഥാപനത്തെ തേടിയെത്തി.പാലാ മാര്‍ സ്ലീവാ മെഡിസിറ്റി, തിരുവല്ല പുഷ്പഗിരി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്, ബംഗളൂരുവിലെ ‘ലേക്ക്സൈഡ് ഹാബിറ്റാറ്റ്’ തുടങ്ങിയ കെട്ടിടങ്ങളിലും ഇദ്ദേഹത്തിന്റെ കൈയൊപ്പു പതിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.